Thursday, March 6, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 05

ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ ഉടമ്പടി ഒപ്പുവച്ചത്. ഇന്ത്യയ്ക്ക് സ്വയംഭരണ പദവി നൽകുമെന്ന് 1929 ൽ ഇർവിൻ പ്രഭു പ്രഖ്യാപിച്ചിരുന്നു. ഗാന്ധിയും ഇർവിനും എട്ടുതവണ ചർച്ചകൾ നടത്തിയതിനുശേഷമാണ് ഉടമ്പടി ഒപ്പുവയ്‌ക്കുന്നത്. കോൺഗ്രസിനെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കും, അക്രമത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളവരെയൊഴിച്ച് മറ്റു തടവുകാരെ വിട്ടയയ്ക്കും, വിദേശ മദ്യഷാപ്പുകളും വിദേശ തുണിത്തരങ്ങൾ വിൽക്കുന്ന കടകളും സമാധാനപരമായി പിക്കറ്റ് ചെയ്യാൻ അനുവദിക്കും, സർക്കാരിലേക്കു കണ്ടുകെട്ടിയ സത്യഗ്രഹികളുടെ സ്വത്തുവകകൾ തിരികെക്കൊടുക്കും, ഉപ്പിനുമേലുള്ള നികുതി നീക്കം ചെയ്യും എന്നിവയായിരുന്നു ബ്രിട്ടൻ അംഗീകരിച്ച നിർദേശങ്ങൾ. നിയമലംഘന പ്രസ്ഥാനം അവസാനിപ്പിച്ച് ഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. പക്ഷേ, പരാജയമായിരുന്നതിനാൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

ആണവ നിരായുധീകരണ കരാർ നിലവിൽവന്നത് 1970 മാർച്ച് അഞ്ചിനായിരുന്നു. ആണവായുധ ശേഖരണം തടയുകയും ആണവയുദ്ധങ്ങൾ ഇല്ലാതാക്കുകയുമാണ് കരാറിന്റെ ലക്ഷ്യങ്ങൾ. 1959 ൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പതിനാലാമത് സെഷനിലാണ് ഇക്കാര്യം പ്രത്യേക അജണ്ടയായി ചേർത്ത് ചർച്ച ചെയ്തത്. ഇതുപ്രകാരം സോവിയറ്റ് യൂണിയനും അമേരിക്കയും സംയുക്തമായി തയ്യാറാക്കിയ ഒരു കരട് 1968 മാർച്ച് 18 ന് ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ചു. ജൂൺ ഒന്നു മുതൽ രാജ്യങ്ങൾക്ക് അതിൽ ഒപ്പുവയ്ക്കാനുള്ള സമയം അനുവദിച്ചു. 191 രാജ്യങ്ങളാണ് നിവലിൽ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ളത്. 11 ആർട്ടിക്കിളുകൾ ഉള്ളതാണ് ഈ കരാർ. 1995 മെയ് 11 ന് കരാറിന്റെ കാലാവധി അനിശ്ചിതമായി നീട്ടി.

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് 2007 മാർച്ച് അഞ്ചിനാണ്. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശസംരക്ഷണ നിർദേശങ്ങളും കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ മാർഗനിർദേശങ്ങളും ഉൾക്കൊണ്ട്, 2005 ൽ പാർലമെന്റ് പാസ്സാക്കുകയും 2006 ൽ നിലവിൽ വരികയും ചെയ്ത ബാലാവകാശ കമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപീകരിച്ചത്. ഒരു അധ്യക്ഷനും ആറ് അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് കമ്മീഷൻ. ശാന്താ സിൻഹയായിരുന്നു ആദ്യ അധ്യക്ഷ. ദേശീയ വനിതാ ശിശുക്ഷേമവകുപ്പിനു കീഴിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. കുട്ടികളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തുക, അവർക്കെതിരായ അതിക്രമങ്ങളിൽ ക്രിയാത്മകമായി ഇടപെടുക, രാജ്യം നടപ്പാക്കുന്ന നിയമങ്ങൾ, നയങ്ങൾ, പദ്ധതികൾ മുതലായവ കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കമ്മീഷന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ.

1949 മാർച്ച് അഞ്ചിനാണ് ജാർഖണ്ഡ് പാർട്ടി രൂപീകരിക്കപ്പെട്ടത്. റാഞ്ചിയിൽ നടന്ന ഒരു വലിയ കോൺഫറൻസിൽ വച്ചായിരുന്നു അഖില ഭാരതീയ ആദിവാസി മഹാസഭ ജാർഖണ്ഡ് പാർട്ടി എന്നപേരിൽ ഗോത്രവർഗക്കാർക്കായി ഒരു സ്വതന്ത്ര സംസ്ഥാനത്തിന്റെ രൂപീകരണം എന്ന ആവശ്യമുന്നയിച്ച് ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയത്. ജയ്പാൽ സിംഗ് മുണ്ടയാണ് സ്ഥാപകൻ. 1963 ൽ ഈ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News