ചരിത്രത്തിൽ ഒക്ടോബർ മാസം 12 അടയാളപ്പെടുത്തിയിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.
1492 ഒക്ടോബർ 12-നാണ് ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസ് ബഹമാസിലിറങ്ങിയത്. പ്രദേശവാസികൾ ഗ്വാനാഹനി എന്ന് വിളിച്ചിരുന്ന ദ്വീപിലാണ് കൊളംബസും സംഘവും കപ്പലിറങ്ങിയത്. പുതുതായി കണ്ടെത്തിയ സ്ഥലത്തിന് അദ്ദേഹം സാൻ-സാൽവദോർ എന്ന് നാമകരണവും ചെയ്തു. സമുദ്രാനന്തര ദേശങ്ങൾ തേടിയുളള സാഹസിക യാത്രകളും കടൽ വഴിയുളള വ്യാപാരവും വ്യാപകമാക്കാനുളള മോഹമാണ് കൊളംബസിനെ ഒരു പര്യവേഷകനാകാൻ പ്രേരിപ്പിച്ചത്. 1492 ഓഗസ്റ്റ് 3ന് സാന്റാ മരിയ എന്ന വലിയ കൊടിക്കപ്പലും പിന്റ, നീന എന്നീ രണ്ടു ചെറിയ കപ്പലുകളും 90 പേർ അടങ്ങുന്ന ഒരു ചെറു സംഘവുമായി ചരിത്ര പ്രധാനമായ തന്റെ നാവികയാത്ര പാലോസ് എന്ന തുറമുഖത്തുനിന്നാണ് കൊളംബസ് ആരംഭിച്ചത്. സത്യത്തിൽ ഇന്ത്യയിലേക്കും ചൈനയിലേക്കും പുതിയ വഴി കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ യാത്രക്കുണ്ടായിരുന്നത്.
ഇക്വറ്റോറിയൽ ഗിനിയ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത് 1968 ഒക്ടോബർ 12നായിരുന്നു. 1474 ലാണ് ഗിനിയയിൽ കോളനിവൽക്കരണം ആരംഭിക്കുകയും, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഗിനിയയുടെ മേൽ അധികാരം സ്ഥാപിക്കുകയും ചെയ്തത്. 1960 കളിൽ ഗിനിയ സ്വാതന്ത്ര്യത്തിനായുള്ള ദേശീയ മുന്നേറ്റങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനായി സംഘടിച്ച ആളുകളുടെയും, ഐക്യരാഷ്ട്രസഭയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ സ്പെയിൻ ഗിനിയയ്ക്ക് സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചു. 1968 ഒക്ടോബർ 12ന് പുതിയ ഭരണഘടന നിലവിൽ വന്നതോടെ രാജ്യം സ്വതന്ത്രമായി.
1901 ഒക്ടോബർ 12 നാണ് വൈറ്റ് ഹൗസിന് ആ പേര് നൽകിയത്. അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി അതുവരെ എക്സിക്യൂട്ടീവ് മാൻഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്നത്തെ പ്രസിഡന്റ് തെയഡോർ റൂസ്വെൽറ്റാണ് വസതിക്ക് വൈറ്റ് ഹൗസ് എന്ന പേര് നൽകിയത്. പ്രസിഡന്റിന്റെ വസതി പണിയാനുള്ള സ്ഥലം നിശ്ചയിച്ചത് 1791ൽ അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോർജ് വാഷിംഗ്ടൺ ആയിരുന്നു. വൈറ്റ് ഹസ്സിന്റെ പ്ലാൻ തയ്യാറാക്കിയത് ഐറിഷ് വംശജനായ ജെയിസ് ഹോബൻ എന്ന ശില്പിയായിരുന്നു. 132 മുറികളും 35 ബാത്ത്റൂമുകളുമുള്ള വൈറ്റ് ഹൗസിന് 412 വാതിലുകളും, 147 ജനലുകളും, 8 സ്റ്റെയർകേസുകളും 140 അതിഥികൾക്ക് വരെ ഒരേ സമയം ഭക്ഷണം നൽകാൻ കഴിയുന്ന അടുക്കള സംവിധാനങ്ങളുമുണ്ട്.