Wednesday, April 2, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 27

1977 മാർച്ച് 27 നാണ് വിമാനാപകട ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത അപകടം നടന്നത്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽവച്ച് ഡച്ച് വിമാനക്കമ്പനിയായ കെ എൽ എമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാനാമ്മിന്റെ വിമാനവും കൂട്ടിയിടിച്ച് 583 പേർക്കാണ് ജീവൻ നഷ്ടമായത്. സ്പെയിനിലെ ഗ്രാൻ കനേറിയ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളായിരുന്നു രണ്ടും. ബോംബ് ഭീഷണിയെ തുടർന്ന് താൽക്കാലികമായി അടച്ച വിമാനത്താവളം തുറന്നു എന്ന അറിയിപ്പ് കിട്ടിയശേഷമാണ് വിമാനങ്ങൾ ടേക്ക് ഓഫിനു തയ്യാറായത്. പാനാമ്മിന്റെ വിമാനത്തിൽ 19 ക്രൂ അടക്കം മൊത്തം 380 യാത്രക്കാരുണ്ടായിരുന്നു. കെ എൽ എമ്മിന്റെ വിമാനത്തിൽ ഫ്ളൈറ്റ് ക്രൂ അടക്കം 248 യാത്രക്കാരും. കനത്ത മൂടൽമഞ്ഞ് നിമിത്തം ടവറിൽ നിന്നിരുന്ന എയർട്രാഫിക് കൺട്രോളർക്ക് റൺവേയിൽ കിടന്ന രണ്ട് വിമാനങ്ങൾ ഇപ്പോൾ എവിടെയാണ് എന്ന് കാണാൻ സാധിക്കാത്തതും, രണ്ടു വിമാനങ്ങളിലെ പൈലറ്റുമാർക്കും എതിർദിശയിൽ സമീപിച്ചുകൊണ്ടിരുന്ന വിമാനങ്ങളെ കാണാൻ സാധിക്കാത്തതും അപകടത്തിനു കാരണമായി. കെ എൽ എമ്മിന്റെ വലതുചിറകും മെയിൻ ലാൻഡിംഗ് ഗിയറും എൻജിനുകളും പാനാമ്മിന്റെ മുകളിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ പാനാഎമ്മിന്റെ മുകൾവശം മുഴുവനായി തകർന്നു. കെ എൽ എമ്മിലെ 248 യാത്രക്കാരിൽ ഒരാൾപോലും അപകടത്തെ അതിജീവിച്ചില്ല. പനാഎമ്മിലെ 380 യാത്രക്കാരിൽ 66 പേർ അദ്ഭുതകരമായി രക്ഷപെപ്പെട്ടു. ഏറ്റവും മുന്നിലും പിന്നിലുമായി ഇരുന്നവരാണ് രക്ഷപെട്ടത്. രണ്ടു വിമാനങ്ങളിലുമായി 583 പേർ മരണപ്പെട്ടു.

2020 മാർച്ച് 27 നാണ് നോർത്ത് മാസിഡോണിയ നാറ്റോയുടെ മുപ്പതാമത്തെ അംഗരാജ്യമായി ചേർന്നത്. പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്നതിന് 1949 ഏപ്രിൽ നാലിന് ഒപ്പുവച്ച ഉത്തര അറ്റ്ലാന്റിക് ഉടമ്പടിപ്രകാരം പിറന്ന സൈനികസഖ്യമാണ് നാറ്റോ. North Atlantic Tretay Organisation അഥവാ ഉത്തര അറ്റ്ലാന്റിക് സഖ്യസംഘടന എന്നതാണ് പൂർണ്ണരൂപം. 12 രാജ്യങ്ങളുമായി തുടക്കമിട്ട നാറ്റോയിൽ നോർത്ത് മാസിഡോണിയ കൂടി ചേർന്നതോടെ ഇപ്പോൾ 30 രാഷ്ട്രങ്ങൾ അംഗങ്ങളായുണ്ട്. ബൽജിയം തലസ്ഥാനമായ ബ്രസൽസ് ആണ് ആസ്ഥാനം. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് നാറ്റോയുടെ പ്രധാന ലക്ഷ്യം. ഇംഗ്ലിഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ.

2021 മാർച്ച് 27 ന് മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭകാരികൾക്കെതിരെ നിറയൊഴിച്ച് പട്ടാളം കൊന്നൊടുക്കിയത് 93 പേരെയാണ്. അന്ന് മ്യാൻമറിന്റെ സായുധ സേനാദിനമായിരുന്നു. ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന് പട്ടാളമേധാവി മിൻ ഓംഗ് ലെയിംഗ് വാഗ്ദാനം ചെയ്ത അന്നു തന്നെയാണ് പട്ടാളക്കാരും പൊലീസും ചേർന്ന് 93 പേരെ കൊന്നൊടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News