മാധ്യമരംഗത്തെ അതികായനായ റൂപെർട്ട് മർഡോക്ക് ജനിച്ചത് 1931 മാർച്ച് 11 നാണ്. ഓസ്ട്രേലിയയിൽ ജനിച്ച അദ്ദേഹം ന്യൂസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഫോക്സ് ന്യൂസ്, ഫോക്സ് സ്പോർട്ട്സ്, ഫോക്സ് നെറ്റ് വർക്ക്, വാൾസ്ട്രീറ്റ് ജേണൽ, ദി സൺഡേ ടൈംസ്, ദി മിറർ, ദി ഓസ്ട്രേലിയൻ, ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺ, സ്റ്റാർ, ന്യൂയോർക്ക് ടൈംസ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് മർഡോക്ക്.
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത് 1968 മാർച്ച് 11നായിരുന്നു. സർവകലാശാലാ തലത്തിലെ ഉപയോഗത്തിനുള്ള പാഠപുസ്തകങ്ങളും അധിക വായനയ്ക്കുള്ള പുസ്തകങ്ങളും പ്രാദേശികഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടാണ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപംകൊണ്ടത്. പ്രാദേശിക ഭാഷകൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യയന മാധ്യമം ആക്കണമെന്നത് കോത്താരി കമ്മിഷന്റെ ശുപാർശയായിരുന്നു. ഈ നിർദേശം പ്രാവർത്തികമാക്കാനുള്ള വഴികൾ 1968 ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ കൂടിയ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ പത്താമത് സമ്മേളനം ചർച്ച ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ, കേന്ദ്രത്തിൽ ഒരു ഭാരതീയഭാഷാ കേന്ദ്രസ്ഥാപനവും സംസ്ഥാനങ്ങളിൽ സംസ്ഥാനഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു. ഈ തീരുമാനപ്രകാരം 1968 മാർച്ച് 11-ാം തീയതി കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത്.
2001 മാർച്ച് 11 നാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ ഹാട്രിക് പിറക്കുന്നത്. ഈ റെക്കോർഡിന് ഉടമയാകട്ടെ, ഹർഭജൻ സിംഗും. ശക്തരായ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഹർഭജൻ ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ എന്നീ താരങ്ങളെയാണ് അദ്ദേഹം ഗാലറിയിലേക്കു മടക്കി അയച്ചത്. മൂന്നു ടെസ്റ്റുകളിലായി 32 വിക്കറ്റുകളാണ് അന്ന് ഹർഭജൻ വീഴ്ത്തിയത്.
2020 മാർച്ച് 11 നാണ് കോവിഡ് പത്തൊമ്പതിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയ്ക്കു പുറത്തുള്ള കോവിഡ് കേസുകൾ 13 മടങ്ങ് വർധിച്ചതിന്റെയും കോവിഡ് പടർന്നുപിടിക്കുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രഖ്യാപനം നടത്തിയത്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്താകമാനമുള്ള കോവിഡ് കേസുകൾ ഒരുലക്ഷത്തി പതിനെട്ടായിരമായിരുന്നു; കോവിഡ് മരണങ്ങൾ 4291 ഉം. കോവിഡ് പടരുന്ന രാജ്യങ്ങളുടെ എണ്ണം 114 ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അഥേനോമാണ് പ്രഖ്യാപനം നടത്തിയത്.