ലോകത്തിലെ ഏറ്റവും ദുഃഖകരമായ ജന്മദിനമായിരിക്കും ഈ ജനുവരി 18 ന് ഒരു വയസ്സു തികയുന്ന കഫീര്‍ ബിബാസിന്റെ ജന്മദിനമെന്ന് കഫീറിന്റെ അമ്മ ഷിരി ബിബാസിന്റെ കസിന് ജിമ്മി മില്ലര്‍ പറയുന്നു. കാരണം കഫീര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഗാസയിലെ തടവിലാണ്. കഫീറിനൊപ്പം മാതാപിതാക്കളായ ഷിറി, യാര്‍ഡന്‍, 4 വയസ്സുള്ള സഹോദരന് ഏരിയല്‍, എന്നിവരേയും കിബ്ബത്ത്സ് നിര് ഓസില്‍ നിന്ന് ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയതിന് ശേഷം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്.
എങ്കിലും കഫീറിന്റെ ജന്മദിനം ബന്ധുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ആഘോഷിച്ചു. ജനുവരി 18 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെല്‍ അവീവിലെ ഹോസ്റ്റേജ് സ്ക്വയറില്‍ ബിബാസ് കുടുംബവും പിന്തുണക്കാരും ഒത്തുകൂടി. കേക്ക് മുറിയ്ക്കുകയും കഫീറിനെക്കുറിച്ചുള്ള ഒരു ഗാനം റിലീസ് ചെയ്യുകയും ചെയ്തു. ഹമാസ് ക്രൂരമായി ബന്ദികളാക്കിയ കഫീര്‍, ഏരിയല്‍, ഷിരി, യാര്‍ഡന്‍ എന്നിവരെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ബിബാസ് കുടുംബവും സുഹൃത്തുക്കളും പ്രസ്തുത ജന്മദിന പാര്‍ട്ടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നവംബര്‍ അവസാനം ഒരാഴ്ച നീണ്ടുനിന്ന ഉടമ്പടിയില്‍ ബിബാസ് കുടുംബത്തില്‍ നിന്ന് ആരെയും മോചിപ്പിച്ചില്ല. ഷിരി, ഏരിയല്‍, കഫീര്‍ എന്നിവര്‍ മറ്റൊരു ഭീകരസംഘടനയുടെ പിടിയിലാണെന്നാണ് ഹമാസ് അന്ന് അവകാശപ്പെട്ടത്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടതായും ഹമാസ് പിന്നീട് പറഞ്ഞു. 50 ദിവസത്തോളം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം മോചിതയായ നിലി മാര്‍ഗലിറ്റ്, താന്‍ യാര്‍ഡന്‍ ബിബാസിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. ബിബാസ് കുടുംബവുമായി ബന്ധപ്പെട്ട് ഹമാസ് ഉന്നയിച്ച അവകാശവാദങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നാണ് ഐഡിഎഫ് പറഞ്ഞത്.
വിശാലമായ തങ്ങളുടെ കുടുംബം ഞെട്ടലിന്റെയും നിഷ്ക്രിയത്വത്തിന്റെയും അവസ്ഥയിലാണെന്ന് കുടുംബത്തിന്റെ ബന്ധുവായ മില്ലര്‍ പറഞ്ഞു. ‘ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ പോരാട്ടമാണ്. ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, പക്ഷേ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നില്ല. ഞങ്ങള്‍ കാത്തിരുന്നു മടുത്തു. എല്ലാവരുമായും, അഭിനേതാക്കള്‍, പ്രശസ്തരായ ആളുകള്‍, ചിന്തകര്‍ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി. എല്ലാവരും സഹാനുഭൂതിയോടെ ഞങ്ങളുടെ കഥ കേള്‍ക്കുന്നു, പക്ഷേ ആരും ഒന്നും ചെയ്യുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഞങ്ങളുടെ മറ്റുചില അടുത്ത ബന്ധുക്കളെ ഹമാസ് ഭീകരര്‍ ഒക്ടോബര്‍ ഏഴിന് കൊലപ്പെടുത്തിയിരുന്നു’. അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഞങ്ങളുടെ ബന്ധുക്കളെ ഉപേക്ഷിക്കാനാവില്ല. ബന്ദികളെ മോചിപ്പിക്കാന്‍ ഒരു കരാറിലെത്തണം. സര്‍ക്കാര്‍ ചെയ്യേണ്ടത് ഇതാണ്. അല്ലെങ്കില്‍ അവര്‍ അടിമത്തത്തില്‍ മരിക്കും. സഹാനുഭൂതി വാക്കില്‍ മാത്രം ഉണ്ടായാല്‍ പോരാ. പ്രവര്‍ത്തിയിലും വേണം. ഞങ്ങള്‍ പോരാട്ടത്തിന്റെ 103-ാം ദിവസത്തിലാണ്. ഓരോ ദിവസവും നമുക്ക് ആളുകളെ നഷ്ടപ്പെടുന്നു. ഒരു കരാറും ഇല്ലെങ്കില്‍ ബന്ദികള്‍ അതിജീവിക്കില്ല. കഫീറും ഏരിയലും ഒരിക്കലും ഹമാസിന്റെ ശത്രുക്കളല്ലല്ലോ. ആ കുഞ്ഞുങ്ങള്‍ ജനിച്ചുവീണ അവരുടെ ഭൂമിയില്‍ നിന്നും, അവരുടെ വീടുകളില്‍ നിന്നും അവരെ തട്ടിക്കൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുത്. അത് ലോകത്തിന് മുഴുവന്‍ അപകടമാണ്’. മില്ലര്‍ കൂട്ടിച്ചേര്‍ത്തു.