1946 ഫെബ്രുവരി 15 ന് പെനിസിൽവാനിയ സർവകലാശാലയിലേക്ക് ആളുകളെത്തിയത് കൗതുകകരമായ ഒരു കാഴ്ച കാണാനായിരുന്നു. അന്നാണ് ലോകത്തിലെ ആദ്യത്തെ ജനറൽ പർപ്പസ് ഹൈസ്പീഡ് ഇലക്ട്രോണിക് കമ്പ്യൂട്ടറായ ഇനിയാക് ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. ഇലക്ട്രോണിക് ന്യൂമറിക്കൽ ഇന്റഗ്രേറ്റർ ആൻഡ് കമ്പ്യൂട്ടർ എന്നതാണ് ഇനിയാക്കിന്റെ പൂർണ്ണരൂപം. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്. അമേരിക്കൻ ഫിസിസിസ്റ്റായിരുന്ന ജോൺ മാക് ലീ, അമേരിക്കൻ എഞ്ചിനീയറായ ജെ. പ്രെസ്പെർ എക്കെർട്ട് ജൂനിയർ, പെനിസിൽവാനിയ സർവകലാശാലയുടെ മൂർ സ്കൂൾ ഒാഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ അവരുടെ സഹപ്രവർത്തകർ എന്നിവർ ചേർന്നാണ് ഇനിയാക് യാഥാർഥ്യമാക്കിയത്. 1943 ൽ അമേരിക്കൻ സൈന്യവുമായി ഏർപ്പെട്ട ഒരു കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഗണിതശാസ്ത്രജ്ഞനായ ജോൺ വോൺ ന്യൂമാനും ദൗത്യത്തിന്റെ ഭാഗമായി. 1946 ൽ അത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. 15 മീറ്റർ നീളവും 9 മീറ്റർ ഉയരവുമുണ്ടായിരുന്നു ഇനിയാക്കിന്. മൂന്നു ഭിത്തികളിലായി 40 പാനലുകൾ യു ആകൃതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഓരോ പാനലിനും രണ്ടടി വീതിയും എട്ടടി ഉയരവുമുണ്ടായിരുന്നു. പതിനേഴായിരം വാക്വം ട്യൂബുകൾ, എഴുപതിനായിരം റസിസ്റ്ററുകൾ, പതിനായിരം കപ്പാസിറ്ററുകൾ, ആറായിരം സ്വിച്ചുകൾ, ആയിരത്തി അഞ്ഞൂറ് റിലേകൾ എന്നിവ ഉപയോഗിച്ചാണ് ഇനിയാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നാലുലക്ഷം ഡോളറാണ് ഇതിന്റെ നിർമ്മാണത്തിന് ചെലവായത്.
ഹവാനാ ഹാർബറിലുണ്ടായ സ്ഫോടനത്തിൽ അമേരിക്കൻ യുദ്ധക്കപ്പൽ തകർന്ന് 260 അമേരിക്കൻ നാവികർ കൊല്ലപ്പെട്ടത് 1898 ഫെബ്രുവരി 15 നാണ്. സ്ഫോടനം നടന്നത് എങ്ങനെയെന്നത് ഇന്നും നിഗൂഢമായി തുടരുന്ന ഒരു രഹസ്യമാണ്. ഈ സ്ഫോടനമാണ് തുടർന്നുനടന്ന സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിന് വഴിവച്ചതെന്ന് പറയപ്പെടുന്നു. ഹവാനയിലുള്ള സ്പാനിഷ് അധികാരികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താനും അക്കാലങ്ങളിൽ അവിടെയുണ്ടായ പലവിധ ലഹളകളിൽ അപകടമുനമ്പിലായ അമേരിക്കൻ പൗരന്മാർക്ക് സംരക്ഷണം നൽകാനും അയയ്ക്കപ്പെട്ടതായിരുന്നു മെയ്ൻ എന്ന യുദ്ധക്കപ്പൽ. അതാണ് സ്ഫോടനത്തിൽ തകർക്കപ്പെട്ടത്. സ്പെയിനാണ് കപ്പൽ തകർത്തതെന്ന് ഉറപ്പില്ലാതിരുന്നിട്ടും ചില അമേരിക്കൻ പത്രങ്ങൾ ‘Remembar the Maine, to hell with Spain’ എന്ന മുദ്രാവാക്യവുമായി, യുദ്ധമാണ് മറുപടി എന്ന തരത്തിൽ പൊതുജനവികാരം രൂപപ്പെടുത്തി. അതിന്റെ ഫലമായി ഏപ്രിൽ മാസത്തിൽ സ്പെയിൻ-അമേരിക്ക യുദ്ധമുണ്ടായി.
2013 ഫെബ്രുവരി 15 നാണ് റഷ്യയിലെ ഉറാൽ മലനിരകളിൽ ഒരു ഭീമൻ ഉൽക്ക വീണത്. 950 ഓളം ആളുകൾക്കാണ് അതുവഴി പരിക്കേറ്റത്. വലിയ അഗ്നിഗോളം ഭൂമിയിൽ പതിക്കുകയും തുടർന്ന് പല പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തിയത്. പല കെട്ടിടങ്ങളും നിരവധി കെട്ടിടങ്ങളുടെ ജനൽച്ചില്ലുകളും തകർന്നു. മോസ്കോയിൽ നിന്ന് 1500 കിലോമീറ്റർ അകലെ നിരവധി ഫാക്ടറികളും, ഒരു അറ്റോമിക പവർ സ്റ്റേഷനും, അറ്റോമിക മാലിന്യ സംഭരണകേന്ദ്രവും സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഉൽക്ക പതിച്ചത്.
ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ എക്കാലത്തേയും ക്ലാസിക് എന്നു പറയാവുന്ന ആദ്യത്തെ ഡ്രാക്കുള സിനിമ റിലീസായതും ഒരു ഫെബ്രുവരി 15 നായിരുന്നു. 1931 ൽ. ബ്രാം സ്റ്റോക്കറുടെ നോവലിനെ അധികരിച്ച് 1920 കളിലുണ്ടായ നാടകത്തിൽ നിന്ന് രൂപപ്പെട്ട സിനിമയായിരുന്നു അത്. യൂണിവേഴ്സൽ പിക്ചേഴ്സിനെ ഹൊറർ ചിത്രങ്ങളുടെ പ്രീമിയർ സ്റ്റുഡിയോയാക്കി മാറ്റിയത് ഡ്രാക്കുളയുടെ വാണിജ്യ വിജയമായിരുന്നു.