ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദി ഗ്രേറ്റര്‍ സഹാറയില്‍ (ഐഎസ്ജിഎസ്) സായുധ സംഘങ്ങള്‍ നഗരത്തില്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് കിഴക്കന്‍ മാലിയിലെ ഔട്ടഗൗണയില്‍ നിന്ന് അനേകര്‍ പലായനം ചെയ്തത്. അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട്, 10,000-ത്തിലധികം മാലിക്കാര്‍ നൈജര്‍ നദിയിലെ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമായ അയൂരൂവില്‍ അഭയം പ്രാപിച്ചു. ചിലര്‍ പട്ടണത്തിന് പുറത്ത് വരണ്ടതും പൊടി നിറഞ്ഞതുമായ ഭൂമിയില്‍ അഭയാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ടെന്റുകളില്‍ താമസിക്കുന്നു, മറ്റുള്ളവര്‍ പട്ടണത്തിനുള്ളില്‍ പരിചയക്കാരായ കുടുംബങ്ങളോടൊപ്പം താമസിക്കുന്നു.
17 കാരി കനിയും ഇക്കൂട്ടത്തിലൊരാളാണ്. കഴിഞ്ഞ ജൂണില്‍ തനിക്കുണ്ടായ അനുഭവം കനി ഒരു മാധ്യമത്തോട് പങ്കുവച്ചത് ഇങ്ങനെയാണ്…
ജൂണ്‍ ആദ്യം, ഒരു വെള്ളിയാഴ്ച വൈകുന്നേരം വടക്കുകിഴക്കന്‍ മാലിയിലെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുകയായിരുന്നു ഞങ്ങള്‍. നൈജറിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബ്ബെസംഗയിലെ ഒരു ചെക്ക്പോസ്റ്റില്‍ എത്തിയപ്പോള്‍ ആയുധധാരികളായ ആറ് പേര്‍ (അവരില്‍ മൂന്ന് പേര്‍ സൈനിക വസ്ത്രം ധരിച്ചിരുന്നു) അവരെ ചെക്ക് പോയിന്റില്‍ തടഞ്ഞു. യൂണിഫോമില്‍ നിന്ന് അവര്‍ മാലിയന്‍ പട്ടാളക്കാരാണെന്ന് മനസിലായി.
‘തോക്കുധാരികള്‍ ആദ്യം പുരുഷന്മാരെയും സ്ത്രീകളേയും വേര്‍പെടുത്തി. സ്ത്രീകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഞാനുള്‍പ്പെടെയുള്ള നാല് പെണ്‍കുട്ടികളോട് ഒരു ചെറിയ കൂടാരത്തിലേക്ക് മാറാന്‍ അവര്‍ ഉത്തരവിട്ടു. അവര്‍ ഞങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു. എതിര്‍ത്തപ്പോഴെല്ലാം ക്രൂരമായി മര്‍ദ്ദിച്ചു’. ആ കൗമാരക്കാരി ഇതു പറയുമ്പോള്‍ ഭയവും വിഷാദവും അവളുടെ മുഖത്ത് തിങ്ങിനിന്നു.
ആ സമയം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരോട് നെറ്റിയില്‍ നിലത്ത് മുട്ടിച്ച് കിടക്കാന്‍ അവര്‍ ആജ്ഞാപിച്ചു. സ്ത്രീകളെ മോചിപ്പിക്കാനും തങ്ങളെ വിട്ടയയ്ക്കാനും അവര്‍ അക്രമികളോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ‘അവര്‍ ആയുധധാരികളായതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, സ്ത്രീകളെ രക്ഷിക്കാന്‍ ഞങ്ങള്‍ ധൈര്യപ്പെട്ടാല്‍ ഞങ്ങളെ വെടിവയ്ക്കുമെന്ന് അവര്‍ പറഞ്ഞു’. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.
ആ സംഭവത്തിനുശേഷം തോക്കുമായി ആരെ കണ്ടാലും താന്‍ ഭയന്ന് വിറയ്ക്കാറുണ്ടെന്ന് അവള്‍ പറയുന്നു. ‘പോലീസുകാരേയും പട്ടാളക്കാരേയും കാണുമ്പോള്‍ എനിക്കിപ്പോള്‍ പേടിയാണ്. കാരണം അപ്പോള്‍ എനിക്ക് എന്നെ ബലാത്സംഗം ചെയ്ത ആളുകളെ ഓര്‍മ്മവരും’. കനി കൂട്ടിച്ചേര്‍ത്തു.
ഭക്ഷണവും ആവശ്യത്തിന് വെള്ളവുമില്ലാതെ നടത്തിയ ദീര്‍ഘയാത്രയെ തുടര്‍ന്ന് ക്ഷീണിതരായിരുന്ന ഞങ്ങള്‍ ആക്രമണകാരികളോട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചതായി ബലാത്സംഗത്തിന് ഇരയായവരെല്ലാം പറഞ്ഞു. ‘ പക്ഷേ അവര്‍ അതൊന്നും കേട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ ഞങ്ങളെ തോക്കുകളും ചാട്ടവാറുകളും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ വച്ച് സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ പേടിയും വിറയലുമാണ്’. ബലാത്സംഗത്തിനിരയായ മറ്റൊരു 17 വയസ്സുകാരിയായ കൂംബ പറഞ്ഞു.
നൈജറിലേക്കുള്ള യാത്ര ഒരു തെറ്റായിരുന്നുവെന്ന് ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. മാലി വിടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു നരകത്തെ നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുമെന്ന് അറിയാമായിരുന്നെങ്കില്‍, ഞങ്ങള്‍ ഔട്ടഗൗണ വിട്ട് പോരില്ലായിരുന്നു. അതേസമയം ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ധരിച്ചിരുന്ന വസ്ത്രം മാത്രമെടുത്താണ് ഞങ്ങള്‍ നാടുവിട്ടത്. അവിടെ നിന്നിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നു’. കൂംബ പറഞ്ഞു.
പീഡനം ഒരു മണിക്കൂറോളം നീണ്ടുനിന്നതായി ഇരകള്‍ കണക്കാക്കുന്നു. ആയുധധാരികള്‍ ഓരോരുത്തരും നാല് പേരെയും ബലാത്സംഗം ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് നൈജറിലേക്ക് കടക്കാന്‍ കഴിയൂ എന്നും അവരോട് നോ പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. പുരുഷന്മാരില്‍ നിന്ന് പണവും പിടിച്ചെടുത്തു’. കൂംബ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെ പതിവായി ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഔട്ടഗൗണയില്‍ നിന്ന് അയൂരൂവിലേക്ക് പലായനം ചെയ്ത 45 കാരനായ അദാമ ട്രോര്‍ പറഞ്ഞു. അതേസമയം, മാലി സൈനികര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് മാലി സര്‍ക്കാരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.