ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന ഒരു അപകടമാണ് അമിതമായ ഉൽക്കണ്ഠയും ആത്മവിശ്വാസക്കുറവും. പല പഠനങ്ങളും ബാല്യ കൗമാരങ്ങളിൽ കഴിയുന്ന കുട്ടികളിൽ ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും വർദ്ധനവ് തെളിയിക്കുന്നുണ്ട്. കളികൾ അടിസ്ഥാനമാക്കിയുള്ള കുട്ടിക്കാലം ഫോൺ അധിഷ്ഠിത ബാല്യകാലത്തിലേക്ക് ചേക്കേറിയതാണ് കുട്ടികളിലെ ഈ നിരാശയ്ക്കും ആകുലതകൾക്കും കാരണമായി മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. മുറ്റത്തും തൊടിയിലും കളിച്ചുകൊണ്ട് ബാല്യകാലം ചിലവിട്ടിരുന്ന കുഞ്ഞുങ്ങൾ ഒരു കാലത്ത് വികൃതികളായിരുന്നു എങ്കിലും അവർക്കു മാനസികമായി മികച്ച ആരോഗ്യം ഉണ്ടായിരുന്നു. എന്നാൽ ഫോണുകളും കംപ്യൂട്ടറുകളും എത്തിയതോടെ മുറ്റത്തെ കളികൾ മുറിക്കുള്ളിലേക്ക് ചുരുങ്ങി. അതോടൊപ്പം മാനസികമായ ആരോഗ്യത്തിന്റെ കാര്യത്തിലും കുട്ടികൾ പിന്നിലായി. ഇത് കുട്ടികളിൽ അകാരണമായ ഭയം, നഷ്ടബോധം, നിരാശ, ആകുലത തുടങ്ങിയവ വർധിപ്പിക്കാൻ കാരണമാകുകയും ചെയ്തു.
നമ്മുടെ കുട്ടികളെ ഇത്തരത്തിലുള്ള അകാരണമായ ആകുലതകളിൽ നിന്നും വിഷാദത്തിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ. ഈ മാർഗ്ഗങ്ങളിലൂടെ അവരെ നമുക്ക് ആത്മവിശ്വാസമുള്ളവരും സമൂഹത്തിൽ സജീവമായി നിലനിൽക്കുന്നവരുമാക്കി മാറ്റാം.
1. ഹൈസ്‌കൂളിൽ എത്തുന്നതിനു മുൻപ് കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകരുത്
ഇന്ന് പലപ്പോഴും മാതാപിതാക്കൾ കുട്ടികളെ സന്തോഷിപ്പിക്കുന്നത് വിലകൂടിയ ഫോണുകളും വാഹനങ്ങളും ഒക്കെ വാങ്ങി നൽകിയാണ്. ഇതിനു ഒരു പ്രായപരിധി നിശ്ചയിക്കുന്നതിന് പലപ്പോഴും മാതാപിതാക്കൾ ശ്രമിക്കാറില്ല. അല്ലെങ്കിൽ അതിനു കൃത്യമായ ഒരു പരിധി വയ്ക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നു. ഹൈസ്‌കൂൾ പ്രായത്തിനു മുൻപുള്ള സമയങ്ങളിൽ കുട്ടികൾക്കു ഒട്ടും പക്വത എത്താത്തതിനാൽ തന്നെ ഫോണിന് പൂർണ്ണമായും അടിമകളാകാൻ സാധ്യത ഉണ്ട്. തന്നെയുമല്ല ഇത്തരത്തിലുള്ള ഫോൺ അഡിക്ഷൻ കുട്ടികളിൽ നിരാശ, ആകുലത, പഠനവൈകല്യം, ശ്രദ്ധക്കുറവ് തുടങ്ങിയവയ്ക്കു കാരണമായി മാറുകയും ചെയ്യും. അതിനാൽ ഈ പ്രായത്തിനു മുൻപ് ഒരിക്കലും കുട്ടികൾക്ക് ഫോൺ വാങ്ങി നൽകരുത്.
2. 16 വയസ്സിന് മുമ്പ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്
കുട്ടികൾക്ക് 16 വയസ് ആകുന്നതിനു മുൻപ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദം നൽകരുത്. ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുന്നതാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം അനേകം മാതാപിതാക്കൾ ഇത്തരത്തിൽ കുട്ടികൾക്ക് പരിധികൾ വയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. അതിനാൽ കുട്ടികളുടെ നന്മയെ പ്രതി നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് ശ്രമിക്കാം. സോഷ്യൽ മീഡിയ ഉപയോഗം യുവാക്കളുടെ മാനസികാരോഗ്യം മോശമാകുന്നതിനു കാരണമാകുന്നു എന്ന് യു.എസ്. സർജൻ ജനറൽ ഡോ. വിവേക് മൂർത്തി വെളിപ്പെടുത്തുന്നുമുണ്ട്.
3. സ്‌കൂളിൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കരുത്
ഫോണുകളുമായി സ്‌കൂളിൽ പോകുന്ന പ്രവണത വളരെ അപകടകരമായിട്ടാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നും മാതാപിതാക്കളോട് അവർ നിർദ്ദേശിക്കുന്നു. കാരണം കൂട്ടുകാരുടെ ഇടയിലെ ഫോൺ ഉപയോഗം കുട്ടികളെ പലപ്പോഴും തെറ്റായ സ്ഥലങ്ങളിലേക്കും പ്രവണതകളിലേയ്ക്കും നയിച്ചേക്കാം.
4. പുറത്ത് കളിക്കാൻ അനുവദിക്കാം, ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സ്വാതന്ത്ര്യം നൽകാം
കുട്ടികളെ കളിയ്ക്കാൻ പുറത്തു വിടുന്നതും ഓരോ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ഏൽപ്പിക്കുന്നതും അൽപ്പം ശ്രമകരമാണ് എങ്കിലും അത് ചെയ്യുന്നത് മികച്ച ഫലങ്ങൾ നൽകും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വീടിനുള്ളിൽ നിന്നും കളികൾക്കും മറ്റുമായി പുറത്തിറങ്ങുമ്പോൾ കൂട്ടുകാരും സമൂഹവും ഒക്കെയായി മികച്ച ബന്ധം സ്ഥാപിക്കാൻ കുട്ടികൾക്ക് കഴിയുന്നു. അത് കുട്ടികളെ ഊർജ്ജസ്വലരും മിടുക്കരുമാക്കുന്നു. ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോൾ ചില അവസരങ്ങളിൽ അത് പൂർണ്ണമായും ചെയ്യാൻ പരാജയപ്പെടാം. എന്നാൽ പരാജയങ്ങളിലൂടെ വിജയത്തിലെത്തുമ്പോൾ അവർ മാനസികമായി കരുത്തുള്ളവരായും കാര്യശേഷിയുള്ളവരായും അവർ മാറുന്നു.
മരിയ ജോസ്