1962 ഫെബ്രുവരി 20 നാണ് ജോൺ എച്ച് ഗ്ലെൻ ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന ആദ്യ അമേരിക്കക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയത്. ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റിയുള്ള സഞ്ചാരം. അഞ്ച് മണിക്കൂർകൊണ്ട് മൂന്നുതവണയാണ് അദ്ദേഹം ഭൂമിയെ വലംവച്ചത്. അമേരിക്കയും റഷ്യയും ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയമായിരുന്നു അത്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ വിജയിച്ചത് റഷ്യയാണെങ്കിലും ഒരുതവണ മാത്രമാണ് ഭൂമിയെ ചുറ്റി സഞ്ചരിക്കാനായത്. മൂന്നുതവണ ഭൂമിയെ ചുറ്റുന്നതിൽ ആദ്യമായി വിജയം കൈവരിച്ചത് അമേരിക്കയാണ്. ആ ദൗത്യത്തിലെ യാത്രികനായിരുന്നു ജോൺ എച്ച് ഗ്ലെൻ. 1998 ൽ വീണ്ടും ബഹിരാകാശത്തേക്ക് പറന്നപ്പോഴും അദ്ദേഹം റെക്കോർഡ് സൃഷ്ടിച്ചു. ബഹിരാകാശത്തു പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കേർഡായിരുന്നു അത്. 77 വയസ്സായിരുന്നു ആ സമയത്ത് ഗ്ലെന്നിന്റെ പ്രായം. അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ഠിച്ച ഗ്ലെൻ, രണ്ടാംലോക മഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1974 ഒഹിയോവിൽ നിന്നും സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ അമേരിക്കയിലെ പരമോന്നത പുരസ്കാരമായ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ അദ്ദേഹത്തിന് നൽകി ആദരിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിനുമുമ്പ് മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ ബഹിരാകാശ നിലയമായിരുന്ന മിർ ഭ്രമണപഥത്തിലെത്തുന്നത് 1986 ഫെബ്രുവരി 20 നാണ്. 1986 മുതൽ 2001 വരെ ഇത് ബഹിരാകാശത്തുണ്ടായിരുന്നു. സമാധാനം എന്നാണ് റഷ്യൻ ഭാഷയിൽ മിർ എന്ന വാക്കിന്റെ അർഥം. ആദ്യം സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയുമാണ് ഈ നിലയത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഒരുസമയം മൂന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ഈ നിലയത്തിൽ താമസിക്കാൻ കഴിയുമായിരുന്നു. 2001 മാർച്ച് 23 ന് മിർ ദൗത്യം അവസാനിപ്പിച്ചു. 19 മീറ്റർ നീളവും 31 മീറ്റർ വീതിയും 27.5 മീറ്റർ ഉയരവുമുള്ള മിർ നിലയത്തിന്റെ വ്യാപ്തം 350 ഘനമീറ്ററും ഭാരം 1,29,700 കിലോഗ്രാമുമാണ്. 354 കിലോമീറ്റർ പെരിജിയും 374 കിലോമീറ്റർ അപോജിയുമുള്ള ഭ്രമണപഥത്തിലാണ് മിർ ഭൂമിയെ വലംവച്ചത്. 91.9 മിനിറ്റ് കൊണ്ട് ഒരുതവണ ഭൂമിയെ ഭ്രമണം ചെയ്ത മിർ ഒരു ഭൗമദിനം കൊണ്ട് 15.7 തവണ ഭൂമിയെ ചുറ്റിസഞ്ചരിച്ചു. 5519 ദിവസം ഭ്രമണപഥത്തിലുണ്ടായിരുന്ന മിർ നിലയത്തിൽ 4592 ദിവസവും ബഹിരാകാശ സഞ്ചാരികൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ 86,331 തവണ പേടകം ഭൂമിക്കുചുറ്റും സഞ്ചരിച്ചു.
കേരളത്തിൽ റോഡുമാർഗമുള്ള പൊതുഗതാഗതത്തിന് ആരംഭം കുറിച്ചത് 1938 ഫെബ്രുവരി 20 നായിരുന്നു. തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് ഡ്പ്പാർട്ട്മെന്റിന്റെ കീഴിലായിരുന്നു ബസ് സർവീസ്. തമ്പാനൂരിൽ നിന്ന് കവടിയാറിലേക്കായിരുന്നു കന്നിയാത്ര. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും കുടുംബാംഗങ്ങളും യാത്രക്കാരായ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവീസിൽ ഡ്രൈവറായത് ഇ ജി സോൾട്ടറായിരുന്നു. അദ്ദേഹം തന്നെയായിരുന്നു; ഈ ഡിപ്പാർട്ട്മെന്റിന്റെ ആദ്യത്തെ സൂപ്രണ്ടും. ലണ്ടനിൽനിന്ന് കപ്പൽമാർഗം എത്തിച്ച എൻജിനുകളും ഷാസിയും ഉപയോഗിച്ച് തിരുവിതാംകൂറിലെ റോഡുകൾക്ക് യോജിച്ച രീതിയിൽ തയ്യാറാക്കിയ ബസുകളാണ് പൊതുഗതാഗതത്തിനായി ഉപയോഗിച്ചത്. 1937 ജൂലൈ 21 ന് ദിവാൻ സി പി രാമസ്വാമി അയ്യർ ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ച പദ്ധതിയിൽനിന്നാണ് തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ പിറവി. സർക്കാർ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെതന്നെ ആദ്യത്തെ ബസ് സർവീസായിരുന്നു തിരുവിതാംകൂറിലേത്.