ഞാന്‍ എം. ബി. ബി. എസ്. പഠിക്കുന്ന കാലം. സർജറി തിയറി ക്ലാസ് ആണ് രംഗം. എല്ലാ മെഡിക്കൽ വിദ്യാർഥികളുടെയും പേടിസ്വപ്നമായ സർജറി പ്രൊഫസർ ചാകാവാലയിൽ സാറിന്റെ ഓങ്കോളജി ക്ലാസിന്റെ ആദ്യ ദിവസം. ഗൗരവം വിടാതെ അദ്ദേഹം ആരംഭിച്ചു.
“ഈശ്വരൻ നിങ്ങളോടു പറയുകയാണ്, നിങ്ങൾക്ക് കാൻസർ തീർച്ചയായും വരാം; എന്നാൽ ഏത് കാൻസർ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.”
എല്ലാവരുടെയും മുഖം വിളറി. കാരണം അക്കാലത്ത് (30 വർഷം മുമ്പ്) കാൻസർ എന്നുപറഞ്ഞാൽ മരണം എന്നാണ് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. ആരും ഉത്തരം പറഞ്ഞില്ല. ആ വെല്ലുവിളി ഏറ്റെടുക്കാൻ ആർക്കും ധൈര്യം വന്നില്ല.
അവസാനം അദ്ദേഹം പറഞ്ഞു: “എന്നോടാണ് ഈ ചോദ്യമെങ്കിൽ ഞാൻ തൈറോയിഡ് കാൻസർ തിരഞ്ഞെടുക്കും. കാരണം, ചികിത്സിച്ച് മാറ്റാൻ പറ്റുന്ന ഒന്നാണ് തൈറോയിഡിൽ ഉണ്ടാകുന്ന പാപ്പിലറി കാൻസർ!”
തുടർന്ന് അദ്ദേഹം തൈറോയിഡ് കാൻസറിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നു. എല്ലാ പ്രായക്കാരിലും വരുന്ന ഒരു കാൻസറാണ് ഇതെന്നും ഇത് വിവിധ തരമുണ്ടെന്നും ഇതിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാമാണെന്നും ഇത് എങ്ങനെ കണ്ടുപിടിക്കാമെന്നും ചികിത്സാരീതികള്‍ എന്തൊക്കെയാണന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ന് വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിരിക്കുന്നു. കാന്‍സര്‍ ചികിത്സാരീതികള്‍ക്ക് വലിയ പുരോഗതി സംഭവിച്ചിരിക്കുന്നു. കാൻസർ എന്നുപറഞ്ഞാൽ മരണം എന്ന അവസ്ഥ മാറി. ഏതുതരം കാന്‍സറും കൃത്യമായ സമയത്ത് ചികിത്സ ആരംഭിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് വൈദ്യശാസ്ത്രത്തിനു സാധിക്കുമെന്ന നിലയിലെത്തി കാര്യങ്ങള്‍. എങ്കിലും അന്ന് അദ്ദേഹം തൈറോയിഡ് കാൻസറിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്ന വിവരങ്ങള്‍ ഇന്നും പ്രസക്തം തന്നെ. ആളുകള്‍ക്ക് അത്തരം വിഷയത്തില്‍ ഇപ്പോഴും അജ്ഞതയുള്ളതിനാല് അക്കാര്യം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയാണ്.
തൈറോയിഡിൽ ഉണ്ടാകുന്ന കാന്‍സറുകള്‍
- പാപ്പിലറി കാൻസർ
- ഫോളികുലാർ കാൻസർ
- മെഡുല്ലറി കാൻസർ
- ലിംഫോമാ
- അനാ പ്ലാസ്റ്റിക് കാൻസർ
ഇതിൽ ഒന്നും രണ്ടുമാണ് ഏതാണ്ട് 98% രോഗികളിലും കാണപ്പെടുക. ഇവ പൂർണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്.
രോഗലക്ഷണങ്ങൾ
- തൈറോയിഡ് മുഴുവനായും വീർത്തുവരിക
- തൈറോയിഡിൽ മുഴകൾ പ്രത്യക്ഷപ്പെടുക
- കഴുത്തിൽ മുഴകൾ പ്രത്യക്ഷപ്പെടുക
- ശബ്ദവ്യത്യാസം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുക
തൈറോയിഡ് മുഴകൾ എങ്ങനെ അറിയാം
- കഴുത്തിന്റെ താഴ്വശത്ത് നമ്മുടെ ശാസനാളത്തിന്റെ (Windpipe) ഇരുവശവുമായി, വിഴുങ്ങുമ്പോൾ മുകളിലേക്കു മാറുന്ന മുഴകൾ.
- സാധാരണ മറ്റുള്ളവരാണ് നമ്മുടെ മുഴ ആദ്യം കാണുക.
- കണ്ണാടിയിൽ നോക്കുമ്പോൾ നമുക്ക് കാണാവുന്നതാണ്.
എങ്ങനെ കണ്ടുപിടിക്കാം
- ക്ലിനിക്കൽ പരിശോധന വഴി മുഴ സ്ഥിരീകരിക്കുന്നു.
- അൾട്രാസൗണ്ട് പരിശോധനയിൽ മുഴയുടെ ഗുരുതരാവസ്ഥ നിർണ്ണയിക്കപ്പെടുന്നു (TIRADS എന്ന പേരാണ് ഇതിന് ഉപയോഗിക്കുന്നത്).
- FNAC പരിശോധന വഴിയും കണ്ടുപിടിക്കാം. (ചെറിയ സൂചി ഉപയോഗിച്ച് മുഴയിൽ നിന്നും കോശങ്ങൾ വലിച്ചെടുത്തു നടത്തുന്ന പരിശോധന).
ചികിത്സ
- അസുഖം ബാധിച്ച തൈറോയിഡ് പൂര്‍ണ്ണമായും നീക്കം ചെയ്യുക (Total thyroidectomy).
- അസുഖം ബാധിച്ച കഴലകൾ നീക്കം ചെയ്യുക (Neck dissection).
- റേഡിയോ അയഡിൻ സ്കാനിങ് – രോഗവ്യാപ്തി നിർണ്ണയം.
- റേഡിയോ അയഡിൻ തെറാപ്പി – ശരീരത്തിലെ കാൻസർ കോശങ്ങൾ പൂർണ്ണമായും നശിപ്പിക്കുന്ന തെറാപ്പി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭയപ്പെടാതിരിക്കുക
- തൈറോയിഡ് കാൻസർ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി തെരഞ്ഞെടുക്കുക.
- ഞരമ്പുകൾക്ക് കേടുകൂടാതെ മുഴ പൂർണ്ണമായും നീക്കം ചെയ്യുകയും കഴലകൾ നീക്കം ചെയ്യേണ്ടതുമായതിനാൽ ഒരു കാൻസർ സർജനെകൊണ്ട് സർജറി ചെയ്യിക്കുക.
- കൃത്യമായി മരുന്നുകൾ കഴിക്കുക.
ശരിയായ ചികിത്സകൊണ്ട് തൈറോയിഡ് കാൻസർ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാം എന്നത് നമുക്ക് ഏവര്‍ക്കും ആശ്വാസം നല്കുന്ന ഒരു കാര്യമാണ്.
ഡോ. ജോജോ ജോസഫ് (സീനിയർ കൺസൾട്ടന്റ്)
കാൻസർ സർജൻ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്