1851 ഡിസംബർ 22 നായിരുന്നു ഇന്ത്യയിലെ ആദ്യ ചരക്ക് തീവണ്ടി ഓടിത്തുടങ്ങിയത്. ഇപ്പോഴത്തെ ഉത്തരാഖണ്ഡിലുള്ള റൂർക്കെയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള പിരൻ കാളിയാറിലേക്കായിരുന്നു ആദ്യയാത്ര. ഗംഗാകനാൽ നിർമിക്കുന്നതിന് ആവശ്യമുള്ള സാമഗ്രികളായിരുന്നു ആദ്യ ചരക്കുവണ്ടിയിലുണ്ടായിരുന്നത്. കനാൽനിർമാണത്തിന് ആവശ്യമായ കളിമണ്ണ് എങ്ങനെ പദ്ധതിപ്രദേശത്ത് എത്തിക്കുമെന്നു ചിന്തിച്ച എഞ്ചിനീയർമാരാണ് ചരക്ക് തീവണ്ടി ഉപയോഗിക്കാം എന്ന ആശയം മുന്നോട്ടുവച്ചത്. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതിചെയ്ത എഞ്ചിന് ഈ പ്രോജക്ടിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ തോംപ്സൺന്റെ പേര് തന്നെയാണ് നൽകിയത്. മണിക്കൂറിൽ നാല് മൈൽ മാത്രമായിരുന്നു തീവണ്ടിയുടെ വേഗം. ഒമ്പതു മാസക്കാലം ഈ എഞ്ചിൻ പ്രവർത്തിച്ചു. 1852 ൽ തീപിടുത്തത്തിൽ അത് നശിച്ചു.
ആദ്യമായി ഒരു ഛിന്നഗ്രഹത്തെ ഫോട്ടോഗ്രഫി സാങ്കേതികവിദ്യയിലൂടെ കണ്ടെത്തുന്നത് 1891 ഡിസംബർ 22 നായിരുന്നു. ആസ്റ്ററോയിഡ് 323 ബ്രൂസിയ എന്ന ഛിന്നഗ്രഹമാണ് ആദ്യമായി ഫോട്ടോയിൽ പതിഞ്ഞത്. മാക്സ് വൂൾഫ് എന്നയാളാണ് ഇത് കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോ എടുക്കാൻ ഉപയോഗിച്ച ടെലിസ്കോപ്പ് നിർമിക്കാൻ പതിനായിരം ഡോളർ നൽകിയ ജ്യോതിശാസ്ത്രതത്പരയായ കാതറിൻ വൂൾഫ് ബ്രൂസിന്റെ ബഹുമാനാർഥമാണ് ബ്രൂസിയ എന്ന പേര് ഈ ഛിന്നഗ്രഹത്തിനു നൽകിയത്. ബ്രൂസിയയുടെ കണ്ടെത്തലിനുമുമ്പ് 322 ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. തിരിച്ചറിഞ്ഞ 323-ാമത്തെ ഛിന്നഗ്രഹമായിരുന്നു ബ്രൂസിയ 323.
അമേരിക്കയിലെ ലിങ്കൺ ടണൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് 1937 ഡിസംബർ 22 നായിരുന്നു. ഹുഡ്സൺ നദിയുടെ അടിയിലൂടെ നിർമിച്ചിരിക്കുന്ന, രണ്ടര കിലോമീറ്ററോളം നീളംവരുന്ന തുരങ്കപാതയാണ് ലിങ്കൽ ടണൽ. ന്യൂ ജേഴ്സി-ന്യൂയോർക്ക് എന്നീ നഗരങ്ങളെതമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാത. 1920 കളിലാണ് തുരങ്കം നിർമിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ രൂപപ്പെടുന്നത്. 1934 ൽ നിർമാണപ്രവർത്തികൾ ആരംഭിച്ചു. മൂന്ന് തുരങ്കങ്ങളാണ് പാതയിലുള്ളത്. ഇതിൽ മധ്യഭാഗത്തെ തുരങ്കമാണ് 1937 ൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മറ്റ് രണ്ട് ടണലുകളിൽ ഒന്നിന്റെ നിർമാണം 1945 ലും മറ്റൊന്നിന്റേത് 1957 ലുമാണ് പൂർത്തിയായത്. അവ യഥാക്രമം 1945 ഫെബ്രുവരി ഒന്നിനും 1957 മെയ് 25 നും ഗതാഗതത്തിനായി തുറന്നുകൊടുത്തു.