1739 ഫെബ്രുവരി 24 നാണ് കർണാൽ യുദ്ധത്തിൽ ഇറാനിലെ ഷായായിരുന്ന നാദിർ, മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയത്. വെറും മൂന്ന് മണിക്കൂറുകൾകൊണ്ടാണ് മുഗൾ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായുടെ സൈന്യത്തെ നാദിറിന്റെ സൈന്യം തോൽപിച്ചത്. ഈ വിജയത്തെ തുടർന്നാണ് ഡൽഹിയിൽ പേർഷ്യൻ കൊള്ള നടക്കുന്നത്. ഡൽഹിയിൽനിന്നും 110 കിലോമീറ്റർ വടക്ക്, കർണാൽ എന്ന സ്ഥലത്തുവച്ചാണ് യുദ്ധം നടന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ നാട്ടുരാജ്യങ്ങൾക്കതിരെ നാദിർ നടത്തിയ നിരവധി പടയോട്ടങ്ങളിൽ തോൽപിക്കപ്പെട്ട അഫ്ഗാൻ യുദ്ധപ്രഭുക്കളും കൂലിപ്പട്ടാളക്കാരും മുഗൾ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തിപ്രദേശങ്ങളിലേക്കാണ് പലായനം ചെയ്തിരുന്നത്. ഈ അഭയാർഥികളെ പിടികൂടുകയും തനിക്ക് കൈമാറുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടക്കേ ഇന്ത്യയിലെ നിരവധി ഭരണാധികാരികളോടും പ്രാദേശിക ഗവർണർമാരോടും നടത്തിയ അഭ്യർഥനകൾ പലതവണ അവഗണിക്കപ്പെട്ടു എന്ന കാരണത്തെ മറയാക്കിയാണ് നാദിർ മുഗൾ സാമ്രാജ്യം ആക്രമിച്ചത്.
അമേരിക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വോയ്സ് ഓഫ് അമേരിക്ക എന്ന റേഡിയോ ബ്രോഡ്കാസ്റ്റർ ജർമ്മൻ ഭാഷയിൽ ആദ്യത്തെ പ്രക്ഷേപണം നടത്തുന്നത് 1942 ഫെബ്രുവരി 24 നാണ്. ജർമ്മൻകാർക്കിടയിൽ അക്കാലത്ത് നാസിനേതാക്കൾ നടത്തുന്ന പ്രചരണങ്ങളെ, സത്യസന്ധവും പക്ഷംചേരാത്തതുമായ വാർത്തകളും അറിവുകളുംകൊണ്ട് ചെറുക്കുക എന്നതായിരുന്നു പ്രക്ഷേപണത്തിന്റെ ലക്ഷ്യം. 1941 വരെ അമേരിക്കയ്ക്ക് രാജ്യാന്തര പ്രക്ഷേപണമുള്ള റേഡിയോ ഉണ്ടായിരുന്നില്ല. 1941 ലാണ് അന്നത്തെ പ്രസിഡന്റായിരുന്ന റൂസ് വെൽറ്റ് യൂ എസ് ഫോറിൻ ഇൻഫർമേഷൻ സർവീസ് ആരംഭിക്കുന്നത്. അതിനോടനുബന്ധിച്ചാണ് അതേവർഷം തന്നെ പല സ്വകാര്യ ട്രാൻസ്മിറ്ററുകളും വാടകയ്ക്കെടുത്ത് സർക്കാർ ഇത്തരമൊരു സംവിധാനം ആരംഭിച്ചത്.
കമ്പ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്സ് പിറന്നത് 1955 ഫെബ്രുവരി 24 നായിരുന്നു. സിറിയക്കാരനായ അബ്ദുൾഫത്ത ജോ ജൻഡിലിയുടെയും ജൊവാനി ഷീബിളിന്റെയും മകനായി സാൻ ഫ്രാൻസിസ്കോയിൽ ജനിച്ച അദ്ദേഹം, പോൾ-ക്ലാര ദമ്പതിമാരുടെ ദത്തുപുത്രനായാണ് അദ്ദേഹം വളർന്നത്. ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്നിയാക്ക്, മൈക്ക് മെർക്കുല എന്നിവർക്കൊപ്പം 1976 ൽ സ്റ്റീവ് ജോബ്സ് തുടക്കം കുറിച്ച ‘ആപ്പിൾ,’ 2011 ആയപ്പോൾ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളർന്നു. 1985 ൽ അധികാര വടംവലിയെത്തുടർന്ന് കമ്പനിയിൽനിന്ന് പുറത്തായി. ഇക്കാലത്ത് കമ്പ്യൂട്ടർ പ്ലാറ്റ്ഫോമായ നെക്സ്റ്റും പിക്സാറും സ്ഥാപിച്ചു. 1996 ൽ നെക്സ്റ്റിനെ ആപ്പിൾ സ്വന്തമാക്കിയതോടെ അദ്ദേഹം ആപ്പിളിൽ തിരിച്ചെത്തി. തുടർന്നുള്ള വർഷങ്ങൾ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഐപോഡും ഐ പാഡ്ഡും ഐഫോണും പുറത്തിറങ്ങിയതും ഐട്യൂൺ സംഗീതത്തെ മാറ്റിമറിച്ചതും ഇക്കാലത്താണ്. ‘സ്റ്റാർവാർസ്’ സംവിധായകൻ ജോർജ് ലൂക്കാസിന്റെ പക്കൽനിന്ന് വാങ്ങിയ ‘ഗ്രാഫിക്സ് ഗ്രൂപ്പി’ന്റെ പേരുമാറ്റിയുണ്ടാക്കിയ പിക്സാറിനെ പിന്നീട് 2005 ൽ വാൾട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു. അങ്ങനെ ജോബ്സ് വാൾട്ട് ഡിസ്നിയിലെ ഏറ്റവും വലിയ ഓഹരിയുടമയുമായി. 2011 ഒക്ടോബർ അഞ്ചിനാണ് അദ്ദേഹം അന്തരിച്ചത്.
ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിലൊന്നായിരുന്ന പാമ്പൻ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത് 1914 ഫെബ്രുവരി 24 നായിരുന്നു. കപ്പലുകൾക്ക് വഴിയൊരുക്കാൻ മധ്യഭാഗം ഇരുവശങ്ങളിലേക്കും ചെരിഞ്ഞ് പൊങ്ങുന്ന വിധത്തിലായിരുന്നു പാലത്തിന്റെ നിർമ്മാണം. പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്നതാണ് പാക്ക് കടലിടുക്കിനു കുറുകെ നിർമ്മിച്ചിരിക്കുന്ന പാലം. രണ്ടു കിലോമീറ്ററിലേറെയാണ് പാലത്തിന്റെ നീളം. ബ്രിട്ടീഷുകാരാണ് ഈ പാലം നിർമ്മിച്ചത്. ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ് ഇങ്ങനെയൊരു പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചത്. ധനുഷ്കോടിയിൽനിന്ന് ശ്രീലങ്കയിലേക്ക് കടലിലൂടെ 16 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. അക്കാലത്ത് ഇതുവഴി ചരക്കുകൾ കയറ്റി അയയ്ക്കുന്നതിനുള്ള ഒരേയൊരു തടസം പാക്ക് കടലിടുക്കായിരുന്നു. ഈ തടസം പരിഹരിക്കാനാണ് പാലം നിർമ്മിച്ചത്. 1911 ൽ ആരംഭിച്ച നിർമ്മാണം മൂന്നുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. പാമ്പൻ പാലം യാഥാർഥ്യമായതോടെ അക്കാലത്ത് ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയും എളുപ്പമായി. പാലം പണിയുംമുമ്പ് മണ്ഡപം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ പിന്നീട് ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയിൽനിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറുകപ്പലുകൾ സർവീസ് നടത്തിയിരുന്നു. അവിടെനിന്ന് ട്രെയിൻമാർഗം ആളുകൾ കൊളംബോയിലേക്കും എത്തി. ഇതോടെ ശ്രീലങ്കയിലേക്കുള്ള യാത്രയുടെ പ്രധാന മാർഗമായും പാമ്പൻ പാലം മാറി.