ചരിത്രത്തിലെ അതിക്രൂരമായ യുദ്ധങ്ങളിലൊന്നായ ദാബൂൾ യുദ്ധം നടന്നത് 1508 ഡിസംബർ 29 നാണ്. പോർച്ചുഗീസ് സൈന്യവും ബീജാപൂർ സുൽത്താനും തമ്മിൽ നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാർ ദാബൂൾ നഗരം ആക്രമിക്കുകയും തകർക്കുകയും ചെയ്തു. ആദിൽ ഷാഹി രാജവംശം ഭരിച്ചിരുന്ന നാട്ടുരാജ്യമായ ബീജാപൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു തുറമുഖ നഗരമായിരുന്നു ദാബൂൾ. 15, 16 നൂറ്റാണ്ടുകളിൽ ഇതൊരു പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായിരുന്നു. ഇന്ത്യയിലെ അന്നത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡയുടെ മകൻ ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ദാബൂൾ യുദ്ധം നടന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി ആളുകൾ പോർച്ചുഗീസുകാരുടെ ആയുധങ്ങൾക്ക് ഇരകളായി. കൂട്ടക്കൊലയ്ക്കുശേഷം വാളിൽനിന്ന് രക്ഷപെട്ട എല്ലാവരെയും ജീവനോടെ ചുട്ടുകൊല്ലാൻ അവർ നഗരം മുഴുവൻ അഗ്നിക്കിരയാക്കി. 1509 ജനുവരി അഞ്ചിന് സൈന്യം നഗരം വിട്ടതോടെയാണ് യുദ്ധം അവസാനിച്ചത്.
ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് കാർ കമ്പനി സ്ഥാപിതമായത് 1967 ഡിസംബർ 29 നാണ്. തൊട്ടടുത്ത വർഷം ഫോർഡ് മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് കോർട്ടിയ എന്ന ആദ്യ കാർ നിർമിച്ചത്. 1975 ലാണ് കമ്പനി സ്വന്തമായി നിർമിച്ച ആദ്യത്തെ കാറായ പോണി എന്ന മോഡൽ ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയത്. 1976 ഇത് ഇക്വഡോറിലേക്കും ബെനലക്സ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. 1982 ൽ ഹ്യൂണ്ടായ് ബ്രിട്ടീഷ് വിപണിയിലും പ്രവേശിച്ചു. 1985 ൽ കമ്പനി നിർമിച്ചത് പത്തുലക്ഷത്തോളം കാറുകളാണ്. 1990 കളിൽ ഉൽപാദനം 40 ലക്ഷത്തോളമായി ഉയർത്തി. 1996 ലാണ് ഹുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ചൈനയ്ക്ക് അടുത്തുള്ള ഇരുങ്ങാട്ട്കോടൈ്ടയിൽ ഉൽപാദന പ്ലാന്റ് ആരംഭിക്കുന്നത്. നിലവിൽ ലോകത്തെ നാലാമത്തെതും ഇന്ത്യയിലെ രണ്ടാമത്തെതുമായ വലിയ കാർ നിർമാതാവും ഇന്ത്യയിൽനിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്നതുമായ കമ്പനിയുമാണ് ഹ്യുണ്ടായ്. 2002 മുതൽ ഫിഫ വേൾഡ് കപ്പിന്റെ ആഗോള ഔദ്യോഗിക സ്പോൺസർമാരിൽ ഒരാൾ കൂടിയാണ് ഹ്യുണ്ടായ്.
ഇന്ത്യയിലെ ആദ്യത്തെ മെട്രോ സർവീസ് ആയ കൊൽക്കത്ത മെട്രോയ്ക്ക് തറക്കല്ലിട്ടത് 1972 ഡിസംബർ 29 നാണ്. 1919 ലാണ് കൽക്കട്ടയിൽ മെട്രോറെയിൽ നിർമിക്കണമെന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഷിംലയിൽ നടന്ന ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലായിരുന്നു അത്. എന്നാൽ തുകയുടെ അഭാവം മൂലം പദ്ധതിയുടെ നിർമാണം നീണ്ടുപോവുകയായിരുന്നു. 1969 ൽ ദി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് പ്രോജക്ട് ആരംഭിച്ചതിനുശേഷമാണ് മെട്രോയുടെ നിർമാണം യാഥാർഥ്യമായത്. നൂറു കിലോമീറ്റർ ദൂരത്തിൽ അഞ്ച് മെട്രോ ലൈനുകൾ ഉൾപ്പെടുന്ന ഒരു പ്ലാനാണ് അവർ തയ്യാറാക്കിയത്. അതിൽ മൂന്ന് ലൈനുകൾക്ക് നിർമാണാനുമതി ലഭിച്ചു. ദംദം മുതൽ ടോളിഗഞ്ച് വരെയുള്ള ലൈനിന്റെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി 1972 ഡിസംബർ 29 ന് പദ്ധതിക്ക് തറക്കല്ലിട്ടു. 1984 ഒക്ടോബറിൽ എസ്പ്ലനേഡ് മുതൽ ഭവാനിപൂർ വരെയുള്ള 3.4 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയായി. ഇന്ത്യയിലെ ആദ്യ മെട്രൊ റെയിൽപാതയും ഇതുതന്നെയാണ്.