റോമിലെ പ്രശസ്തമായ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത് 1506 ഏപ്രിൽ 18 നാണ്. അന്നാണ് ജൂലിയസ് രണ്ടാമൻ മാർപാപ്പ ബസിലിക്കയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. യേശുവിന്റെ ശിഷ്യനും ആദ്യത്തെ മാർപാപ്പയുമായിരുന്നു വി. പത്രോസിന്റെ ശവകുടീരത്തിനു മീതെയാണ് ബസിലിക്ക പണിതുയർത്തിയത്. 1615 ലാണ് പണികൾ തീർന്നത്. പോൾ അഞ്ചാമനായിരുന്നു അന്നത്തെ മാർപാപ്പ. കുരിശാകൃതിയിലുള്ള ദൈവാലയത്തിന്റെ പ്രധാന അൾത്താരയ്ക്കു നേരെമുകളിൽ ഡോം വരുന്ന രീതിയിലാണ് നിർമ്മാണം. പ്രശസ്തമായ ഒരു തീർഥാടനകേന്ദ്രം കൂടിയാണ് ഈ ബസിലിക്ക. മൈക്കലാഞ്ചലോയുടെ പിയാത്തെ ഉൾപ്പെടെയുള്ള ഉദാത്ത കലാസൃഷ്ടികളാൽ അനുഗ്രഹീതമാണ് ഈ ദൈവാലയം.
1946 ഏപ്രിൽ 18 നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി അതിന്റെ ആദ്യ സിറ്റിംഗ് നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ നീതിനിർവഹണ സംവിധാനമാണ് ലോക കോടതി എന്നുകൂടി അറിയപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി. നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായാണ് കോടതി പ്രവർത്തിക്കുന്നത്. ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാനുള്ള അധികാരങ്ങളുള്ള കോടതിയാണിത്. ഒൻപതു വർഷക്കാലാവധിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന 15 ന്യായാധിപന്മാരാണ് കോടതിയിലുണ്ടാവുക. ഫ്രഞ്ചും ഇംഗ്ലീഷുമാണ് ഔദ്യോഗിക ഭാഷകൾ.
1991 ഏപ്രിൽ 18 നാണ് കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി മലപ്പുറത്തെ ചേലക്കോടൻ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂർണ്ണ സാക്ഷരത നേടി എന്നു പ്രഖ്യാപിച്ചത്. ആദ്യം നഗരം, പിന്നീട് ജില്ല, ശേഷം സംസ്ഥാനമൊട്ടുക്കും എന്ന വിധത്തിൽ നടന്ന അക്ഷരജ്വാല പദ്ധതിയിലൂടെയാണ് സംസ്ഥാനം സാക്ഷരമായിത്തീർന്നത്. 1989 ജൂൺ 18 ന് ഇന്ത്യയിലെ ആദ്യ അക്ഷരനഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു. 1990 ഫെബ്രുവരി നാലിന് എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി. ഒടുവിൽ 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി. സാക്ഷരത നിലനിർത്താനും വിദ്യാഭ്യാസനേട്ടം കൈവരിക്കാനുമായി ഇപ്പോൾ തുടർ സാക്ഷരതാ പരിപാടി നടന്നുവരുന്നു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയാണ് ഇതിനു നേതൃത്വം നൽകുന്നത്.