Sunday, November 24, 2024

ശുക്രനിൽ ജീവനുണ്ടാകാം: വെളിപ്പെടുത്തലുമായി ഡോ. മിഷേൽ ഥല്ലർ

ശുക്രനിൽ ജീവനുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി നാസയിലെ ശാസ്ത്രജ്ഞ. ഡോ. മിഷേൽ ഥല്ലർ ആണ് ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയത്. ദി സൺ-ന് നൽകിയ അഭിമുഖത്തിലാണ് യു എസ്  ആസ്ഥാനമായ ഗോദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഗവേഷകയുടെ വെളിപ്പെടുത്തൽ.

സൂര്യനിൽ നിന്ന് 67 ദശലക്ഷം മൈൽ അകലെ സ്ഥിതി ചെയ്യുന്ന ശുക്രൻ  സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ്. “ശുക്രന്റെ അന്തരീക്ഷത്തിൽ ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ചില സംയുക്തങ്ങളോട് സാദ്യശ്യമുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 475 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഗ്രഹമാണ് ശുക്രൻ. ഈയം പോലും ഉരുകാൻ കഴിയുന്ന താപനിലയാണിത്. അതിന്റെ അന്തരീക്ഷം – സൾഫ്യൂറിക് ആസിഡും കാർബൺ ഡൈ ഓക്‌സൈഡും അടങ്ങിയതാണ്. ഇതെല്ലാമുണ്ടായിട്ടും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഈ ഗ്രഹത്തിലുണ്ടാകാൻ സാധ്യതയുണ്ട്” ഥല്ലർ പറയുന്നു. ശുക്രന്റെ അന്തരീക്ഷത്തിൽ ജീവന്റെ അംശം കണ്ടെത്താനുള്ള നിരന്തര ശ്രമം നടന്നുവരികയാണെന്നും അവർ വ്യക്തമാക്കി.

അതേസമയം, മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഗ്രഹമാണ് ശുക്രൻ എന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടൻ യൂണിവേഴ്‌സിറ്റിയിവെ ജ്യോതിർ ജീവശാസ്ത്ര പ്രൊഫസറായ ഡൊമനിക് പാപ്പിനോ ഥല്ലറുടെ കാഴ്ചപ്പാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗിക സാധ്യതയെപ്പറ്റിയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. ‘ജീവനുമായി ബന്ധപ്പെട്ട രാസപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ജലത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഇതിനർത്ഥം അന്യഗ്രഹജീവികളുടെ കണ്ടെത്തൽ ജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലേക്ക് നയിക്കും എന്നാണ്. ശുക്രനിലെ ഉപരിതല താപനില കണക്കിലെടുക്കുമ്പോൾ അവിടെ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ”ശുക്രനിൽ ഒരുകാലത്ത് ജലമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ സങ്കൽപ്പിക്കാം. എന്നാൽ ഫോസിൽ രേഖകൾ ലഭിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നത് ശുക്രനിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളാണെന്നും ‘അപാപ്പിനോ പറഞ്ഞു.

Latest News