മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് 17 നായിരുന്നു. 1923 മാർച്ച് 18-ാം തീയതിയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാമത്തെ ലക്കം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നത്. ഗാന്ധിജിയെ ആറുകൊല്ലത്തെ തടവിനു ശിക്ഷിച്ച് ജയിലിലേക്കു കൊണ്ടുപോയത് 1922 മാർച്ച് 18-ാം തീയതിയായിരുന്നു. അതുകഴിഞ്ഞ് ഒരുവർഷം തികയുന്ന ദിനത്തിൽ മാതൃഭൂമി തുടങ്ങുന്നത് ഉചിതമായിരിക്കുമെന്ന ചിന്തയിലാണ് മാർച്ച് 18 എന്ന തീയതി നിശ്ചയിച്ചിരുന്നത്. ആരംഭത്തിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്നു ദിവസങ്ങളിൽ പുറത്തിറങ്ങുന്ന ത്രൈവാരികയായിരുന്നു മാതൃഭൂമി. മാർച്ച് 18-ാം തീയതി ഒരു ഞായറാഴ്ച ആയിരുന്നതിനാൽ ആദ്യലക്കത്തിന്റെ പ്രസിദ്ധീകരണം ഒരു ദിവസം നേരത്തെയാക്കേണ്ടിവന്നു. പത്തു പേജുള്ളതായിരുന്നു ആദ്യ ലക്കം. കെ മാധവൻ നായരായിരുന്നു മാനേജർ, പത്രാധിപർ കെ പി കേശവമേനോനും.
1959 മാർച്ച് 17 നാണ് തിബത്തുകാരുടെ ആത്മീയ, രാഷ്ട്രീയനേതാവായ ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയതത്. സ്വയംഭരണ പ്രദേശമായിരുന്ന തിബത്ത് ചൈനീസ് സൈന്യം പിടിച്ചെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തിബത്തുകാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചതോടെ ചൈനയുടെ നേതൃത്വത്തിൽ കടുത്ത അടിച്ചമർത്തലുകളും മനുഷ്യാവകാശ ധ്വംസനങ്ങളും അരങ്ങേറി. തിബത്തൻ ജനത കീഴടങ്ങാൻ കൂട്ടാക്കാതായതോടെ തിബത്തുകാരുടെ ഊർജകേന്ദ്രമായ ലാമയെ വധിക്കുകയോ, തടവിലാക്കുകയോ ചെയ്യാൻ ചൈന പദ്ധതി തയ്യാറാക്കി. അതിനെ തുടർന്നാണ് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിനു പുറത്തുകടന്ന് ഹിമാലയ സാനുക്കളിലൂടെ കാൽനടയായി പലായനം ആരംഭിച്ചത്. മൂന്നാഴ്ചകൾക്കുശേഷം മാർച്ച് 31 ന് അദ്ദേഹം ഇന്ത്യൻ അതിർത്തിയിലെത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അദ്ദേഹത്തെ സ്വീകരിക്കുകയും ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ തിബറ്റൻ ഗ്രാമം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. 1989 ഒക്ടോബർ അഞ്ചിന് അദ്ദേഹത്തെ തേടി സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്തി. തിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരെ ലാമ നടത്തിയ സംഘടിതപ്രവർത്തനമാണ് അദ്ദേഹത്തെ ഈ ഉന്നതപുരസ്കാരത്തിന് അർഹനാക്കിയത്. 1990 ൽ ലാമയുടെ ആത്മകഥയായ ‘നിഷ്കാസിതന്റെ സ്വാതന്ത്ര്യം’ പുറത്തിറങ്ങി.
1969 മാർച്ച് പതിനേഴിനാണ് ഇസ്രായേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഗോൾഡ മെയർ സ്ഥാനമേൽക്കുന്നത്. യുക്രൈനിലെ കീവിലാണ് ഗോൾഡ ജനിച്ചത്. 1949 ൽ മോസ്കോയിലെ ഇസ്രായേലി അംബാസിഡറായി പ്രവർത്തിച്ചിട്ടുണ്ട്. 1949-56 കാലഘട്ടത്തിൽ തൊഴിൽമന്ത്രിയും 1956-66 കാലഘട്ടത്തിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1969 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലെവി എഷ്കോൾ മരിച്ചപ്പോഴുണ്ടായ ഒഴിവിലാണ്, സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പാർട്ടിപ്രവർത്തകരുടെ നിർബന്ധംമൂലം പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1974 വരെ തൽസ്ഥാനത്തു തുടർന്ന അവർ യോംകിപ്പൂർ യുദ്ധത്തിന്റെ പേരിലുണ്ടായ വിമർശനങ്ങളുടെ പേരിൽ രാജിവയ്ക്കുകയായിരുന്നു.
2003 മാർച്ച് 17 ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് ഒരു പ്രഖ്യാപനം നടത്തി. സദ്ദാം ഹുസൈൻ 48 മണിക്കൂറിനകം ഇറാഖ് വിടണമെന്നും അല്ലെങ്കിൽ സൈനിക നടപടികൾ ആരംഭിക്കുമെന്നുമായിരുന്നു ആ പ്രഖ്യാപനം. സദ്ദാമിന്റെ മരണത്തിലേക്കു നയിച്ച യുദ്ധം ആരംഭിച്ചത് ഈ പ്രഖ്യാപനത്തിനു ശേഷമാണ്. യു എസിന്റെ യുദ്ധപ്രഖ്യാപനത്തെ ഫ്രാൻസ്, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങൾ അന്ന് എതിർത്തെങ്കിലും മാർച്ച് 20 ന് യു എസ് യുദ്ധവിമാനങ്ങൾ ഇറാഖിനു മുകളിൽ വട്ടമിട്ടുപറന്നു. സദ്ദാം ഉന്നതയോഗങ്ങൾ നടത്തുന്നുവെന്നു സംശയിച്ചിരുന്ന ബങ്കറുകൾ തകർത്തായിരുന്നു തുടക്കം. രണ്ടാം ഗൾഫ് യുദ്ധം എമെന്നറിയപ്പെട്ട ആ പോരാട്ടത്തിലൂടെ സദ്ദാമിന്റെ ജന്മനഗരമായ തിക്രിത് 2003 ഏപ്രിലിൽ യു എസ് സൈന്യം പിടിച്ചെടുത്തു. 2003 ഡിസംബറിൽ സദ്ദാമും പിടിയിലായി. 2004 ജൂണിൽ അദ്ദേഹത്തെ ഇറാഖ് അധികൃതർക്കു കൈമാറി. വിവിധ കുറ്റങ്ങൾ ചുമത്തി 2006 ഡിസംബർ 30 നു തൂക്കിലേറ്റുകയും ചെയ്തു.