Tuesday, November 26, 2024

‘അവര്‍ ഞങ്ങളെ മാലിന്യക്കൂട്ടങ്ങള്‍ എന്ന് വിളിക്കുന്നു’: യുഎസ് സൈന്യത്തിന്റെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് അതിജീവനത്തിനുള്ള വക കണ്ടെത്തുന്ന സിറിയക്കാര്‍

വടക്ക് കിഴക്കന്‍ സിറിയയിലെ ടെല്‍ ബെയ്ദറിലുള്ള ഡമ്പിലെ, മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലും, മാലിന്യങ്ങളില്‍ നിന്നുയരുന്ന ചുട്ടുപഴുത്ത വിഷവാതകങ്ങള്‍ക്കിടയിലും ഒരു കൂട്ടം ആളുകള്‍ ഭക്ഷണം തിരയുകയാണ്. കൂടാതെ പുനരുപയോഗ യോഗ്യമായ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്താനുമുള്ള ശ്രമവും അവര്‍ നടത്തുന്നു. യുഎസ് സൈനിക മാലിന്യം നിക്ഷേപിക്കുന്ന ഇടമാണ് ഇത്. ഇവിടമാണ് ഇപ്പോള്‍ സിറിയയിലെ പലരുടേയും ഭക്ഷണത്തിന്റെയും വരുമാനത്തിന്റെയും ഏക ഉറവിടം.

അക്കൂട്ടത്തില്‍ ഒരാളായ ആലിയ (25) തന്റെ മക്കള്‍ക്ക് വേണ്ടി ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ആലിയ ഇതേ കാര്യമാണ് ചെയ്യുന്നത്. രാവിലെ ഏഴിന് വീട്ടില്‍ നിന്ന് പുറപ്പെട്ട്, ടെല്‍ ബെയ്ദറിലുള്ള മാലിന്യ ഡമ്പിലേക്ക് രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് അവള്‍ എത്തും. ചില ദിവസങ്ങളില്‍ മൂത്ത മകളായ വാലയെയും കൂടെ കൊണ്ടുപോകും. അവള്‍ സ്‌കൂളില്‍ പോകുന്നില്ല. ഇളയ കുട്ടിയെ പരിപാലിക്കുന്നതിനായി വീട്ടില്‍ തന്നെ കഴിയുകയാണ്. സൂര്യാസ്തമയം വരെ ആലിയയും വാലയും മാലിന്യക്കൂമ്പാരത്തില്‍ ജോലി ചെയ്യും. ശേഷം വീട്ടിലേക്ക് മടക്കം.

‘മറ്റ് കുട്ടികളെപ്പോലെ എന്റെ പെണ്‍മക്കളും പഠിക്കണമെന്ന് ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ എന്നെപ്പോലെ തന്നെയായി. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല’. വലിയ വേദനയോടെ ആലിയ പറയുന്നു.

‘ആളുകള്‍ ഞങ്ങളെ നാണം കെടുത്തുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. അവര്‍ ഞങ്ങളെ മാലിന്യക്കൂട്ടം എന്നാണ് വിളിക്കുന്നത്’. ആലിയ പറയുന്നു. പക്ഷേ ഞങ്ങള്‍ ഇവിടെ വരുന്നത് വിശപ്പ് മാറ്റാനുള്ള ഭക്ഷണം കണ്ടെത്താനാണെന്ന് ആലിയയുടെ 12 വയസ്സുകാരിയായ മകള്‍ വാല പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധത്തിനുശേഷം, സിറിയയില്‍ ഏകദേശം 15.3 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുഎന്‍ ന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചില്‍ നാലുപേര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ മേഖലയില്‍, ജിഹാദിസ്റ്റ് ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം പ്രാദേശിക സമ്പദ്വ്യവസ്ഥയെ ആകെ തകര്‍ത്തിരിക്കുകയാണ്.

ആലിയയുടെ ഭര്‍ത്താവ് കര്‍ഷകത്തൊഴിലാളിയായിരുന്നു. എന്നാല്‍ 10 വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതോടെ കുടുംബം കൂടുതല്‍ തകര്‍ന്നു. രൂക്ഷമായ യുദ്ധവും വഷളായ വരള്‍ച്ചയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അവളെ കൂടുതല്‍ കഷ്ടതയിലേക്ക് നയിച്ചു.

ചപ്പുചവറുകളുടെ കൂമ്പാരങ്ങള്‍ക്കിടയിലൂടെ അലഞ്ഞുതിരിയുമ്പോള്‍, 15 വയസ്സുള്ള അമേറിന് ചിക്കന്‍ കഷണങ്ങള്‍ കിട്ടി. അവന്‍ അതില്‍ അവശേഷിച്ചത് കഴിക്കുകയും കൂടുതല്‍ എന്തെങ്കിലും കണ്ടത്താനാകുമോയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ‘മറ്റ് ജോലികള്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ തീര്‍ച്ചയായും ഈ ജോലി ഉപേക്ഷിക്കുമായിരുന്നു. പക്ഷേ എനിക്ക് മറ്റൊരു ജോലിയും ലഭിക്കുന്നില്ല. യുദ്ധത്തിനുശേഷം കാര്യങ്ങള്‍ വഷളായി. ഞങ്ങള്‍ക്ക് റൊട്ടി പോലും വാങ്ങാന്‍ കഴിയില്ല’. അമേര്‍ പറയുന്നു.

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുന്ന പ്ലാസ്റ്റിക്കിന്റെ വില്‍പ്പനയിലൂടെ അവന്‍ പ്രതിദിനം 3,000 മുതല്‍ 5,000 വരെ സിറിയന്‍ പൗണ്ട് സമ്പാദിക്കുന്നുണ്ട്. കഷ്ടിച്ച് അതിജീവിക്കാന്‍ അത് മതിയെന്നും അവന്‍ പറഞ്ഞു.

അമേറിന്റെ സഹോദരന്‍ അമേരിക്കന്‍ സേനയ്ക്കൊപ്പം ഈ മേഖലയില്‍ ഐഎസിനെതിരെ പോരാടിയ വ്യക്തിയാണ്. അടുത്തിടെ പട്രോളിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റു. അതോടെ കുടുംബത്തിന്റെ ഏക വരുമാനം നിലച്ചു. ‘ഞങ്ങളെ സഹായിക്കാന്‍ അമേരിക്കക്കാര്‍ എന്തെങ്കിലും ചെയ്യണം’. അമേര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഐഎസിനെതിരായ പോരാട്ടം

ഐഎസിനെതിരായ പോരാട്ടത്തില്‍ കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) മിലിഷ്യ സഖ്യത്തെ പിന്തുണയ്ക്കാന്‍ 2015 ല്‍ യുഎസ് സിറിയയില്‍ സൈനികരെ വിന്യസിച്ചിരുന്നു. നാല് വര്‍ഷത്തിന് ശേഷം, സിറിയയിലെ ജിഹാദി ഗ്രൂപ്പിനെതിരെ അവര്‍ വിജയം പ്രഖ്യാപിച്ചു.

ഈ പ്രദേശം ഇപ്പോള്‍ നിയന്ത്രിക്കുന്നത് കുര്‍ദിഷ് നേതൃത്വത്തിലുള്ള ഒരു ബഹു-വംശീയ ഭരണകൂടമാണ്. എന്നാല്‍ അവിടെ ജീവിതം സാധാരണയില്‍ നിന്ന് വളരെ അകലെയാണ്. വടക്കുകിഴക്കന്‍ പ്രദേശത്തെ വിശാലമായ കൃഷിഭൂമികളും എണ്ണപ്പാടങ്ങളും ഒരുകാലത്ത് സിറിയയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു. പക്ഷേ ഇപ്പോള്‍, കുതിച്ചുയരുന്ന ഭക്ഷ്യവില, വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികള്‍, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ വരവ് മൂലമുണ്ടായ ജനസംഖ്യാ വര്‍ദ്ധനവ് എന്നിവ ദാരിദ്ര്യ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഈ അവസ്ഥയെ അതിജീവിക്കാന്‍ പലരും ഇപ്പോള്‍ മാനുഷിക സഹായത്തെ ആശ്രയിക്കുകയാണ്. എന്നാല്‍ അപര്യാപ്തമായ ഫണ്ടിംഗും മറ്റ് പരിമിതികളും മൂലം സഹായം ആവശ്യമുള്ള എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് സത്യം. 2020-ല്‍ ഇറാഖ് അതിര്‍ത്തി ക്രോസിംഗ് വഴിയുള്ള ഡെലിവറികള്‍ തുടരുന്നതിന് അംഗീകാരം നല്‍കുന്ന യുഎന്‍ പ്രമേയം റഷ്യയും ചൈനയും തടഞ്ഞതിന് ശേഷം, ഈ മേഖലയിലേക്ക് സഹായം എത്തിക്കാന്‍ യുഎന്‍ പാടുപെടുകയാണ്.

എത്തിച്ചേരുന്ന സഹായങ്ങളാകട്ടെ, യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളായ റഖ, ദേര്‍ അല്‍-സൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് അയയ്ക്കുന്നത്. ടെല്‍ ബൈദാറിന് ചുറ്റുമുള്ള ഗ്രാമീണ മേഖലകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.

ഇക്കാരണങ്ങളാല്‍ ഭക്ഷണം കണ്ടെത്താനും വരുമാനം ഉണ്ടാക്കാനും മാലിന്യക്കൂമ്പാരത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഖമിഷ്‌ലി നഗരത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഹംസ ഹംകി പറയുന്നു.

സിറിയയിലെ യുഎസ് സൈനികരുടെ സാന്നിധ്യമാണ് സുരക്ഷാഭീഷണികളില്‍ നിന്ന് സംരക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അവിടെയുള്ള യുഎസ് താവളങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. യുഎസ് പിന്‍വാങ്ങുകയാണെങ്കില്‍, മുഴുവന്‍ പ്രദേശവും തുര്‍ക്കിയുടെയോ സിറിയന്‍ സര്‍ക്കാരിന്റെയോ കൈയിലാകാന്‍ 24 മണിക്കൂറില്‍ കൂടുതല്‍ എടുക്കില്ല. രണ്ട് സാഹചര്യങ്ങളും പ്രദേശത്തെ ആളുകളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാധ്യമങ്ങള്‍ പറയുന്നു.

പക്ഷേ ഇവിടുത്തെ ആളുകള്‍ക്ക് ഒരു പക്ഷവുമായും പ്രശ്നങ്ങളില്ല. ജനങ്ങള്‍ അന്തസ്സോടെ ജീവിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അമേറും വാലയും പോലുള്ള കുട്ടികള്‍ അവരുടെ ജീവിതകാലത്ത് യുദ്ധവും നിരാശയുമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല.

‘ഞങ്ങള്‍ക്ക് പണം ഉണ്ടായിരുന്നെങ്കില്‍, എനിക്ക് സ്‌കൂളില്‍ പോകാനും മറ്റെവിടെയെങ്കിലും ജോലി ചെയ്യാനും കഴിയുമായിരുന്നു. അതാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്’. അമേര്‍ വീണ്ടും പറഞ്ഞു.

Latest News