ചില അവസരങ്ങളിൽ അമിതമായ നെഗറ്റീവ് ചിന്താരീതികൾ നമ്മെ കീഴ്‌പ്പെടുത്തിയേക്കാം. നിരാശാജനകമായ ചിന്തകളും ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥകളും നമ്മെ ദുർബലരാക്കാം. ഇത്തരം സാഹചര്യങ്ങളിൽ അതിൽനിന്നും വേഗം പുറത്തുകടക്കേണ്ടതും ഊർജസ്വലരാകേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്. അതിന് നമ്മെ സഹായിക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്. നമ്മുടെ ചിന്താഗതികളെ ക്രിയാത്മകമായി മാറ്റുന്ന ആ കാര്യങ്ങളെ പരിചയപ്പെടാം.
1. കൃതജ്ഞത
ജീവിതത്തിൽ വിഷമകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അല്ലെങ്കിൽ അവയെക്കുറിച്ച് അമിതമായി ചിന്തിക്കുമ്പോൾ നമുക്കുള്ള നല്ല കാര്യങ്ങളെ നന്ദിയോടെ ഓർക്കാം. ചില വ്യക്തികൾ, സംഭവങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ വളരെ പോസിറ്റീവ് ആയി ഇടപെട്ടിട്ടുണ്ടാകാം. അവയെക്കുറിച്ച് ഓർക്കുകയും നന്ദിയുള്ള മനസ്സ് രൂപപ്പെടുത്തുകയും ചെയ്യുക.
2. അന്തരീക്ഷം
വിഷമം നിറഞ്ഞ ഒരു സാഹചര്യത്തിലാണ് നമ്മളെങ്കിൽ, അവിടെനിന്നും മാറിനിൽക്കുന്നതിലൂടെ അത് നമ്മുടെ മനോഭാവത്തെയും ചിന്താഗതിയെയും കൂടുതൽ പോസിറ്റിവാക്കും. മനസ്സ് ശാന്തമാകുന്നതുവരെ ആ അന്തരീക്ഷത്തിൽനിന്നും കുറച്ചുസമയം മാറിനിൽക്കാം. ഇനി ചിന്തകളാണെങ്കിൽ, അവയെ ഉണർത്തുന്ന സാഹചര്യങ്ങളിൽനിന്നും മാറിനിൽക്കാം അല്ലെങ്കിൽ ഒരു യാത്ര പോകാം. അപ്പോൾ നമ്മൾ കൂടുതൽ ഉന്മേഷമുള്ളവരും വ്യത്യസ്തമായ മനോഭാവത്തോടെ തിരിച്ചുവരാനും കാര്യങ്ങൾ കൂടുതൽ നല്ല രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാനും നമുക്കു കഴിയും. നാം ജീവിക്കുന്ന അന്തരീക്ഷം പോസിറ്റിവായ സാഹചര്യങ്ങൾകൊണ്ടു നിറയ്ക്കുന്നതിനും അത് നമ്മെ സഹായിക്കും.
3. വിനോദങ്ങൾ
വിഷമം നിറഞ്ഞ സാഹചര്യത്തിൽ നമ്മുടെ ഇഷ്ടവിനോദങ്ങളെ, മാറ്റിവച്ച ചില ഇഷ്ടങ്ങളെ ഒക്കെ ചെയ്യാൻ സമയം കണ്ടെത്തുക. അപ്പോൾ മനസ്സ് കൂടുതൽ ഉന്മേഷമുള്ളതാകും. പുറത്തുള്ള ആളുകളുമായി ഇടപഴകുന്നതും മനസ്സിന്റെ സന്തോഷം വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. സംഗീതം ആസ്വദിക്കുക, പൂന്തോട്ടം പരിപാലിക്കൽ, സിനിമ കാണാം, യാത്ര പോകുക, സംസാരിക്കുക ഇവയൊക്കെ നമ്മിൽ സന്തോഷം നിലനിർത്താൻ സഹായിക്കുന്ന ചില ഘടകങ്ങളാണ്.