1911 ഡിസംബർ 27 നായിരുന്നു ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ ആദ്യമായി ആലപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ, കൽക്കട്ടയിൽവച്ചു നടത്തിയ 26-ാമത് സമ്മേളനത്തിലാണ് ആദ്യമായി ഇത് ആലപിച്ചത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബർ 27 ന് നൊബേൽ ജേതാവായ രവീന്ദ്രനാഥ ടാഗോർ, അദ്ദേഹംതന്നെ ബംഗാളിയിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ആലപിക്കുകയായിരുന്നു. സമ്മേളനത്തിനെത്തിയ പ്രതിനിധികൾ അത് ഏറ്റുചൊല്ലി. ടാഗോർ രചിച്ച ‘ഭാരോതോ ഭാഗ്യോ ബിധാത’ എന്ന ബംഗാളി ശ്ലോകത്തിന്റെ ആദ്യ ഖണ്ഡമാണ് ജനഗണമന. ഈ ഗാനത്തിന്റെ അൽപം വ്യത്യസ്തമായ പതിപ്പ് 1941 ൽ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ദേശീയഗാനമായി സ്വീകരിച്ചു. പിന്നീട് 1950 ജനുവരി 24 നാണ് ജനഗണമന ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനമായിത്തീർന്നത്.
രണ്ടു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസിർ ഭൂട്ടോ വെടിയേറ്റു മരിച്ചത് 2007 ഡിസംബർ 27 നായിരുന്നു. റാവല്പിണ്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ഭൂട്ടോയ്ക്ക് വെടിയേറ്റത്. പാക്കിസ്ഥാനിലെ പന്ത്രണ്ടാമത്തെയും പതിനാറാമത്തെയും പ്രധാനമന്ത്രി ആയിരുന്നു ഭൂട്ടോ. ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയായിരുന്നു അവർ. പാക്കിസ്ഥാനിൽ ആദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ മകളാണ് ബേനസിർ. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കാളിലൊരാളായാണ് അവർ കണക്കാക്കപ്പെടുന്നത്.
1966 ഡിസംബർ 27 നാണ് ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ കേവ് ഓഫ് സ്വാലോസ് കണ്ടെത്തിയത്. മെക്സിക്കോയിലെ സാൻ ലൂയിസ് പൊട്ടോസിയിലെ അക്വിസ്മോണിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. 994 അടി നീളവും 442 അടി വീതിയുമുള്ള ഒരു ഭൂപ്രദേശത്തെ ഉൾകൊള്ളുന്ന ഒരൊറ്റ ഗുഹ ആയതുകൊണ്ടാണ് ഇതിനെ കേവ് ഓഫ് സ്വാേളാസ് എന്ന് വിളിക്കുന്നത്. ടെക്സസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ ഈ ഗുഹ കണ്ടെത്തുംവരെ ഇത് മെക്സിക്കൻ ജനതയ്ക്ക് അജ്ഞതമായിരുന്നു. പാരച്യൂട്ട് ജംപിംഗ്, വെർട്ടിക്കൽ കേവിംഗ് പോലുള്ള കായികവിനോദങ്ങളാണ് ഈ സ്ഥലത്തെ ഇപ്പോഴത്തെ ആകർഷണം.