Wednesday, January 22, 2025

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 20

വിയറ്റ്നാമിൽ ദേശീയ വിമോചനമുന്നണി രൂപീകരിക്കപ്പെട്ടത് 1960 ഡിസംബർ 20 നാണ്. നാഷണൽ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ദി സൗത്ത് എന്നായിരുന്നു മുന്നണിയുടെ മുഴുവൻ പേര്. ദക്ഷിണ വിയറ്റ്നാമിലെ സർക്കാരിനെ താഴെയിറക്കാനും ഉത്തര-ദക്ഷിണ വിയറ്റ്നാമുകളെ പുനരേകീകരിക്കാനും ഉദ്ദേശിച്ചുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു അത്. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും എൻ. എൽ. എഫിന് സ്വന്തമായി നയതന്ത്ര പ്രതിനിധികൾ ഉണ്ടായിരുന്നു. 1976 ൽ വിയറ്റ്നാം പുനരേകീകരണം നടന്നതോടെ ദേശീയ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എൻ. എൽ. എഫ്. വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചു.

1988 ഡിസംബർ 20 നായിരുന്നു ഇന്ത്യൻ ഭരണഘടനയുടെ 61-ാം ഭേദഗതി രാജ്യസഭ പാസ്സാക്കിയത്. വോട്ട് ചെയ്യാനുള്ള പ്രായം 21 ൽ നിന്ന് 18 ലേക്ക് താഴ്ത്തിയത് ഈ ഭേദഗതിയിലൂടെയാണ്. തെരഞ്ഞെടുപ്പിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയുടെ 326-ാമത്തെ ആർട്ടിക്കിളാണ് ഭേദഗതി ചെയ്തത്. ഈ ഭേദഗതിക്ക് മുമ്പുവരെ 21 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരർക്കായിരുന്നു വോട്ട് ചെയ്യാൻ അവകാശമുണ്ടായിരുന്നത്. ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതായിരുന്നു ഭേദഗതിയുടെ ലക്ഷ്യം. 1989 മാർച്ച് 28 നാണ് ഈ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവച്ചത്. അന്നുമുതൽ ഇത് പ്രാബല്യത്തിലായി.

1989 ഡിസംബർ 20 നാണ് അമേരിക്കൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ ജസ്റ്റ് കോസ് ആരംഭിച്ചത്. പനാമയിൽ ജനാധിപത്യഭരണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക നടത്തിയ സൈനികമുന്നേറ്റമായിരുന്നു അത്. ഏകാധിപതിയായ മാനുവൽ നൊറിയേഗയുടെ ഭരണത്തിൻകീഴിലായിരുന്നു അന്ന് പനാമ. ഒരു മാസത്തിലധികം നീണ്ട ഈ സൈനിക നടപടിക്കുശേഷം നൊറിയേഗയുടെ പനാമ ഡിഫൻസ് ഫോഴ്സ് പിരിച്ചുവിടുകയും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്വിലേർമോ എൻഡാര പനാമയുടെ ഭരണം എറ്റെടുക്കുകയും ചെയ്തു.

Latest News