Saturday, February 22, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 18

എയർമെയിലുമായി ആദ്യത്തെ ഔദ്യോഗിക വിമാനം പറന്നുയർന്നത് 1911 ഫെബ്രുവരി 18 നാണ്. അതും ഇന്ത്യയിൽ. അലഹാബാദിൽനിന്ന് വെറും അഞ്ചു മൈൽ മാത്രം ദൂരമുള്ള നയ്നി എന്ന സ്ഥലത്തേക്കാണ് വിമാനം കത്തുകളുമായി പറന്നത്. 13 മിനിറ്റാണ് യാത്രയ്‌ക്കെടുത്ത സമയം. ഫ്രാൻസിൽനിന്നുള്ള ഹെൻറി പെക്വെറ്റായിരുന്നു വൈമാനികൻ. അലഹബാദ് ഹോളി ട്രിനിറ്റി പള്ളിയിൽ പ്രദേശവാസികളിൽനിന്നു ശേഖരിച്ചുവച്ച 6500 കത്തുകളാണ് ആ വിമാനത്തിലുണ്ടായിരുന്നത്. എല്ലാ കത്തുകളിലും ഫസ്റ്റ് ഏരിയൽ പോസ്റ്റ്, യു പി, എക്സിബിഷൻ, അലഹബാദ്, 1911 എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ പരീക്ഷണവിജയത്തിനു ശേഷമാണ് അതേ വർഷം സെപ്റ്റംബർ ഒൻപതിന് ലണ്ടനിൽ ആദ്യത്തെ ഷെഡ്യൂൾഡ് എയർമെയിൽ പോസ്റ്റ് സർവീസ് നടക്കുന്നത്. ഹെൻഡനിൽ നിന്ന് ബെർക്ക്ഷെയറിലുള്ള പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസിലേക്കായിരുന്നു ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണ ആഘോഷങ്ങളുടെ ഭാഗമായി മെയിൽ സർവീസ് നടത്തിയത്. എന്നാൽ ആകാശമാർഗം കത്തുകൾ കൈമാറുന്ന രീതി 1800 കൾ മുതൽ നിലവിലുണ്ട്. അതിന് ബലൂണുകളും ഗൈ്ലഡറുകളുമാണ് ഉപയോഗിച്ചിരുന്നത് എന്നുമാത്രം.

1930 ഫെബ്രുവരി 18 നാണ് കുറച്ചുകാലം മുമ്പുവരെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹം എന്നറിയപ്പെട്ടിരുന്ന പ്ലൂട്ടോയെ ആദ്യം കണ്ടെത്തുന്നത്. കൈ്ലഡ് ടൊംബോ എന്ന 24 വയസ്സുമാത്രം പ്രായമുള്ള റിസേർച്ച് അസിസ്റ്റന്റാണ് അരിസോണയിലെ ലോവെൽ ഒബ്സർവേറ്ററിയിലുള്ള 13 ഇഞ്ച് മാത്രം വലിപ്പമുള്ള ടെലിസ്കോപ്പ്  ഐ ഉപയോഗിച്ച് കുഞ്ഞൻ ഗ്രഹത്തിന്റെ ഫോട്ടോഗ്രാഫിക് തെളിവ് കണ്ടെത്തിയത്. കണ്ടെത്തിയ സമയത്ത് സൗരയൂഥത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രഹമായിരുന്നു അത്. തണുത്തുറഞ്ഞിരിക്കുന്ന ഈ ചെറിയ ഗ്രഹത്തിന് എന്ത് പേരിടണമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇങ്ങനെയൊരു ഗ്രഹത്തിന്റെ സാന്നിധ്യം 15 വർഷങ്ങൾക്കുമുന്നേ പ്രവചിച്ച ജ്യോതിശാസ്ത്രജ്ഞൻ പെർസിവൽ ലോവെലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ പേരിടാം എന്നതായിരുന്നു ആദ്യത്തെ ചിന്ത. അത് നിർദേശിച്ചത് അദ്ദേഹത്തിന്റെ വിധവയായ ഭാര്യതന്നെ ആയിരുന്നു. എന്നാൽ അത് ഒരു ഗ്രഹത്തിന് ചേരുന്നതല്ല എന്ന് കണ്ട് തള്ളിക്കളയുകയും പകരമായി ക്രോണോസ് എന്ന പേര് ഹാർവാർഡ് ഒബ്സർവേറ്ററിയുടെ അന്നത്തെ ഡയറക്ടർ നിർദേശിക്കുകയും ചെയ്തു. പക്ഷേ സംഘാംഗങ്ങൾ തെരഞ്ഞെടുത്തത് റോമൻ ദേവനായ പ്ലൂട്ടോയുടെ പേരായിരുന്നു. അത് നിർദേശിച്ചതാകട്ടെ 11 വയസ്സ് മാത്രം പ്രായമുള്ള ഒരു ബ്രിട്ടീഷ് വിദ്യാർഥിയും. 2006 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ, പൂർണ്ണഗ്രഹങ്ങളുടെ നിർവചന പരിധിയിൽപെടുന്നില്ല എന്ന കാരണത്താൽ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തി.

2006 വിന്റർ ഒളിമ്പിക്സിൽ അമേരിക്കയുടെ സ്പീഡ് സ്കേറ്റിംഗ് താരമായ ഷാനി ഡേവിസ് 1000 മീറ്റർ ലോങ് ട്രാക്ക് പുരുഷവിഭാഗം ഫൈനലിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയപ്പോൾ പിറന്നത് പുതിയൊരു ചരിത്രമാണ്. വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കുന്ന ആദ്യ കറുത്തവർഗക്കാരനായി അയാൾ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നത് ഫെബ്രുവരി 18 നാണ്. ഇറ്റലിയിലെ ടൂറിനിൽവച്ച് നടന്ന ഒളിമ്പിക് മത്സരത്തിലാണ് ഡേവിസ് ഈ നേട്ടം കരസ്ഥമാക്കിയത്. അതേ വർഷം തന്നെ 1500 മീറ്ററിൽ വെള്ളിമെഡലും അദ്ദേഹം കരസഥമാക്കി. 2010 ലെ ഒളിമ്പിക്സിലും 1000 മീറ്ററിൽ സ്വർണ്ണവും 1500 മീറ്ററിൽ വെള്ളിയും നേടി. നാല് ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കിയ ഡേവിസ് 2019 ൽ വിരമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News