1931 മാർച്ച് 14 ശനിയാഴ്ചയാണ് ഇന്ത്യൻ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്താണെന്നറിഞ്ഞത്. അന്നാണ് ആലം ആര എന്ന ആദ്യ ശബ്ദസിനിമ ബോംബെയിലെ മജസ്റ്റിക് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അന്നുവരെ ഉണ്ടായിരുന്ന വെള്ളിത്തിരയിലെ നിശ്ശബ്ദത ഭഞ്ജിക്കപ്പെട്ടത് ആലം ആരയിലൂടെയായിരുന്നു. സിനിമയിൽ ശബ്ദത്തിന്റെ പ്രാധാന്യമെന്തെന്നു തിരിച്ചറിഞ്ഞ ആർദേഷിർ ഇറാനിയാണ് ആലം ആരയുടെ സംവിധായകൻ. ഹിന്ദിയിലും ഉറുദുവിലും സംസാരിക്കുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷകരെ അദ്ഭുതപ്പെടുത്താൻ ഇറാനിക്കു കഴിഞ്ഞു. ജോസഫ് ഡേവിഡാണ് തിരക്കഥ രചിച്ചത്. ശബ്ദത്തിന്റെ സാധ്യകൾ ആവോളമുപയോഗിച്ച ചിത്രത്തിൽ ഏഴോളം ഗാനങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. രണ്ടു മണിക്കൂർ നാലു മിനിറ്റായിരുന്നു സിനിമയുടെ ദൈർഘ്യം. സിനിമാചരിത്രത്തിൽ സവിശേഷസ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ഒരു പ്രിന്റ് പോലും ഇപ്പോഴില്ല. 2003 ൽ പുനെ ഫിലിം നാഷണൽ ആർകൈ്കവ്സിലുണ്ടായ അഗ്നിബാധയിൽ സിനിമയുടെ ശേഷിച്ചിരുന്ന പ്രിന്റ് നശിച്ചുപോയി. ആലം ആരയുടെ പ്രിന്റ് കണ്ടെത്താൻ അധികൃതർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവ പരാജയപ്പെടുകയായിരുന്നു.
2007 മാർച്ച് 14 നാണ് രാജ്യത്തെ നടുക്കിയ നന്ദിഗ്രാം കൂട്ടക്കൊല നടന്നത്. 2006 ൽ നന്ദിഗ്രാമിൽ പശ്ചിമബംഗാളിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരെ കർഷകർ നടത്തിയ സമരത്തിനിടെയാണ് കൂട്ടക്കൊല ഉണ്ടായത്. 2007 മാർച്ച് വരെ, ഉപരോധത്തിന്റെ ഭാഗമായി നന്ദിഗ്രാമിലേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിക്കാൻ കർഷകർ അനുവദിച്ചില്ല. എന്നാൽ മാർച്ച് 14 ന് പൊലീസ് നന്ദിഗ്രാമിലേക്കു കടക്കാൻ ശ്രമിക്കുകയും ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തി പിന്നീട് വെടിയുതിർക്കുകയും ചെയ്തു. വെടിവയ്പ്പിൽ 14 പേർ മരിച്ചു.
2021 മാർച്ച് 14 നാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാതാരം എന്ന റിക്കാർഡ് ഇന്ത്യൻ താരമായ മിതാലി രാജ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിൽ 45 റൺസ് നേടിയ ഇന്നിംഗ്സിനിടെയായിരുന്നു മിതാലി രാജ് 7000 റൺസ് കടന്നത്. 213-ാം ഇന്നിംഗ്സിലാണ് മിതാലി ഈ ചരിത്രനേട്ടത്തിലേക്കെത്തിയത്. കരിയറിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റർ എന്ന നേട്ടവും മിതാലി സ്വന്തമാക്കിയിട്ടുണ്ട്.