Wednesday, April 2, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 22

ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഖേഡ സത്യഗ്രഹം ആരംഭിച്ചത് 1918 മാർച്ച് 22 നാണ്. 1917-18 വർഷത്തിൽ ബോംബെ പ്രസിഡൻസി നടപ്പിലാക്കിയ നികുതി വർധനവിനെതിരെയായിരുന്നു സത്യഗ്രഹം. കോളറ മരണങ്ങളും പ്ലേഗും കൃഷിനാശവും ക്ഷാമവും കർഷകരെ തളർത്തിയ സമയത്തായിരുന്നു നികുതിവർധനവ്. അത് പിൻവലിക്കണമെന്ന ഗാന്ധിയുടെയും പട്ടേലിന്റെയും ആവശ്യങ്ങൾ ബ്രിട്ടീഷ് സർക്കാർ തള്ളിയ പശ്ചാത്തലത്തിലാണ് നികുതിയടയ്ക്കാതെ പ്രതിഷേധിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തത്. ജൂൺ 27 ന് സർക്കാർ, സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും തുടർന്നുവരുന്ന രണ്ടുവർഷത്തേക്ക് നികുതി റദ്ദ് ചെയ്യുകയും ചെയ്തു.

1993 മാർച്ച് 22 നാണ് ഇന്റലിന്റെ ആദ്യ പെന്റിയം പ്രൊസസർ പുറത്തിറങ്ങിയത്. അഞ്ച് എന്ന് അർഥം വരുന്ന പെന്റ എന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായ പെന്റിയം എന്ന പേര് ഇന്റലിന്റെ അഞ്ചാം തലമുറയിൽപെട്ട പ്രൊസസറുകളെ സൂചിപ്പിക്കുന്നതാണ്. 17.6 മില്ലീ മീറ്റർ നീളവും 16.7 മില്ലീമീറ്റർ വീതിയും, 4 ജിഗാബൈറ്റ് മെമ്മറിയുമുണ്ടായിരുന്നു ആദ്യ പെന്റിയം പ്രൊസസറിന്. 1989 ലാണ് ഇന്റൽ തങ്ങളുടെ പെന്റിയം പ്രൊസസറുകളുടെ ഡിസൈനിംഗ് ആരംഭിച്ചത്. 1992 സെപ്റ്റംബറിൽ പുറത്തിറക്കാമെന്നു കരുതിയിരുന്നെങ്കിലും ഡിസൈനിംഗ് പൂർത്തിയാക്കാൻ ഒരു വർഷം കൂടിയെടുത്തു. അങ്ങനെയാണ് 1993 മാർച്ച് 22 ന് പെന്റിയം പ്രൊസസർ വിപണിയിലെത്തിയത്.

കോവിഡ് പത്തൊൻപതിനെ പ്രതിരോധിക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ 2020 മാർച്ച് 22 നായിരുന്നു. അന്ന് രാവിലെ ഏഴുമണി മുതൽ രാത്രി ഒൻപതുമണി വരെ ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്. കോവിഡ് അതിവേഗം പടരാനാരംഭിച്ച പശ്ചാത്തലത്തിൽ പൗരന്മാരുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. ഇതിനെത്തുടർന്നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലവിൽ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News