Sunday, April 20, 2025

കുടുംബങ്ങളിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാം ഈ മാർഗങ്ങളിലൂടെ

വീട്ടിലായാലും സ്കൂളിലായാലും ജോലിസ്ഥലത്തായാലും മുതിർന്നവരുടെയും കുട്ടികളുടെ കൈയിലും എപ്പോഴും കാണുന്ന ഒരു വസ്തുവാണ് മൊബൈൽ ഫോൺ. ഒരുദിവസം എത്രസമയം നാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. സോഷ്യൽ മീഡിയവഴി ഒരുപാട് നന്മകളും അതോടൊപ്പം മോശപ്പെട്ട കാര്യങ്ങളും പങ്കുവയ്ക്കപ്പെടുന്നു.

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും പ്രായഭേദമന്യേ മൊബൈൽ സ്‌ക്രീനിൽ കുടുങ്ങി അവരുടെ സമയവും അവസരങ്ങളും മികച്ച സാഹചര്യങ്ങളും എല്ലാം നഷ്ടമാക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഒത്തുചേരേണ്ട സമയം, സംഭാഷണങ്ങൾ, പരസ്പരമുള്ള ബന്ധങ്ങൾ ഇവയെല്ലാം നഷ്ടമാകാൻ സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കാരണമാകുന്നു. ചില കാര്യങ്ങൾ നിയന്ത്രിക്കാനും ചിലതിനോട് ‘നോ’ പറയാനും തയ്യാറായാൽ കുടുബത്തിൽ നഷ്ടപ്പെട്ടുപോയ ബന്ധവും സന്തോഷവും കളിചിരിയുമെല്ലാം വീണ്ടെടുക്കാൻ സാധിക്കും. അതിനായി ഏതാനും നിർദേശങ്ങൾ ഇതാ:

1. ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് സ്നേഹബന്ധം വർധിപ്പിക്കുന്ന സംസാരം ശീലമാക്കുക. തമാശകൾ പറയാനും ഉല്ലസിക്കാനുമുള്ള വേദികളാക്കി ഒന്നുചേരലുകൾ മാറ്റുക.

2. പൂക്കൾ, പച്ചക്കറികൾ, വളർത്തുമൃഗങ്ങൾ എന്നിവയെ പരിപാലിക്കാനോ, ഡ്രോയിങ്, വായന, പെയിന്റിങ് തുടങ്ങിയ നമ്മുടെ ഇഷ്ടങ്ങൾക്കായോ കൂടുതൽ സമയം ചിലവഴിക്കുക.

3. ദിവസത്തിൽ ഒരു മണിക്കൂർ, ആഴ്ചയിൽ ഒരു ദിവസം, വർഷത്തിൽ ഒരാഴ്ചയൊക്കെ സോഷ്യൽ മീഡിയ ഓഫാക്കുക. എല്ലാ ദിവസവും ഒരുനേരമെങ്കിലും കുടുബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നത് നല്ലതാണ്.

4. സ്കൂളിലും വീട്ടിലും മൊബൈൽ സ്‌ക്രീൻ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക, പ്രത്യേകിച്ച് കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചായിരിക്കുമ്പോൾ.

5. വ്യക്തിപരമായ ആവശ്യങ്ങളല്ലാത്ത സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ മക്കളോടൊന്നിച്ച് ഉപയോഗിക്കുക.

6. യാത്രകളിൽ പരസ്പരം സംസാരിക്കുക. അത്യാവശ്യത്തിനല്ലാതെ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

7. കുട്ടികൾക്ക് സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

8. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നുചേരുന്ന അവസരങ്ങൾ, എങ്ങനെ കൂടുതൽ നന്മയിൽ വളരാം എന്നുള്ളതിന്റെ പരിശീലനവേദിയാക്കി മാറ്റുക.

Latest News