ടെലിഫോണിന്റെ കണ്ടെത്തലിന് അലക്സാണ്ടർ ഗ്രഹാം ബെല്ലിന് പേറ്റന്റ് ലഭിച്ചത് 1876 മാർച്ച് ഏഴിനായിരുന്നു. സ്കോട്ട്ലന്റിലെ എഡിൻബറോയിൽ 1847 മാർച്ച് മൂന്നിനു ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ പരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും താൽപര്യമുണ്ടായിരുന്നു. ബെല്ലിന്റെ അമ്മയ്ക്ക് കേൾവിശക്തി കുറയുന്ന അസുഖമുണ്ടായിരുന്നതിനാൽ കൈ കൊണ്ടുള്ള ഒരു പ്രത്യേക ഭാഷ പഠിച്ച് അദ്ദേഹം അമ്മയുടെ അടുത്തിരുന്ന് അവിടെ നടക്കുന്ന സംഭാഷണങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു. അമ്മയുടെ കേൾവിക്കുറവിനെക്കുറിച്ചുള്ള വ്യഗ്രത ശബ്ദക്രമീകരണശാസ്ത്രം പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കേൾവി-സംസാരശക്തികളെക്കുറിച്ചുള്ള ഈ പഠനങ്ങളാണ് ഗ്രഹാം ബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടുത്തത്തിലേക്കു നയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പതിനായിരം റൺസ് നേടിയ ആദ്യ ബാറ്റ്സ്മാനായി സുനിൽ ഗവാസ്കർ ചരിത്രം സൃഷ്ടിച്ചത് 1987 മാർച്ച് ഏഴിനാണ്. അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ നടന്ന 124-ാം മത്സരത്തിലാണ് സുനിൽ ഗവാസ്കർ ഈ നേട്ടം കരസ്ഥമാക്കിയത്. ആ ഇന്നിംഗ്സിൽ 58-ാം റൺസ് നേടിയ ഗവാസ്കർ പതിനായിരം എന്ന മാന്ത്രികസംഖ്യയെ തൊടുകയായിരുന്നു. ഇങ്ങനെ ഒരു നാഴികക്കല്ലിലെത്തിയപ്പോൾ മത്സരം കുറച്ചുനേരത്തേക്ക് നിർത്തിവയ്ക്കേണ്ടിവന്നു. അദ്ഭുതകരമായ ആ നേട്ടത്തിൽ കാണികൾ അദ്ദേഹത്തെ അഭിനന്ദിക്കാനെത്തിയത് സ്റ്റേഡിയത്തിലെ ബാരിക്കേഡുകൾ മറികടന്നായിരുന്നു. കിറുകൃത്യമായ ബാറ്റിംഗ് പ്രതിരോധത്തിന്റെ പേരിലാണ് ഗവാസ്കർ അറിയപ്പെട്ടിരുന്നത്. 16 വർഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി സുനിൽ ഗവാസ്കർ മാറി.
2006 മാർച്ച് ഏഴിനാണ് വരാണസിയിൽ ഇരട്ട ബോംബ്സ്ഫോടനമുണ്ടായത്. സങ്കടമോചൻ ക്ഷേത്രത്തിലും വരാണസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമായി നടന്ന സ്ഫോടനങ്ങളിൽ 21 പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നാമതൊരു ബോംബ് പൊട്ടാതെ അവശേഷിച്ചത് അവിടെനിന്ന് കണ്ടെടുത്ത് നിർവീര്യമാക്കി. പ്രഷർ കുക്കറിൽ സ്ഫോടകവസ്തുക്കൾ നിറച്ചായിരുന്നു ബോംബുകൾ നിർമ്മിച്ചിരുന്നത്.
ആദ്യമായി ഒരു വനിത മികച്ച സംവിധായികയ്ക്കുള്ള ഓസ്കാർ കരസ്ഥമാക്കിയത് 2010 മാർച്ച് ഏഴിനായിരുന്നു. അമേരിക്കൻ സംവിധായികയായ കാതറിൻ ബിഗെലോയായിരുന്നു അത്. ദി ഹർട്ട് ലോക്കർ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവർക്ക് പുരസ്കാരം ലഭിച്ചത്. ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2008 ൽ നിർമ്മിക്കപ്പെട്ട അമേരിക്കൻ വാർ ത്രില്ലറായിരുന്നു ഹർട്ട് ലോക്കർ. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. 2009 ജൂൺ 26 ന് തിയേറ്ററുകളിലെത്തി. ഒൻപത് അക്കാദമി അവാർഡുകൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ ആറ് അക്കാദമി അവാർഡുകൾ ലഭിച്ചു.