സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനങ്ങളിലൊന്നാണ് ഫെബ്രുവരി 14. 1876 ൽ ഈ ദിനത്തിലാണ് വിശ്രുത കണ്ടെത്തലായ ടെലിഫോണിന് അലക്സാണ്ടർ ഗ്രഹാം ബെൽ പേറ്റന്റിന് അപേക്ഷിക്കുന്നത്. ടെലഗ്രാഫ് വലിയ വിപ്ലവം സൃഷ്ടിച്ച ആ വർഷങ്ങളിൽ ഒറ്റക്കമ്പിയിലൂടെ നിരവധി സന്ദേശങ്ങൾ ഒരേസമയം അയയ്ക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഗ്രഹാം ബെല്ലിനെ ടെലിഫോണിന്റെ കണ്ടെത്തലിലേക്ക് എത്തിക്കുന്നത്. വിഖ്യാതസ്ഥാപനമായ വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനി തോമസ് ആൽവാ എഡിസന്റെ സഹായത്തോടെ ഒറ്റക്കമ്പിയിലൂടെ നാല് സന്ദേശങ്ങൾവരെ അയയ്ക്കാനുള്ള സാങ്കേതികവിദ്യ കൈവരിച്ചിരുന്നു. ഹെർമ്മൻ ഹെൽമോൽസ് എന്ന ജർമ്മൻ ശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങളെക്കുറിച്ചറിഞ്ഞ ഗ്രഹാംബെൽ, ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റാമെന്ന അടിസ്ഥാന തത്വത്തിലധിഷ്ഠിതമായി തന്റെ ഹാർമോണിക് ടെലഗ്രാഫ് എന്ന ഉപകരണം അവതരിപ്പിച്ചു. ഗാർഡിനർ ഹബ്ബാർഡ് എന്ന വ്യവസായി ബെല്ലിന്റെ പുതിയ ഉപകരണത്തെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാമെന്നറിയിച്ചു. എന്നാൽ ശബ്ദതരംഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ ഗ്രഹാം ബെല്ലിന് അവ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു ഉപകരണം നിർമ്മിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു. അങ്ങനെയാണ് മെക്കാനിക്കായി പ്രവർത്തിച്ചിരുന്ന തോമസ് വാട്സനെ തന്റെ സഹായിയായി നിയമിക്കുന്നത്. നിരവധി പരിശ്രമങ്ങൾക്കൊടുവിൽ അക്വസ്റ്റിക് ടെലഗ്രാഫ് എന്ന ഉപകരണം നിർമ്മിച്ച ഗ്രഹാം ബെൽ അമേരിക്കൻ പേറ്റന്റിന് അപേക്ഷിച്ചു. 1876 ഫെബ്രുവരി 14 ന് എലീഷ ഗ്രേ എന്ന ശാസ്ത്രജ്ഞനും ഇതേ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചത് ആകസ്മികതയായി. വ്യത്യസ്ത രീതിയിലുള്ള ഉപകരണമായിരുന്നു അതെങ്കിലും പ്രവർത്തനത്തിലെ സമാനത അദ്ദേഹത്തിന് പേറ്റന്റ് ലഭിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചു. എലീഷ ഗ്രേയുടെ പേറ്റന്റ് അപേക്ഷയെ മറികടന്ന് ഗ്രഹാം ബെല്ലിന് 1876 മാർച്ച് ഏഴിന് പേറ്റന്റ് ലഭിച്ചു. മാർച്ച് പത്തിനാണ് പ്രശസ്തമായ ‘മി. വാട്സൻ, ഇവിടെ വരൂ, നിങ്ങളെ എനിക്ക് കാണണം’ എന്ന ആദ്യവാചകങ്ങൾ ടെലിഫോണിലൂടെ വാട്സന് ലഭിക്കുന്നത്. ആ വർഷം ആഗസ്റ്റിൽ കാനഡിലെ ബ്രാന്റ് ഫോർഡിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പാരീസ് എന്ന സ്ഥലത്തേക്ക് ആദ്യ ദീർഘദൂരഫോൺ സന്ദേശമയച്ചു.
2005 ഫെബ്രുവരി 14 ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് ചരിത്രത്തിലെ സുവർണ്ണ ദിവസമാണ്. അന്നാണ് www.youtube.com എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്യപ്പെടുന്നത്. സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവരാണ് യൂട്യൂബ് സ്ഥാപിച്ചത്. മൂവരും പേപാൽ എന്ന കമ്പനിയിലെ ആദ്യകാല ജോലിക്കാരായിരുന്നു. ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമർമാരും ഹാർലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. പേപ്പാൽ വിട്ട ഹാർലി മെൻലൊ പാർക്കിലെ തന്റെ ഗാരേജിൽ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവർത്തനം ആരംഭിച്ചു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങൾ ഹാർലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി. ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത ഡൊമൈനിൽ ഏപ്രിൽ 23 ന് ആദ്യ വീഡിയോ അപ്പ്ലോഡ് ചെയ്തു. മീ അറ്റഅ ദ സൂ എന്ന പേരിട്ട വീഡിയോ സഹസ്ഥാപകൻ ജാവേദ് കരീം, സാൻ ഡീഗോ മൃഗശാല സന്ദർശിക്കുന്നതിന്റേതായിരുന്നു. തൊട്ടടുത്ത വർഷം ഒക്ടോബറിൽ ഗൂഗിൾ സ്റ്റോക്ക് വഴി 1.65 ബില്യൺ ഡോളറിന് യൂട്യൂബ് സ്വന്തമാക്കിയതായി ഗൂഗിൾ പ്രഖ്യാപിച്ചു.
അതിക്രൂരമായ ഒരു ഭീകരാക്രമണ വാർത്ത കേട്ട് ഇന്ത്യ ഞെട്ടിത്തരിച്ച ദിവസവും കൂടിയാണ് ഫെബ്രുവരി 14. 2019 ലായിരുന്നു അത്. അന്ന് കാശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സി. ആർ. പി. എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തീവ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായെത്തിയ ചാവേർ, സുരക്ഷാസൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചുകയറ്റുകയായിരുന്നു. കലാപമേഖലയായ കശ്മീർ താഴ്വര മുപ്പതുവർഷത്തിനിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്. ആക്രമണം നടന്ന് ദിവസങ്ങൾക്കുശേഷം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2018 ൽ തീവ്രവാദസംഘടനയിൽ ചേർന്ന ആദിൽ അഹ്മദ് ദാറാണ് ചാവേറായെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുൽവാമ ആക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങൾ പിന്നിട്ട് ഫെബ്രുവരി 26 ന് ഇന്ത്യ തിരിച്ചടിച്ചു. പാക്ക് അതിർത്തി കടന്ന് ബലാക്കോട്ടിലെ ഖൈബർ പഖ്തുൻഖ്വാവയിൽ ഇന്ത്യൻ വ്യോമസേന ജെറ്റുകൾ ബോംബാക്രമണം നടത്തി പ്രദേശത്തെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകൾ തകർത്തു. ഇതിനുപുറമെ ജയ്ഷെ മേധാവി മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദ പട്ടികയിൽപെടുത്താനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളും ഇന്ത്യ നടത്തി. ഇതിന്റെ ഫലമായി 2019 മെയ് ഒന്നിന് യു എൻ സെക്യൂരിറ്റി കൗൺസിൽ മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.