കഴിഞ്ഞ മാസം മിഗുവല്‍ പന്തലിയോണ്‍ കത്തോലിക്കാ സഭയില്‍ വൈദികനായി അഭിഷിക്തനായപ്പോള്‍, അത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. 28 കാരനായ മിഗുവല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടോളം വൈദികനാകുന്നതിനായുള്ള പരിശീലനത്തിലായിരുന്നു. പടിഞ്ഞാറന്‍ മെക്സിക്കോയിലെ തന്റെ ഗ്രാമമായ റിങ്കണ്‍ ഡെല്‍ കാര്‍മെനില്‍ വച്ചു നടന്ന പ്രഥമ ബലിയര്‍പ്പണത്തിലൂടെ രൂപതാ ബിഷപ്പ് അദ്ദേഹത്തെ ഔദ്യോഗികമായി പൗരോഹിത്യത്തിലേക്ക് അഭിഷേകം ചെയ്തു.
മിഗുവലിന്റെ അമ്മ പെട്ര ഫ്‌ലോറന്‍സിയോ, ആ നിമിഷം അഭിമാനത്താല്‍ നിറഞ്ഞു. അവരുടെ 13 കുട്ടികളില്‍ 11-ാമത്തെ ആളാണ് മിഗുവല്‍. മിഗുവല്‍ വൈദികനായതോടെ അത് തന്റെ കുടുംബത്തിന് വലിയ അന്തസ്സായി മാറിയതായി അവര്‍ പറയുന്നു.
എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും അപകടകരമായ പ്രവര്‍ത്തിയാണ് പൗരോഹിത്യ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതിലൂടെ മിഗുവല്‍ ചെയ്തിരിക്കുന്നത്. കാരണം 2006 മുതല്‍ മെക്സിക്കോയില്‍ 50-ലധികം വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ ഒമ്പത് പേര്‍ നിലവിലെ ഭരണത്തിന്‍ കീഴിലാണ് കൊല്ലപ്പെട്ടത്. ചിലര്‍ കാര്‍ട്ടല്‍ ആക്രമണത്തിനെതിരെ സംസാരിച്ചതിന് കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്ക് എതിരാളികളായ ക്രിമിനല്‍ സംഘടനകള്‍ തമ്മിലുള്ള അവസാനിക്കാത്ത സംഘട്ടനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായി.
മിക്കവാറും എല്ലായ്പ്പോഴും, ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ശിക്ഷിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പോകുന്നു. അധികാരികള്‍ മിക്കപ്പോഴും ഏറ്റവും ഉദാസീനമായ അന്വേഷണങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. മെക്സിക്കോയുടെ പടിഞ്ഞാറന്‍ മേഖലയായ ടിയറ കാലിയന്റിലാണ് പല കൊലപാതകങ്ങളും നടന്നത്. സമീപ വര്‍ഷങ്ങളില്‍ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലും ഫാമിലിയ മൈക്കോക്കാന സംഘവും പ്രാദേശിക നിയന്ത്രണത്തിനായുള്ള പോരാട്ടത്തിലാണ്.
‘എന്നെ സംബന്ധിച്ചിടത്തോളം, ടിയറ കാലിയന്റെയില്‍ ഒരു പുരോഹിതനാകുന്നത് സ്‌നേഹത്തെ സൂചിപ്പിക്കുന്നു. കാരണം ഇവിടെയുള്ളവര്‍ ഒരുപാട് വേദനയോടെയും കഷ്ടപ്പാടുകളോടെയും ജീവിക്കുന്നവരാണ്. അതിനാല്‍, ദൈവത്തിന്റെ വിളിയോട് നമ്മള്‍ പ്രതികരിക്കുമ്പോള്‍, അത് ദൈവസ്‌നേഹത്തിന്റെ അടയാളമാണ്’. തിരുപ്പട്ട ശുശ്രൂഷയ്ക്കുശേഷം മിഗുവല്‍ പറഞ്ഞു.
സിയുഡാഡ് അല്‍താമിറാനോ നഗരത്തിന് പുറത്തുള്ള ടിയറ കാലിയന്റെ ഹൃദയഭാഗത്ത് മണിക്കൂറുകളോളം യാത്ര ചെയ്‌തെത്തിയാണ് മിഗുവല്‍ സെമിനാരിയില്‍ പഠിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ, സെമിനാരിയിലെ 18 ട്രെയിനി വൈദികര്‍ പ്രഭാത കുര്‍ബാനയ്ക്കായി ചാപ്പലില്‍ ഒത്തുകൂടുമ്പോള്‍, വൈദികരെന്ന നിലയില്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലിലൂടെ അവര്‍ കടന്നുപോകാറുണ്ടായിരുന്നു.
സെമിനാരിയില്‍ അവരെ പഠിപ്പിച്ച ഒരു പുരോഹിതനും കൊല്ലപ്പെട്ടിരുന്നു. പാഡ്രെ കുക്കോ എന്നറിയപ്പെടുന്ന ഫാദര്‍ ഹബാക്കുക് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട നിരവധി പുരോഹിതന്മാരുടെയും സെമിനാരിക്കാരുടെയും പ്രതിനിധിയായ ഒരു പ്രാദേശിക രക്തസാക്ഷിയാണ്. 39 കാരനായ ഈ വൈദികന്‍ രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളുമായി ഒരു യുവജന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. തോക്കുധാരികള്‍ അവരുടെ കാര്‍ വളയുകയും അവരെ വാഹനത്തില്‍ നിന്ന് ബലമായി ഇറക്കുകയും ചെയ്തു. ഒന്നും പറയാതെ, അവരെ റോഡിന്റെ വശത്ത് വച്ച്, പുറകില്‍ ഒന്നിലധികം തവണ വെടിവച്ച്, വധിക്കുകയായിരുന്നു. അക്രമികളുടെ വ്യക്തമായ ഉദ്ദേശം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അന്ന് മാര്‍സെലിനോ ഇവരോടൊപ്പം ഉണ്ടായിരിക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പദ്ധതികളില്‍ മാറ്റം വരുത്തിയതിനാല്‍ അദ്ദേഹം പോയില്ല. വിധിയുടെ ഒരു ട്വിസ്റ്റ് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു എന്ന് പറയേണ്ടി വരും.
2014 ലെ ക്രിസ്തുമസ് ദിനത്തില്‍, ഫാ. കുക്കോയുടെ ബന്ധുവായ ഫാദര്‍ ഗ്രിഗോറിയോയ്ക്കും സമാനമായ ഒരു വിധിയുണ്ടായി. അമ്പരപ്പിക്കുന്ന ആ ആക്രമണത്തില്‍, സെമിനാരിയിലെ ഒരു മുറിയില്‍ നിന്ന് അദ്ദേഹത്തെ അക്രമികള്‍ പിടിച്ചുകൊണ്ടുപോയി, സംഘാംഗങ്ങള്‍ അദ്ദേഹത്തെ കെട്ടിയിട്ട് ഗാഫര്‍ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു.
ഇത്തരം കഥകള്‍ ഏത് പ്രാദേശിക യുവാക്കളെയും, അവര്‍ എത്ര ഭക്തരാണെങ്കിലും, പുരോഹിതന്മാരാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. എന്നാല്‍ മാര്‍സെലിനോയെ പോലെയുള്ള നവവൈദികര്‍ പറയുന്നത് കൊല്ലപ്പെട്ട പുരോഹിതന്മാര്‍ ഒരു പ്രചോദനമാണെന്നാണ്.
‘അവര്‍ ഞങ്ങള്‍ക്ക് വ്യക്തമായ ഉദാഹരണങ്ങളാണ്. അവരുടെ രക്തസാക്ഷിത്വം അവരുടെ ധീരതയുടെ ഉദാഹരണമായി മാറുന്നു’. 19 കാരനായ അന്റോണിയോ ആബെലെസ് എന്ന നവവൈദികന്‍ പറയുന്നു. എന്നിരുന്നാലും, സഭയില്‍ ചേരാനുള്ള തങ്ങളുടെ തീരുമാനങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ടെന്ന് സെമിനാരിക്കാര്‍ സമ്മതിച്ചു.
‘ഞങ്ങള്‍ അക്രമവും മരണവും മുന്നില്‍ കാണുന്നുണ്ട്. ഞങ്ങളുടെ മുന്‍ഗാമികളില്‍ പലരും അനുഭവിച്ചത് കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ക്കും അതേ വിധി നേരിടേണ്ടിവരുമെന്ന് കരുതുന്നത് സ്വാഭാവികമാണല്ലോ? ഗില്ലെര്‍മോ കാനോ എന്ന വൈദിക വിദ്യാര്‍ത്ഥി പറഞ്ഞു.
തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തന്റെ പൗരോഹിത്യ സ്വീകരണത്തെ ആഘോഷമാക്കുമ്പോഴും വരാനിരിക്കുന്ന എന്തിനും താന്‍ തയ്യാറാണെന്നും ഫാ. മിഗുവേല്‍ തറപ്പിച്ചുപറയുന്നു. ‘ഒരു ദിവസം ഞാന്‍ അക്രമ സംഘവുമായി മുഖാമുഖം കാണേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ അവരെ നേരിടാനല്ല – മറിച്ച്, ദൈവത്തിന്റെ കരുണയുടെ മുഖം അവരെ കാണിക്കാനാണ്. കാരണം ദൈവം അവര്‍ക്കും വേണ്ടിയാണ്’.