Monday, March 10, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 10

1933 മാർച്ച് 10 നാണ് ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പ് ജർമ്മനിയിൽ ആരംഭിക്കുന്നത്. മ്യൂണിക്കിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ദക്കാവ് എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. ഇത് സ്ഥാപിക്കപ്പെടുന്നതിന് അഞ്ചോ, ആറോ ആഴ്ചകൾ മുൻപ് മാത്രമാണ് ഹിറ്റ്ലർ ജർമ്മൻ ചാൻസലറായത്. ഏതാണ്ട് രണ്ടരലക്ഷത്തോളം തടവുകാർ ദക്കാവ് ക്യാമ്പിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ മുപ്പത്തിരണ്ടായിരത്തിലധികം ആളുകൾ രോഗം വന്നും പോഷകാഹാരക്കുറവ് മൂലവും പീഡനങ്ങളേറ്റും മരണപ്പെട്ടു എന്നാണ് കണക്കുകൾ. പ്രധാനമായും രാഷ്ട്രീയതടവുകാർക്കു വേണ്ടിയുള്ളതായിരുന്നു ദക്കാവ് കോൺസൻട്രേഷൻ ക്യാമ്പ്.

1977 മാർച്ച് 10 നാണ് ശാസ്ത്രലോകം യുറാനസ് ഗ്രഹത്തിനുചുറ്റുമുള്ള വലയം കണ്ടെത്തിയത്. അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിലുള്ള ജെയിംസ് ഇലിയറ്റ്, എഡ്വാർഡ് ഡ്യൂനാം, ജെസീക്കാ മിങ്ക് എന്നിവർ ചേർന്നാണ് കണ്ടെത്തൽ നടത്തിയത്. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നു നടത്തിയ നിരീക്ഷണങ്ങളിലാണ് യുറാനസിനെ ചുറ്റി വലയങ്ങളുള്ളതായി കണ്ടത്. രണ്ടു സെറ്റ് വലയങ്ങളാണ് യുറാനസിനു ചുറ്റുമുള്ളത്. ഒൻപതു വലയങ്ങളുള്ളതാണ് ആദ്യ സെറ്റ്. ഏറ്റവും ഉൾഭാഗത്തെ വലയത്തിന് ചുവപ്പുനിറമാണ്. ഏറ്റവും പുറത്തുള്ളതിന് നീലനിറവും. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരാണ് വലയങ്ങൾക്കു നൽകിയിരിക്കുന്നത്.

2017 മാർച്ച് 10 നാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന പാർക് ഗ്യുൻ ഹൈയെ ഭരണഘടനാ കോടതി പുറത്താക്കുന്നത്. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് പാർലമെന്റ് പാർക്കിനെ ഇംപീച്ച് ചെയ്ത നടപടി കോടതി ശരിവയ്ക്കുകയായിരുന്നു. കൊറിയയിലെ വ്യവസ്ഥപ്രകാരം ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിനു ഭരണഘടനാ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. ഇതനുസരിച്ചുള്ള ഹർജിയിൽ കോടതി പാർക്കിനെതിരെ ഏകകണ്ഠമായി വിധി പറയുകയായിരുന്നു. ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായ പാർക്, 1980 ൽ കൊറിയയിൽ ജനാധിപത്യം നിലവിൽ വന്നതിനുശേഷം പുറത്താക്കപ്പെടുന്ന ആദ്യ പ്രസിഡന്റാണ്.

യങ് ഇന്ത്യയിൽ രാജ്യദ്രോഹപരമായ ലേഖനങ്ങൾ എഴുതി എന്ന കാരണത്താൽ മഹാത്മാഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടത് 1922 മാർച്ച് പത്തിനായിരുന്നു. ആറുവർഷമാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. എന്നാൽ രണ്ടു വർഷത്തിനുശേഷം അദ്ദേഹം ജയിൽമോചിതനായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News