ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി വ്യാഴത്തെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങൾ കണ്ടെത്തിയത് 1610 ജനുവരി ഏഴിനായിരുന്നു. അദ്ദേഹം സ്വന്തമായി വികസപ്പിച്ചെടുത്ത ദൂരദർശിനി ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. ആദ്യ നിരീക്ഷണത്തിൽ ഒരുകൂട്ടം നക്ഷത്രമാണ് അതെന്ന് കരുതിയെങ്കിലും പിന്നീട് അവ ഒരു പ്രത്യേക പഥത്തിൽ ചലിക്കുന്നതയി അദ്ദേഹം തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകൾക്കുശേഷമാണ് താൻ നിരീക്ഷിക്കുന്നത് നക്ഷത്രങ്ങളെയല്ല, വ്യാഴത്തിനുചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെയാണെന്ന് ഗലീലിയോ മനസ്സിലാക്കിയത്. വ്യാഴത്തിന്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയായിരുന്നു അവ. ഗലീലിയോയോടുള്ള ബഹുമാനാർഥം ഈ നാല് ഉപഗ്രഹങ്ങളെ ‘ഗലീലിയൻ ഉപഗ്രഹങ്ങൾ’ എന്നാണ് ഇന്ന് വിളിക്കുന്നത്. എല്ലാ വസ്തുക്കളും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നില്ല എന്ന കോപ്പർനിക്കൻ സിദ്ധാന്തത്തിന് അടിവരയിടുന്നതായിരുന്നു ഈ കണ്ടെത്തൽ. ഇത് ആധുനിക ജ്യോതിശാസ്ത്ര പഠനത്തിൽ ഒരു സുപ്രധാന വഴിത്തിരിവായി.
1917 ജനുവരി ഏഴിനായിരുന്നു നൈജീരിയയിലെ ക്രൈസ്റ്റ് അപ്പസ്തോലിക ചർച്ചുകളുടെ മൂന്നാമത്തെ പ്രസിഡന്റ് ആയ എലിജാ ടൈറ്റസ് ലതുണ്ടെ ക്രിസ്തീയവിശ്വാസം സ്വീകരിച്ചത്. മതേതര വികസനപദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ പ്രവർത്തന കാലഘട്ടത്തിലാണ് രാജ്യത്ത് ക്രൈസ്തവ വിശ്വാസം വളരാൻ കൂടുതൽ ഇടയായത്.
1894 ജനുവരി ഏഴിനാണ് ചലിക്കുന്ന ചിത്രങ്ങൾ രേഖപ്പെടുത്തുന്ന ഫിലിമിന് പേറ്റന്റ് ലഭിക്കുന്നത്. സ്കോട്ടിഷ് ഇൻവെന്ററായ വില്യം കെന്നഡി ഡിക്സനാണ് ഈ ഫിലിം വികസിപ്പിച്ചത്. നിശ്ചലദൃശ്യങ്ങൾ രേഖപ്പെടുത്തിയ ഫിലിം ഒരു പ്രത്യേക വേഗതയിൽ കൺമുന്നിലൂടെ കടത്തിവിട്ടാണ് ചലിക്കുന്ന ദൃശ്യങ്ങൾ സൃഷ്ടിച്ചത്. തോമസ് ആൽവ എഡിസന്റെ ശിഷ്യനായിരുന്നു ഡിക്സൻ. എഡിസന്റെ നിർദേശപ്രകാരം കൈനെറ്റോസ്കോപ്പ് എന്ന ഉപകരണം വികസിപ്പിച്ചതും ഡിക്സനാണ്. നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ ചലച്ചിത്രമായ സ്നീസ് ചിത്രീകരിച്ചതും 1894 ജനുവരി ഏഴിനു തന്നെയായിരുന്നു. ഫ്രെഡ് ഓട്ട് എന്ന മനുഷ്യൻ തുമ്മുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ചിത്രത്തിൽ. അഞ്ച് സെക്കന്റുകൾ മാത്രമായിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ഇതിന്റെ പകർപ്പവകാശവും വില്യം കെന്നഡി ഡിക്സനു തന്നെയാണ്.
ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ദോയ്ക്കു നേരെ ആക്രമണം നടന്നത് 2015 ജനുവരി ഏഴിനായിരുന്നു. സയീദ്, ഷെരീഫ് എന്നീ സഹോദരങ്ങളാണ് ഹെബ്ദോ ഓഫിസിൽ കടന്ന് വെടിയുതിർത്തത്. മാസികയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിലൂടെ ഇസ്ലാമിക പ്രവാചകൻ മുഹമ്മദിനെ ആക്ഷേപിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാസികയുടെ പാരീസിലുള്ള ഓഫീസിൽ നടന്ന ആക്രമണത്തിൽ അഞ്ച് കാർട്ടൂണിസ്റ്റുകളും ഏഴ് ജേണലിസ്റ്റുകളുമടക്കം 12 പേർ കൊല്ലപ്പെട്ടു. സ്ഥാപനത്തിനു നേരെയുണ്ടായ ആക്രമണം ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി – ജെ സ്യൂ ചാർലി – ഞാനും ചാർലിയാണ് – എന്ന വാക്യം സോഷ്യൽ മീഡിയയിൽ വൈറലായി. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിരവധി ആളുകളാണ് അന്ന് പാരീസിന്റെ തെരുവുകളിലിറങ്ങിയത്.