ശൈത്യകാലം അടുത്ത സമയം. അലാസ്കയിലെ തദ്ദേശീയഗ്രാമത്തിൽ അപ്രതീക്ഷിതമായി ഷെല്ലുകൾ പതിച്ചുതുടങ്ങി. പകച്ചുനിന്ന തദ്ദേശീയജനങ്ങൾക്കിടയിലേക്കിറങ്ങിയ നാവികർ വീടുകൾ, ഭക്ഷ്യസംഭരണികൾ, വള്ളങ്ങൾ അങ്ങനെ കണ്ണിൽക്കണ്ടതൊക്കെ അഗ്നിക്കിരയാക്കി. ആ ആക്രമണം അങ്ങനെ കടന്നുപോയി. എന്നാൽ, ശൈത്യം കനത്ത മാസങ്ങൾ എത്തിയതോടെ സ്ഥിതിഗതികൾ വളരെ മോശമായിത്തീർന്നു. അതിജീവിച്ച കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി മുതിർന്നവർ സ്വന്തം ജീവൻ ബലിയർപ്പിച്ചു.
1882 ഒക്ടോബർ 26 നായിരുന്നു തെക്കുകിഴക്കൻ അലാസ്ക പാൻഹാൻഡിലിലെ ഏകദേശം 420 ആളുകളുള്ള ട്ലിംഗിറ്റ് ഗ്രാമമായ ആൻഗൂണിൽ ഈ സംഭവം നടന്നത്. എന്നാൽ ഇപ്പോൾ, 142 വർഷങ്ങൾക്കുശേഷം ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുത്തുകൊണ്ട് യു. എസ്. നേവി മാപ്പ് പറയുകയാണ്. അക്രമത്തിന്റെ വാർഷികദിനമായ ശനിയാഴ്ച നടന്ന വൈകാരികചടങ്ങിൽ നാവികസേനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ കമാൻഡർ റിയർ അഡ്മിറൽ മാർക്ക് സുകാറ്റോ ആ ജനതയോട് മാപ്പ് പറഞ്ഞു.
“ട്ലിംഗിറ്റ് ജനതയ്ക്ക് നേരിടേണ്ടിവന്ന വേദനയും കഷ്ടപ്പാടും നാവികസേന തിരിച്ചറിയുന്നു. തെറ്റായ ഈ പ്രവർത്തനങ്ങൾ, ആളുകളുടെ ജീവനും വിഭവങ്ങളും സംസ്കാരവും നഷ്ടപ്പെടുന്നതിനും ഈ വംശങ്ങൾക്ക് തലമുറകളിൽ ആഘാതം സൃഷ്ടിക്കുന്നതിനും കാരണമായതായി ഞങ്ങൾ അംഗീകരിക്കുന്നു. നാവികസേന ഈ നടപടിയുടെ പ്രാധാന്യം വളരെ ഗൗരവമായി എടുക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു” – ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
1973 ൽ ആഭ്യന്തരവകുപ്പുമായുള്ള ഒത്തുതീർപ്പിൽ പുനർനിർമ്മിച്ച ആൻഗൂണിന് നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, ഗ്രാമത്തലവന്മാർ പതിറ്റാണ്ടുകളായി ക്ഷമാപണം ആവശ്യപ്പെടുകയായിരുന്നു. ഓരോ വാർഷിക അനുസ്മരണസമ്മേളനം ആരംഭിച്ചശേഷവും “ഇവിടെ നാവികസേനയിൽനിന്ന് മാപ്പ് പറയാൻ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ മൂന്നുപ്രാവശ്യം വിളിച്ചുചോദിക്കുന്നു.
“1882 മുതൽ മരിച്ചവരുടെ തലമുറകൾക്ക് എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് അറിയാനും ഒരുതരം ക്ഷമാപണം ആഗ്രഹിക്കുകയും ചെയ്തുവെന്ന് ഞങ്ങൾക്ക് സങ്കല്പിക്കാൻ കഴിയും. കാരണം, ഞങ്ങളുടെ മനസ്സിൽ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല” – ആൻഗൂണിലെ ഗോത്രത്തലവനായ ഡാനിയൽ ജോൺസൺ ജൂനിയർ പറഞ്ഞു.
1867 ൽ റഷ്യയിൽനിന്ന് അമേരിക്ക ഈ പ്രദേശം കൈവശം വാങ്ങിയതിനുശേഷമുള്ള വർഷങ്ങളിൽ അമേരിക്കൻ സൈന്യവും അലാസ്ക സ്വദേശികളും തമ്മിലുള്ള സംഘട്ടനങ്ങളുടെ ഒരു പരമ്പര തന്നെ നടന്നിരുന്നു. അതിന്റെ ബാക്കിപത്രമായിരുന്നു ഈ ആക്രമണം. കലാപമാകാം സാധ്യതയെന്ന് തെറ്റിധരിക്കപ്പെട്ടതിനെ തുടർന്ന് സൈന്യം ഈ ഗ്രാമത്തിൽ നടത്തിയ ആക്രമണം ആ സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ വക്കോളമെത്തിയിരുന്നു. ആക്രമണത്തിൽ ആറു കുട്ടികൾ മരിച്ചു. “തണുപ്പ്, വീടില്ലാത്ത അവസ്ഥ, വിശപ്പ് എന്നിവയാൽ ആ ശൈത്യകാലത്ത്, എണ്ണമറ്റ പ്രായമായവരും ശിശുക്കളും മരണമടഞ്ഞു. അവർ ഞങ്ങളെ കടൽത്തീരത്ത് ഭവനരഹിതരാക്കി” – ജോൺസ് വെളിപ്പെടുത്തുന്നു.
1869 ൽ അടുത്തുള്ള കേക്ക് ഗ്രാമം നശിപ്പിച്ചതിന് യു. എസ്. നാവികസേന കഴിഞ്ഞ മാസം ക്ഷമാപണം നടത്തുകയും ആ വർഷം തെക്കുകിഴക്കൻ അലാസ്കയിലെ റാൻഗെൽ ഷെല്ലാക്രമണം നടത്തിയതിന് മാപ്പ് പറയാൻ പദ്ധതിയിടുന്നതായി സൈന്യം സൂചിപ്പിക്കുകയും ചെയ്തു.