പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യയാത്രയിൽ മൊസാംബിക്ക് ദ്വീപുകളിലെത്തിയത് 1498 മാർച്ച് രണ്ടിനാണ്. നാലു കപ്പലുകളിലായി ഗാമയും സംഘവും ലിസ്ബണിൽനിന്ന് യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. 200 ടൺ ശേഷിയുള്ള ഒരു വലിയ കപ്പലിലും 120 ടൺ വീതം ശേഷിയുള്ള രണ്ട് ഇടത്തരം കപ്പലുകളിലും 50 ടൺ ശേഷിയുള്ള ഒരു ചെറിയ കപ്പലിലുമായാണ് സംഘം സഞ്ചരിച്ചിരുന്നത്. ചെന്നെത്തുന്ന സ്ഥലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്താൻ അവരോടൊപ്പം അറബി സംസാരിക്കുന്ന രണ്ടുപേരും, മൊഴിമാറ്റത്തിനു സഹായിക്കാനായി മൂന്നുപേരും, ബാന്തു ഭാഷ സംസാരിക്കുന്ന നിരവധിപേരും ഉണ്ടായിരുന്നു. തങ്ങൾ ചെന്നെത്തിയതിന്റെ അടയാളമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പ്രത്യേക ശിലകളും അവർ യാത്രയിൽ കരുതിയിരുന്നു.
മൊറോക്കോ ഫ്രാൻസിന്റെ അധീനതയിൽനിന്ന് സ്വതന്ത്രമാകുന്നത് 1956 മാർച്ച് രണ്ടിനാണ്. 1912 ൽ ഫെസ് ഉടമ്പടി ഒപ്പുവച്ചതോടു കൂടിയാണ് മൊറോക്കോ ഫ്രാൻസിന്റെ അധീനതയിലാകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തമായ മുന്നേറ്റങ്ങൾ അവിടെയുണ്ടാകുന്നത്. എന്നാൽ 1947 ലും 1951 ലും മൊറോക്കോയിൽ, ഫ്രാൻസ് തങ്ങളുടെ ജനറൽമാരെ നിയമിച്ചത്, പിന്മാറാൻ അവർ തയ്യാറല്ല എന്നതിന്റെ അടയാളമായിട്ടായിരുന്നു. ഇതിനെത്തുടർന്ന് മൊറോക്കോയിൽ ഫ്രഞ്ച് വിരുദ്ധ മുന്നേറ്റങ്ങളുണ്ടാവുകയും രക്തരൂക്ഷിത കലാപങ്ങൾ ഉണ്ടാകുകയും ചെയ്തു. അതേത്തുടർന്ന് 1956 മാർച്ച് രണ്ടിന് 1912 ലെ ഉടമ്പടി റദ്ദ് ചെയ്തുകൊണ്ട്, പാരീസിൽ വച്ച് ഒപ്പിട്ട ജോയിന്റ് ഡിക്ലറേഷനിലൂടെ മൊറോക്കോ സ്വതന്ത്രരാഷ്ട്രമായി മാറി.
ബാസ്ക്കറ്റ് ബോളിൽ, ഒരു ഗെയിമിൽ വ്യക്തിഗതമായി നൂറ് പോയിന്റുകൾ നേടി അമേരിക്കയുടെ വിൽറ്റ് ഷാംബെർലൈൻ ചരിത്രം സൃഷ്ടിച്ചത് 1962 മാർച്ച് രണ്ടിനാണ്. ഫിലാഡെൽഫിയ വാരിയേഴ്സിന്റെ കളിക്കാരനായിരുന്ന അദ്ദേഹം ന്യൂയോർക്ക് നിക്ക്സിനെതിരെയാണ് ഇൗ റെക്കോർഡ് പോയിന്റ് നേടിയത്. ആദ്യ ക്വാർട്ടറിൽ 23 ഉം ഹാഫ് ടൈമിൽ 41 ഉം മൂന്നാം ക്വാർട്ടറിൽ 28 ഉം പോയിന്റുകളാണ് അദ്ദേഹം നേടിയത്. നാലാം ക്വാർട്ടറിലാണ് തുടർന്നുള്ള 8 പോയിന്റുകൾകൂടി നേടി അദ്ദേഹം വ്യക്തിഗത പോയിന്റ് നൂറിലേക്കെത്തിച്ചത്.