ഇന്ന് ഒക്ടോബർ ഒൻപത്. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വായിച്ചറിയാം.
1949 ഒക്ടോബർ ഒൻപതിനാണ് പ്രാദേശികസേനയായ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ഔദ്യോഗികമായി ആരംഭിച്ചത്. അന്നത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയായിരുന്നു അതിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ഇന്ത്യൻ ആർമിക്കു താഴെയുള്ള രണ്ടാംനിര പ്രതിരോധസേനയാണ് ടെറിട്ടോറിയൽ ആർമി. അടിയന്തരഘട്ടങ്ങളിൽ സഹായമെത്തിക്കുക, പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക തുടങ്ങിയവയാണ് ഈ പ്രാദേശികസേനയുടെ പ്രധാനദൗത്യങ്ങൾ. അത്യാവശ്യഘട്ടങ്ങളിൽ ഇന്ത്യൻസേനയെ അതിർത്തിരക്ഷാ ദൗത്യങ്ങളിലും ടെറിട്ടോറിയൽ ആർമി സഹായിക്കാറുണ്ട്. 1917-ൽ ബ്രിട്ടീഷുകാർ രൂപീകരിച്ച ഇന്ത്യൻ പ്രതിരോധസേനയാണ് സ്വാതന്ത്ര്യാനന്തരം 1949-ൽ പ്രാദേശികസേനയായി മാറിയത്.
2004 ഒക്ടോബർ ഒൻപതിനാണ് അഫ്ഗാനിസ്ഥാനിൽ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ളതായിരുന്നു ഇലക്ഷൻ. യുണൈറ്റഡ് നേഷൻസ് – അഫ്ഗാനിസ്ഥാൻ ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. പത്തര മില്യനോളം ആളുകളാണ് ആ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്; അതിൽ 43% സ്ത്രീകളായിരുന്നു.
25,000 പോളിംഗ് ബൂത്തുകളാണ് തയ്യാറാക്കിയിരുന്നത്. അഫ്ഗാനിസ്ഥാനുപുറത്തുള്ള അഫ്ഗാൻ പൗരന്മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളായി. പാക്കിസ്ഥാനിൽ തയ്യാറാക്കിയ 1657 പോളിംഗ് ബൂത്തുകളിൽ അഞ്ചുലക്ഷത്തി നാല്പതിനായിരത്തോളം ആളുകളും, ഇറാനിലെ 1126 പോളിംഗ് സ്റ്റേഷനുകളിൽ രണ്ടുലക്ഷത്തി അറുപതിനായിരത്തോളം ആളുകളും വോട്ട് രേഖപ്പെടുത്തി എന്നാണ് കണക്കുകൾ. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച 18 സ്ഥാനാർഥികളിൽനിന്ന് ഹമീദ് കർസായിയെ ആണ് തങ്ങളുടെ ഭരണാധികാരിയായി അഫ്ഗാൻജനത തെരഞ്ഞെടുത്തത്.
2012 ഒക്ടോബർ ഒൻപതിണ് മലാലാ യൂസഫ്സായ്ക്ക് താലിബാൻ തീവ്രവാദികളുടെ വെടിയേറ്റത്. 15 വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിനിയായിരുന്നു മലാല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനുവേണ്ടി പ്രവർത്തിച്ചു എന്ന കുറ്റമാരോപിച്ചാണ് സ്കൂൾ ബസിൽ സഹപാഠികളോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന മലാലയ്ക്കുനേരെ തീവ്രവാദികൾ വെടിയുതിർത്തത്.
താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ച് ഗുൽ മഖായി എന്ന തൂലികാനാമത്തിൽ ബി. ബി. സി. യിൽ എഴുതിയത് വിവാദമായതോടെയാണ് മലാല താലിബാന്റെ നോട്ടപ്പുള്ളിയായത്. മരണത്തെ അതിജീവിച്ച മലാല പിന്നീട് ലോകമറിയപ്പെടുന്ന വിദ്യാഭ്യാസപ്രവർത്തകയായി മാറി. 2011-ൽ പാക്കിസ്ഥാൻ ദേശീയ സമാധാനസമ്മാനവും, 2012-ൽ മദർ തെരേസ സ്മാരക അവാർഡും, 2013-ൽ കുട്ടികൾക്കായുള്ള രാജ്യാന്തര സമാധാനസമ്മാനവും മലാലയ്ക്കു ലഭിച്ചു. 2014-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈലാഷ് സത്യാർഥിയോടൊപ്പം മലാല പങ്കുവച്ചു. മലാലയോടുള്ള ബഹുമാനസൂചകമായി ഐക്യരാഷ്ട്ര സഭ നവംബർ 10 മലാല ദിനമായി പ്രഖ്യാപിച്ചു.