ഇന്ത്യയിലെ കോട്ടൻ വ്യവസായത്തിന് അടിത്തറ പാകിയ ദി ബോംബെ സ്പിന്നിംഗ് മിൽ ആരംഭിച്ചത് 1854 ഫെബ്രുവരി 22 നാണ്. അഞ്ചുലക്ഷത്തോളം രൂപ മുതൽമുടക്കിലായിരുന്നു പാഴ്സി കോട്ടൻ വ്യവസായി ആയ കവാസ്ജി നാനാഭായ് ദവാർ, മിൽ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയയ്ക്കുകയും അവിടെനിന്ന് തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ എന്നാണ് ബോംബെ സ്പിന്നിംഗ് മിൽ അറിയപ്പെടുന്നതെങ്കിലും ഇന്ത്യയിലാദ്യം ഇത്തരമൊരു മിൽ പ്രവർത്തിച്ചുതുടങ്ങിയത് 1818 ൽ കൽക്കട്ടയിലായിരുന്നു. പക്ഷേ, അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഉടമസ്ഥർക്കു കഴിഞ്ഞില്ല. തുടർന്ന് ആരംഭിച്ചതാണ് ബോംബെ സ്പിന്നിംഗ് മിൽ. അത് വിജയമായതിനാലാകണം ആദ്യത്തെ കോട്ടൺ മിൽ എന്ന് ബോംബെയിൽ ആരംഭിച്ച മിൽ അറിയപ്പെടുന്നത്.
ലോകത്തിലെ പ്രശസ്തമായ കാറോട്ട മത്സരങ്ങളിലൊന്നായ ഡയറ്റോണ 500 ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് 1959 ഫെബ്രുവരി 22 നായിരുന്നു. അന്നുമുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ഫ്ളോറിഡയിലെ ഡയറ്റോണ ബീച്ചിലുള്ള ഡയറ്റോണ ഇന്റർനാഷണൽ സ്പീഡ് വേയിൽ ഈ മത്സരം നടത്തപ്പെടുന്നു. നാലു കിലോമീറ്ററോളം നീളവും 200 ലാപ്പുകളുമുള്ള ട്രാക്കിലാണ് മത്സരം നടക്കുന്നത്. ലീ പെറ്റി എന്ന ആളാണ് ആദ്യ ഡയറ്റോണ 500 വിജയി. മണിക്കൂറിൽ 135.521 മൈൽ ആയിരുന്നു ശരാശരി വേഗത.
ക്ലോണിംഗിന്റെ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണിന്ന്. ഡോളി എന്ന പേരിൽ ഒരു ആട്ടിൻകുട്ടി ക്ലോണിംഗിലൂടെ പിറക്കാൻ പോകുന്നു എന്ന് ഇയാൻ വിൽമുട്ടിന്റെ നേതൃത്വത്തിലുള്ള റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ ടീം പരസ്യമായി അറിയിച്ചത് 1997 ഫെബ്രുവരി 22 നായിരുന്നു. ഡോളിയുടെ ജനനത്തിലേക്കു നയിച്ച പരീക്ഷണങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് അവർ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഈ പ്രഖ്യാപനം ക്ലോണിംഗിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കു വഴിവച്ചു. ഇതുമായി ബന്ധപ്പെട്ട് ആ ആഴ്ചയിൽ മൂവായിരത്തോളം ഫോൺവിളികളാണ് റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു വന്നിരുന്നത്.
ഇന്ത്യൻ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സ്ലംഡോഗ് മില്യനെയർ എന്ന ബ്രിട്ടീഷ് ഡ്രമാറ്റിക് ചലച്ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിക്കുന്നത് 2009 ഫെബ്രുവരി 22 നാണ്. Who Wants to be a Millionaire എന്ന ടെലിവിഷൻ പരിപാടിയുടെ ഇന്ത്യൻ പതിപ്പിൽ ബോംബെയിൽ നിന്നുള്ള ഒരാൾ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമയാണിത്. സൈമൺ ബൊഫോ രചനയും ഡാനി ബോയ്ൽ സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം 2008 ലാണ് പ്രദർശനത്തിനെത്തിയത്. 10 നോമിനേഷനുകളിൽ എട്ടെണ്ണത്തിനും ഓസ്കാർ അവാർഡുകൾ ലഭിച്ചു. മികച്ച ചിത്രം, സംവിധായകൻ, പശ്ചാത്തല സംഗീതം, സംഗീതം തുടങ്ങിയവ അവയിൽ ചിലതാണ്. മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്കാർ പുരസ്കാരത്തിന്റെ ഭാഗമായി മാറുന്നത് ഈ ചിത്രത്തിലൂടെയാണ്.