Saturday, April 19, 2025

ഈശോയുടെ പീഡാസഹനങ്ങളുടെ മൂന്ന് തിരുശേഷിപ്പുകൾ സ്പെയിനിലാണ്

യേശുവിന്റെ പീഡാസഹനങ്ങളിൽ ഉപയോഗിച്ച കുരിശിന്റെ ഒരു ഭാഗവും മൃതസംസ്‌കാര വേളയിൽ അവിടുത്തെ മുഖം ആവരണം ചെയ്ത തൂവാലയും അന്ത്യ അത്താഴത്തിന് ഉപയോഗിച്ച പാനപാത്രവും സ്‌പെയിനിലെ വിവിധ ദൈവാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു. ഈശോയുടെ പീഡാസഹനങ്ങളുടെ ഈ  മൂന്ന് തിരുശേഷിപ്പുകളുടെ വിവരണത്തിലേക്ക്.

1. യേശു വഹിച്ച മരക്കുരിശ് 

ഫ്രാൻസിസ്കൻ മൊണാസ്റ്ററി ആയ കാന്റബ്രിയയിലെ സാന്റോ ടോറിബിയോ ഡി ലിയബാണയിൽ സൂക്ഷിച്ചിരിക്കുന്ന മരക്കുരിശ്, യേശുവിനെ കാൽവരിയിൽ തറച്ച കുരിശിന്റെ ഭാഗമാണെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

എ ഡി 324 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേന രാജ്ഞി ജറുസലേം സന്ദർശിച്ചപ്പോൾ പീഡാനുഭവങ്ങളുടെ തിരുശേഷിപ്പുകളിലൊന്നായ ഈ മരക്കുരിശിന്റെ ഭാഗം സ്പെയിനിലേക്കു കൊണ്ടുവന്നു. പതിനാറാം നൂറ്റാണ്ടിൽ സ്‌പെയിനിലെത്തപ്പെട്ട ഈ കുരിശിന്റെ ആധികാരികത 1958 ലാണ് പരിശോധിക്കുന്നത്. “വിശുദ്ധ നാട്ടിൽ നിൽക്കുന്നതും 2000 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതുമായ മരത്തിൽ നിന്നുമാണ് അതെന്നും അവർ സ്ഥിരീകരിച്ചു. കൂടാതെ, ഈ മരക്കുരിശിന്റെ ഭാഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷിച്ചിരിക്കുന്ന കുരിശിന്റെ മറ്റു ചെറിയ ഭാഗങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഡി എൻ എ പഠനങ്ങൾ തെളിയിക്കുന്നു.

2. ഓവീഡോ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ആവരണം

യേശുവിന്റെ മുഖം മൂടിയ ആവരണം സ്‌പെയിനിലെ ഓവീഡോ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് വർഷത്തിൽ മൂന്നുപ്രാവശ്യം മാത്രമാണ് വിശ്വാസികൾക്കും തീർഥാടകർക്കും ദർശിക്കാൻ അവസരം നൽകുന്നത്. ദുഃഖവെള്ളി, വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായ സെപ്റ്റംബർ 14, സ്പാനിഷ് നഗരത്തിന്റെ രക്ഷാധികാരിയായ വി. മത്തായിയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 21 എന്നീ ദിനങ്ങളിലാണത്.

ടൂറിനിൽ സൂക്ഷിച്ചിരിക്കുന്ന മുഖാവരണവും ഓവിഡോയിലേതും ഒന്നുതന്നെയാണെന്നാണ് സ്പാനിഷ് സെന്റർ ഫോർ സിൻഡനോളജി (യേശുവിന്റെ തിരുക്കച്ചകളെക്കുറിച്ചുള്ള പഠനം) പറയുന്നത്. കൂടാതെ, ടൂറിനിലെ ആവരണത്തിന്റെ ഉടമയും ഓവീഡോയിലെ മുഖാവരണത്തിന്റെ ഉടമയും ഏൽക്കപ്പെട്ട പീഡകളും ഒന്നുതന്നെയാണെന്നാണ് ഈ പഠനത്തിൽ തെളിയുന്നത്.

3. അന്ത്യ അത്താഴവേളയിലെ പാനപാത്രം

പാരമ്പര്യമനുസരിച്ച്, യേശു തന്റെ അന്ത്യ അത്താഴത്തിനുപയോഗിച്ച പാനപാത്രം വലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നു. 1960 കളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഇത് യേശുവിന്റെ കാലം മുതൽ വിശുദ്ധ നാട്ടിൽ കാണപ്പെടുന്ന ഒരുതരം അഗേറ്റ് കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണെന്നാണ്. വി. ജോൺ പോൾ രണ്ടാമൻ പാപ്പ വലൻസിയ കത്തീഡ്രലിൽ 1982 ൽ ഈ പാനപാത്രം സമർപ്പണത്തിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News