അമേരിക്കൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത് 1861 ഏപ്രിൽ പന്ത്രണ്ടിനായിരുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധം എന്നുകൂടി അറിയപ്പെടുന്ന ഈ യുദ്ധം നാലുവർഷങ്ങൾ നീണ്ടുനിന്നു. അമേരിക്കൻ ഐക്യനാടുകളും അതിൽനിന്നു വേറിട്ടുനിന്ന 11 തെക്കൻ സംസ്ഥാനങ്ങളും ചേർന്നു രൂപീകരിച്ച കോൺഫെഡറേറ്റ് സ്റ്റേറ്റ് ഓഫ് അമേരിക്കയും തമ്മിലായിരുന്നു യുദ്ധം. 1861 ഏപ്രിൽ പന്ത്രണ്ടിന് അതിരാവിലെ സൗത്ത് കരോലിനയിൽ നടത്തിയ സ്ഫോടനത്തോടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധത്തിൽ എട്ടരലക്ഷത്തോളം സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് കരുതപ്പെടുന്നു. 1865 ഏപ്രിൽ ഒൻപതിന് കോൺഫെഡറേറ്റ് ജനറലായിരുന്ന റോബർട്ട് ലീ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു.
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആദ്യ ബഹിരാകാശ യാത്ര നടത്തിയത് 1961 ഏപ്രിൽ പന്ത്രണ്ടിനാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായ ഖസാക്കിസ്ഥാനിലെ ബൈക്കോനോർ കോസ്മോ ഡ്രോമിൽ നിന്നാണ് ഗഗാറിനെയും വഹിച്ചുള്ള വൊസ്ടോക്ക് ബഹിരാകാശത്തേക്കു കുതിച്ചത്. 27 വയസ്സായിരുന്നു യൂറി ഗഗാറിന് അന്ന് പ്രായം. പുറപ്പെടുന്നതിന് നിമിഷങ്ങൾക്കു മുൻപ് അദ്ദേഹം പറഞ്ഞ ‘ലെറ്റ്സ് ഗോ’ (നമുക്ക് പോകാം) എന്ന വാക്കിന് വലിയ പ്രചാരം ലഭിച്ചു. 108 മിനിറ്റുനേരം ബഹിരാകാശതു ചെലവിട്ടശേഷം, തിരികെ കസാക്കിസ്ഥാനിലേക്ക് ആ പേടകം തിരിച്ചിറങ്ങി. അന്ന് വോസ്റ്റോക്കിനുവേണ്ട ബ്രേക്കിംഗ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ റഷ്യൻ ബഹിരാകാശ ഗവേഷകർക്കു സാധിച്ചിരുന്നില്ല. അതുകൊണ്ട് 20,000 അടി മുകളിൽവച്ച് പേടകത്തിൽനിന്ന് സ്വയം ഇജക്റ്റ് ചെയ്ത്, പാരാലാൻഡ് ചെയ്യുകയായിരുന്നു ഗഗാറിൻ.
ആദ്യ സ്പേസ് ഷട്ടിലായ കൊളംബിയ ആദ്യ ബഹിരാകാശ യാത്ര ആരംഭിച്ചത് 1981 ഏപ്രിൽ പന്ത്രണ്ടിനായിരുന്നു. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിനെപോലെ കുത്തനെ ബഹിരാകാശത്തേക്കു പറന്നുയർന്ന് വിമാനത്തെപ്പോലെ തിരിച്ച് ഭൂമിയിലേക്കിറങ്ങാൻ ശേഷിയുള്ളവയാണ് സ്പേസ് ഷട്ടിലുകൾ. ഭാഗികമായെങ്കിലും പുനരുപയോഗിക്കാവുന്ന ശൂന്യാകാശ വാഹനം എന്ന ആശയത്തിൽ നിന്നാണ് സ്പേസ് ഷട്ടിൽ പിറവിയെടുക്കുന്നത്. അമേരിക്കൻ വ്യോമസേനയും ബഹിരാകാശ ഏജൻസി നാസയും സഹകരിച്ചായിരുന്നു ഇവയുടെ നിർമ്മാണം. 1981 മുതൽ 2011 വരെ 135 ബഹിരാകാശ ദൗത്യങ്ങൾ അമേരിക്ക സ്പേസ് ഷട്ടിലുകൾ ഉപയോഗിച്ചു നടത്തി. ഇവയിൽ രണ്ടെണ്ണം മാത്രമാണ് അപകടത്തിൽ കലാശിച്ചത്. അതിൽ, ചലഞ്ചർ പറന്നുയരുമ്പോഴും കൊളംബിയ തിരിച്ചിറങ്ങുമ്പോഴുമായിരുന്നു അപകടത്തിൽപെട്ടത്. ആകെ 14 യാത്രികർക്ക് ഈ രണ്ട് ദുരന്തങ്ങളിലായി ജീവൻ നഷ്ടമായി.