എൽബ എന്ന ചെറുദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ ബോണപ്പാർട്ട് അവിടെനിന്ന് രക്ഷപെടുന്നത് 1815 ഫെബ്രുവരി 26 നാണ്. യൂറോപ്പിൽ സമാധാനം സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് നെപ്പോളിയനാണ് എന്ന കാരണത്താൽ ഇംഗ്ലണ്ട്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ എന്നീ സഖ്യരാജ്യങ്ങളുടെ സേനകൾ പാരീസിലെത്തുകയും സ്ഥാനത്യാഗം ചെയ്യാനുള്ള ഉടമ്പടിയിൽ നെപ്പോളിയനെക്കൊണ്ട് ബലമായി ഒപ്പുവയ്പ്പിക്കുകയും ചെയ്തു. 1814 മാർച്ച് 31 നായിരുന്നു അത്. ഉടമ്പടിപ്രകാരം നെപ്പോളിയന് ഫ്രാൻസിന്റെ അധികാരസ്ഥാനം ഒഴിഞ്ഞ് 12,000 ആളുകൾ മാത്രം അധിവസിക്കുന്ന എൽബ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടക്കേണ്ടിവന്നു. ഒരുവർഷത്തിനു ശേഷം 1815 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് അവിടെനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞത്. എൽബയിൽനിന്ന് രക്ഷപെട്ട് മാർച്ച് 2 0ന് ഒരു ചെറുസൈന്യത്തോടൊപ്പം ഫ്രാൻസിലെത്തിയ നെപ്പോളിയൻ, പാരിസിൽ പ്രവേശിച്ചു. അപ്പോഴത്തെ ഭരണാധികാരിയായിരുന്ന ലൂയി പതിനെട്ടാമൻ ജീവരക്ഷാർഥം ഒളിവിൽ പോയി. അങ്ങനെ നെപ്പോളിയൻ വീണ്ടും ചക്രവർത്തിയായി. നെപ്പോളിയന്റെ യുദ്ധസന്നാഹങ്ങൾക്കെതിരായി വിജയംവരെ പൊരുതാൻ ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും കൈകോർത്തു. വാട്ടർലൂവിൽ വച്ച് ബ്രിട്ടീഷ് സേനയും ഫ്രഞ്ച് സൈന്യവും തമ്മിൽ നടന്ന അതിഘോരമായ യുദ്ധത്തിൽ നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസൈന്യം പരാജയപ്പെട്ടു. ജൂലൈ എട്ടിന് ലൂയി പതിനെട്ടാമൻ വീണ്ടും സിംഹാസനത്തിൽ അവരോധിക്കപ്പെട്ടതോടെ നെപ്പോളിയൻ യുഗത്തിന് അവസാനമായി.
പൊതുവായി ഉപയോഗിക്കാവുന്ന ആദ്യത്തെ ഇന്റർനെറ്റ് അധിഷ്ഠിത വെബ് ബ്രൗസറായ വേൾഡ് വൈഡ് വെബ് പൊതുജനങ്ങൾക്കായി അവതരിപ്പിക്കപ്പെടുന്നത് ഒരു ഫെബ്രുവരി 26 നാണ്; 1991ൽ. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസേർച്ചിലെ കമ്പ്യൂട്ടർ സയന്റിസ്റ്റായിരുന്ന ടിം ബെർണേഴ്സ് ലീയാണ് ബ്രൗസറിന്റെ സ്രഷ്ടാവ്. 1989 ലാണ് അദ്ദേഹം ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോളുപയോഗിച്ച് ഒരു കമ്പ്യൂട്ടറിനെ സെർവറുമായി ബന്ധിപ്പിക്കുന്നതിൽ വിജയിച്ചത്. തുടർന്ന് അദ്ദേഹം തന്നെ വികസിപ്പിച്ച എച്ച് ടി എം എൽ എന്ന കമ്പ്യൂട്ടർ ഭാഷയാണ് വേൾഡ് വൈഡ് വെബ് എന്ന ബ്രൗസറിന്റെ കണ്ടെത്തലിലേക്കു നയിച്ചത്. 1991 ൽ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരേയൊരു ബ്രൗസർ വേൾഡ് വൈഡ് വെബ്ബായിരുന്നു. 1994 ൽ ഈ ബ്രൗസറിന്റെ പേര് നെക്സസ് എന്നാക്കി മാറ്റി.
ഓസ്കാർ വേദിയിൽ ചരിത്രം രചിച്ച് ദി ആർട്ടിസ്റ്റ് എന്ന ചിത്രം അഞ്ച് അക്കാദമി അവാർഡുകൾ സ്വന്തമാക്കിയത് 2012 ഫെബ്രുവരി 26 നാണ്. മൈക്കിൾ ഹാസനെവിഷ്യസ് സംവിധാനം ചെയ്ത സിനിമ ഓസ്കാറിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ആദ്യത്തെ ഫ്രഞ്ച് ചിത്രവും 1929 ലെ ആദ്യത്തെ അക്കാദമി അവാർഡിനുശേഷം ഈ വിഭാഗത്തിൽ വിജയിച്ച ആദ്യത്തെ നിശ്ശബ്ദ സിനിമയുമാണ്. മികച്ച സിനിമ, സംവിധാനം, നടൻ, വസ്ത്രാലങ്കാരം, ഒറിജിനൽ സ്കോർ എന്നീ വിഭാഗങ്ങളിലാണ് ചിത്രം അവാർഡുകൾ സ്വന്തമാക്കിയത്. 2011 ലാണ് റിലീസായതെങ്കിലും 1927 നും 1932 നുമിടയിലുള്ള കാലഘട്ടത്തെ കാണിക്കുന്ന സിനിമ ആയതിനാൽ ബ്ലാക്ക് ആന്റ് വൈറ്റ് രീതിയിൽ നിശ്ശബ്ദ ചിത്രമായാണ് ദി ആർട്ടിസ്റ്റ് പ്രേക്ഷകരിലേക്കെത്തിയത്.