1930 മാർച്ച് 12 നാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഉപ്പ് നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര ആരംഭിച്ചത്. അക്രമരഹിതമായ ഈ സമരം ഉപ്പുസത്യഗ്രഹം എന്നാണ് അറിയപ്പെടുന്നത്. സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും സബർമതി ആശ്രമത്തിൽനിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. ധാരാളം സന്നദ്ധപ്രവർത്തകരും ജാഥയിൽ അണിചേർന്നു. സരോജിനി നായിഡുവിനെപ്പോലുള്ളവരുടെ പങ്ക് ജാഥയ്ക്ക കൂടുതൽ ഊർജം പകർന്നു. ഉപ്പിനുമേലുള്ള നികുതിക്കെതിരെയുള്ള യാത്രയെക്കുറിച്ച് ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഇടതോരാതെ വന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. 24 ദിവസങ്ങൾക്കുശേഷമാണ് യാത്ര നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തിയത്. ഉപ്പ് കുറുക്കി ഗാന്ധിജി ഉപ്പിന്റെ വിൽപനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. രാജ്യത്ത് വലിയ അലയൊലികളുണ്ടാക്കാൻ ഈ സമരത്തിനു കഴിഞ്ഞു.
ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിച്ചത് 1954 മാർച്ച് 12 നാണ്. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്. അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മികച്ച കൃതികൾക്ക് പ്രതിവർഷം അവാർഡുകൾ നൽകുന്നതിനോടൊപ്പം തുല്യ എണ്ണം അവാർഡുകൾ പരിഭാഷകൾക്കും നൽകിവരുന്നു. ആജീവനാന്ത നേട്ടങ്ങൾക്കുള്ള സാഹിത്യ അക്കാദമി ഫെലോഷിപ്പുകളും അക്കാദമി നൽകുന്നുണ്ട്. അക്കാദമിയുടെ കീഴിൽ ബെംഗളൂരു, അഹമ്മദാബാദ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ പരിഭാഷാകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഭാഷകളിലുണ്ടാകുന്ന മികച്ച സൃഷ്ടികൾക്കായി ഭാഷാ സമ്മാൻ എന്നപേരിലും അവാർഡുകൾ നൽകിവരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യൻ ലിറ്ററേച്ചർ എന്ന പേരിലും ഹിന്ദി ഭാഷയിൽ സമകാലീന ഭാരതീയ സാഹിതി എന്ന പേരിലും രണ്ട് പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.
1993 മാർച്ച് 12 ന് മുംബൈ നഗരത്തെ നടുക്കി ഒരു സ്ഫോടന പരമ്പര നടന്നു. 12 ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 27 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്കുകൾ. ദാവൂദ് ഇബ്രാഹിം, ടൈഗർ മെമൻ, യാക്കൂബ് മെമൻ എന്നിവരായിരുന്നു മുഖ്യ സൂത്രധാരന്മാർ; ഇവരിൽ യാക്കൂബ് മെമൻ മാത്രം അറസ്റ്റിലായി. 123 പ്രതികളിൽ നൂറുപേർ കുറ്റക്കാരാണെന്ന് 2006 ൽ ടാഡാ കോടതി കണ്ടെത്തി. സുപ്രീം കോടതി 2013 മാർച്ച് 21 ന് ഒന്നാം പ്രതി യാക്കൂബ് മെമന്റെ വധശിക്ഷയും 19 പേരെ വിട്ടയച്ച നടപടിയും ശരിവച്ചു. 10 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. നാലുപേരെ വിട്ടയച്ച ടാഡാ കോടതിവിധി സുപ്രീം കോടതി റദ്ദാക്കുകയും അവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. യാക്കൂബ് മെമന്റെ വധശിക്ഷ 2015 ജൂലൈ 30 നു നടപ്പാക്കി.