Friday, July 10, 2026

ഇത് ഇച്ഛാശക്തിയുടെ എവറസ്റ്റ് വിജയം; രണ്ട് കൈകൾ കുത്തി എവറസ്റ്റ് കീഴടക്കി റുസ്തം

2015-ൽ ആ മനുഷ്യന് തന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടു. എന്നാൽ 2026-ൽ, പതിനൊന്ന് വർഷങ്ങൾക്കിപ്പുറം ലോകത്തിന്റെ നെറുകയിൽ അയാൾ തന്റെ വിജയക്കൊടി നാട്ടി—വെറും കൈകൾ മാത്രം ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കിക്കൊണ്ട്! കേൾക്കുമ്പോൾ സിനിമക്കഥയെന്ന് തോന്നാം, എന്നാൽ ഇത് റഷ്യൻ പർവതാരോഹകനായ റുസ്തം നബീവ് എന്ന വ്യക്തിയുടെ ജീവിതമാണ്. സൈനിക ബാരക്കുകൾ തകർന്നുണ്ടായ അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട ഒരു റഷ്യൻ പർവതാരോഹകൻ ലോകത്തെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് എവറസ്റ്റ് കൊടുമുടി കീഴടക്കി. കൃത്രിമ കാലുകളുടെ സഹായമില്ലാതെ, കേവലം കൈകൾ മാത്രം ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടി കയറിപ്പറ്റുന്ന ചരിത്രത്തിലെ ആദ്യത്തെ ഇരട്ട വികലാംഗനായി മാറിയിരിക്കുകയാണ് റുസ്തം നബീവ്.

കൈകൾ കുത്തിയൊരു പർവ്വതാരോഹണം

നേപ്പാളിലെ വസന്തകാല പർവതാരോഹണ സീസണിന്റെ ഭാഗമായി 2026 മെയ് 20-നായിരുന്നു സമുദ്രനിരപ്പിൽ നിന്ന് 8,848.86 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിൽ റുസ്തം നബീവ് ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിന്റെ മണ്ണിലൂടെ ചരിത്രം കുറിച്ചത്. എവറസ്റ്റ് യാത്രയിലെ ഏറ്റവും അപകടം പിടിച്ച മേഖലയായ ‘ഖുംബു ഐസ്ഫാൾ’ കേവലം കൈകൾ മാത്രം കുത്തി അദ്ദേഹം മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഖുംബു ഐസ്ഫാൾ കടന്ന് 6,065 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ് ഒന്നിൽ എത്തുവാൻ മാത്രം അദ്ദേഹത്തിന് നീണ്ട 15 മണിക്കൂറോളമാണ് അധ്വാനിക്കേണ്ടി വന്നത്.

പ്രതിസന്ധികളെ തോൽപ്പിച്ച പർവതാരോഹണ യാത്ര

ബാരക്സ് തകർന്നുവീണുണ്ടായ അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ശേഷവും റുസ്തം തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. യൂറോപ്പിലെയും റഷ്യയിലെയും ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ പർവതാരോഹണത്തിന് തുടക്കമിട്ടത്. തുടർന്ന് 2021-ൽ നേപ്പാളിലെത്തിയ അദ്ദേഹം ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മനസ്ലൂ വിജയകരമായി കയറി. ഒടുവിൽ ഈ വർഷം തന്റെ ഏറ്റവും വലിയ ലക്ഷ്യമായ എവറസ്റ്റ് കൊടുമുടി കൈകൾ മാത്രം ഉപയോഗിച്ച് കീഴടക്കി അദ്ദേഹം ചരിത്രപുസ്തകത്തിൽ ഇടംനേടി.

“ജീവനുള്ളിടത്തോളം കാലം പോരാടുക!”

എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ വെച്ച് റുസ്തം നബീവ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണുതുറപ്പിക്കുന്നതാണ്. ആ കുറിപ്പ് ഇങ്ങനെ:- “മേയ് 20, നേപ്പാൾ സമയം രാവിലെ 8:16-ന് പർവതാരോഹണ ചരിത്രത്തിലാദ്യമായി, കേവലം കൈകൾ മാത്രം ഉപയോഗിച്ച് ഞാൻ എവറസ്റ്റിന്റെ നെറുകയിലെത്തി! എന്നെ നോക്കിക്കാണുന്ന ഓരോരുത്തർക്കുമായി ഞാൻ ഈ നേട്ടം സമർപ്പിക്കുന്നു. ഈ പ്രവർത്തിയിലൂടെ എനിക്ക് ഒന്നേ പറയാനുള്ളൂ: നിങ്ങളുടെ ഉള്ളിൽ ജീവന്റെ ഒരു തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ പോരാടുക! ദയവായി അവസാനം വരെ പോരാടുക! കാരണം ഈ ജീവിതം അതിന് മൂല്യമുള്ളതാണ്!”

സോഷ്യൽ മീഡിയയിൽ കൈയടി

റുസ്തമിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുകളെ ‘അപ്രാപ്തർ’ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് റുസ്തമെന്നും, മാനസികമായും ശാരീരികമായും സാധാരണ മനുഷ്യരേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവനാണ് ഇദ്ദേഹമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. ലോകത്തിന്റെ നെറുകയിലെത്തിയ ഈ റഷ്യൻ ഹീറോയ്ക്ക് മുന്നിൽ തലകുനിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.

Latest News