2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ 267 പേർ കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും, ഈസ്റ്റർ ഞായർ ശുശ്രൂഷകൾ നടക്കുകയായിരുന്ന മൂന്നു പള്ളികളിലുമാണ് സ്ഫോടനങ്ങൾ നടന്നത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ രാവിലെ 08.45 നാണ് ആദ്യസ്ഫോടനമുണ്ടായത്. തുടർന്ന് ഏഴ് ചാവേറുകൾ കൂടി പലയിടങ്ങളിലായി പൊട്ടിത്തെറിച്ചു. കൊല്ലപ്പെട്ടവരിൽ 45 വിദേശികളുമുണ്ടായിരുന്നു.
യുനെസ്കോയുടെ നേതൃത്വത്തിൽ ലോക ഡിജിറ്റൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചത് 2019 ഏപ്രിൽ 21 നാണ്. അപൂർവമായ പുസ്തകങ്ങൾ, ഭൂപടങ്ങൾ, കൈയെഴുത്തു പ്രതികൾ, സിനിമകൾ, ചിത്രങ്ങൾ തുടങ്ങിയവ ലോകത്ത് എവിടെനിന്നും സൗജന്യമായി വായിക്കാനും കാണാനും കഴിയുന്ന രീതിയിലാണ് ഡിജിറ്റൽ ലൈബ്രറി ഡിസൈൻ ചെയ്തിരിക്കുന്നത്. വെബ്സൈറ്റുകളിൽ പാശ്ചാത്യമല്ലാത്ത ഉള്ളടക്കങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക എന്നതും ഡിജിറ്റൽ ലൈബ്രറിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
2021 ഏപ്രിൽ 21 നാണ് കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരത്തിനു മുകളിൽ എത്തിയത്. 22,414 പേർക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 105 പേർ ആരോഗ്യപ്രവർത്തകരായിരുന്നു. നാലു ജില്ലകളിൽ രണ്ടായിരത്തിനു മുകളിൽ രോഗികളുണ്ടായിരുന്നു. രോഗികളുടെ വർധനവ് ഉണ്ടായതുമൂലം സംസ്ഥാനം അന്ന് കോവിഡ് മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തു. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഏഴുദിവസം വരെ സാമൂഹിക ഇടപെടൽ പാടില്ല എന്നതും, പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് 14 ദിവസം റൂം ക്വാറനൈ്റൻ നിർബന്ധമാക്കിയതുമാണ് മാർഗനിർദ്ദേശങ്ങളിലുണ്ടായ പ്രധാന മാറ്റങ്ങൾ.