ലോക രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണം 1848 ഫെബ്രുവരി 21 നായിരുന്നു. 1847 നവംബറിൽ തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ, ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ്, അതിന്റെ പ്രായോഗികമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനെയും ഫ്രെഡറിക് എംഗത്സിനെയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 ന് മാർക്സും എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850 ൽ ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം എന്ന വാക്യത്തിൽ തുടങ്ങി, സർവരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വർഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും മുതലാളിത്തക്കുഴപ്പങ്ങളെയും കമ്മ്യൂണിസത്തിന്റെ ഭാവിരൂപങ്ങളെയും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
ചൈനയും അമേരിക്കയും തമ്മിൽ 21 വർഷങ്ങളായി നിലനിന്നിരുന്ന അകൽച്ചയ്ക്ക് അവസാനം കുറിച്ച് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ചൈനയുടെ മണ്ണിലിറങ്ങിയത് 1972 ഫെബ്രുവരി 21 നാണ്. റിച്ചാർഡ് നിക്സന്റെ ചൈന സന്ദർശനം, അക്ഷരാർഥത്തിൽ ലോകത്തെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധി എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന നിക്സൺ, ശീതയുദ്ധം നടക്കുന്ന സോവിയറ്റ് യൂണിയനെക്കാൾ ഒരുപടി മുന്നിൽനിൽക്കേണ്ട ചൈനയുമായുള്ള നയതന്ത്രബന്ധത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് തന്റെ ചൈനീസ് സന്ദർശനത്തെ ന്യായീകരിച്ചത്. ഈ സന്ദർശനത്തിനു മുന്നോടിയായി 1971 ജൂലൈയിൽ യു എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻട്രി കിസ്സിങ്ങർ അതീവരഹസ്യമായി ചൈന സന്ദർശിച്ചിരുന്നു.
1995 ഫെബ്രുവരി 21 നാണ് അമേരിക്കൻ വ്യവസായിയും സാഹസികനുമായിരുന്ന സ്റ്റീവ് ഫോസെറ്റ് പസഫിക്ക് സമുദ്രത്തിനുകുറുകെ ബലൂണിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്. സ്വന്തം പേരിൽ നിരവധി റെക്കോർഡുകൾ കുറിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ റെക്കോർഡായിരുന്നു അത്. സൗത്ത് കൊറിയയുടെ തലസ്ഥാന നഗരിയിൽനിന്ന് ആരംഭിച്ച ആ യാത്ര അമേരിക്കൻ തീരത്തെയാണ് ലക്ഷ്യംവച്ചിരുന്നതെങ്കിലും ഫെബ്രുവരി 21 ന് കാനഡയിലാണ് പറന്നിറങ്ങിയത്. നാലുദിവസം നീണ്ട യാത്രയിൽ 5,345 കിലോമീറ്ററാണ് അദ്ദേഹം പിന്നിട്ടത്.