1872 മാർച്ച് ഒന്നിനാണ് അമേരിക്കയിലെ ആദ്യത്തെ നാഷണൽ പാർക്കായി യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിനെ യു എസ് കോൺഗ്രസ് അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്കായി കരുതപ്പെടുന്നതും യെല്ലോസ്റ്റോൺ തന്നെയാണ്. യുനെസ്കോ ഈ പാർക്കിനെ 1976 ൽ ബയോസ്ഫിയർ റിസേർവായും, 1978 ൽ വേൾഡ് ഹെറിറ്റേജ് സൈറ്റായും പ്രഖ്യാപിച്ചു. ചതുരാകൃതിയിൽ 8992 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിന് 101 കിലോമീറ്റർ നീളവും 87 കിലോമീറ്റർ വീതിയുമാണുള്ളത്.
നിക്കോളാസ് ടെസ്ല താൻ നിർമ്മിച്ച ആദ്യത്തെ റേഡിയോ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത് 1893 മാർച്ച് ഒന്നിനാണ്. റേഡിയോ സാങ്കേതികവിദ്യയിൽ മത്സരാത്മകമായി പരീക്ഷണങ്ങൾ നടന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന നിക്കോളാസ് ടെസ്ലയും ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്ന മാർക്കോണിയുമായിരുന്നു അതിൽ മുന്നിലുണ്ടായിരുന്നത്. 1884 ലാണ് റേഡിയോ തരംഗങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ടെസ്ല കോയിൽ നിക്കോളാസ് ടെസ്ല കണ്ടെത്തിയത്. അതിൽ നടത്തിയ തുടർപരീക്ഷണങ്ങളാണ് റേഡിയോയുടെ കണ്ടെത്തലിലേക്കു നയിച്ചത്. 1891 ൽ തന്നെ റേഡിയോ കണ്ടെത്തുന്നതിൽ വിജയിച്ചുവെങ്കിലും രണ്ടുവർഷങ്ങൾക്കു ശേഷമാണ് അത് പൊതുവായി പ്രദർശിപ്പിക്കുന്നത്. 1895 ൽ തന്റെ ലാബിൽനിന്ന് 80 കിലോമീറ്റർ അകലെ ന്യൂയോർക്കിലുള്ള വെസ്റ്റ് പോയിന്റിലേക്ക് റേഡിയോ തരംഗങ്ങളയയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെ ടെസ്ലയുടെ ലാബ് അഗ്നിബാധയിൽ നശിക്കുകയാണുണ്ടായത്.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1947 മാർച്ച ഒന്നിനാണ്. 1930 ലെ മഹാസാമ്പത്തിക മാന്ദ്യത്തിനുശേഷം അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപം കൊണ്ട പ്രസ്ഥാനമാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. 1944 ൽ അമേരിക്കയിലെ ബ്രെട്ടൻവുഡ്സിൽ വച്ച് നടന്ന ഇന്റർനാഷണൽ മോണിറ്ററി ആന്റ് ഫിനാൻഷ്യൽ കോൺഫറൻസിലാണ് ഐ എം എഫിനെ സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. 29 രാജ്യങ്ങൾ ഒപ്പുവച്ചതോടുകൂടി 1945 ഡിസംബറിൽ ഇത് നിലവിൽവന്നു. മോണിറ്ററി ഫണ്ട് അതിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് 1947 മാർച്ച് ഒന്നിനാണ്.