Wednesday, April 2, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 28

മറാത്താ സാമ്രാജ്യവും മുഗൾ സാമ്രാജ്യവും തമ്മിൽ നടന്ന ഒന്നാം ഡൽഹി യുദ്ധം 1737 മാർച്ച് 28 നായിരുന്നു. യുദ്ധത്തിൽ മറാത്താ സാമ്രാജ്യം വിജയിച്ചു. പരാജയപ്പെട്ട മുഗൾ രാജാവിന് മറാത്താ രാജാവുമായി ഒപ്പുവച്ച ഉടമ്പടിപ്രകാരം മാൽവാ പ്രദേശങ്ങളും 50 ലക്ഷം രൂപയും നൽകേണ്ടിവന്നു. യുദ്ധാനന്തരം മുഗൾ സാമ്രാജ്യം ക്ഷയിച്ചുവന്നു. തുടർന്ന് നാദിർ ഷായുടെയും അഹമ്മദ് ഷാ അബ്ദാലിയുടെയും അധിനിവേശത്തോടെ മുഗൾ സാമ്രാജ്യത്തിന്റെ പതനം പൂർത്തിയായി.

ക്രിമിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും റഷ്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത് 1854 മാർച്ച് 28 നാണ്. തുർക്കിയിൽ നിന്ന് ബോസ്ഫറസും ഡാർഡനെല്ലസും പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആഗ്രഹമാണ് ക്രിമിയൻ യുദ്ധത്തിൽ കലാശിച്ചത്. 1853 ജൂൺ 14 ന് റഷ്യൻ ചക്രവർത്തി യുദ്ധപ്രഖ്യാപനം നടത്തുകയും, ജൂൺ 21 ന് തുർക്കി അതിർത്തി കടന്ന ബുക്കാറെസ്റ്റിൽ പ്രവേശിക്കുകയും ചെയ്തു. നവംബറിൽ ഒരു വലിയ തുർക്കി സ്ക്വാഡ്രൺ പൂർണ്ണമായും നശിപ്പിച്ചു. അതിനുശേഷമാണ് 1854 മാർച്ചിൽ സഖ്യകക്ഷികൾ യുദ്ധത്തിൽ അണിചേരുമെന്ന് പ്രഖ്യാപിക്കുന്നത്.

അമേരിക്കയിലെ ത്രീമൈൽ ഐലന്റിൽ ആണവ അപകടമുണ്ടായത് 1979 മാർച്ച് 28 നാണ്. യൂണിറ്റ് 2 റിയാക്ടറിലെ തനിയെ പ്രവർത്തിക്കുന്ന വാൽവുകളിലൊന്ന് അപ്രതീക്ഷിതമായി അടയുകയും റിയാക്ടറിലേക്കുള്ള ജലപ്രവാഹം നിന്നുപോവുകയും ചെയ്തു. അധിക ചൂട് ഉണ്ടായതോടെ റിയാക്ടർ തനിയെ പ്രവർത്തനം നിർത്തി. എന്നാൽ അതിനോടനുബന്ധമായി യന്ത്രത്തകരാറുകളും, ജോലിക്കാരുടെ ഭാഗത്തുനിന്നുള്ള നിരവധി പിഴവുകളും കണ്ടെത്തി. അപകടസമയത്ത് ശരിയായ തിരുമാനങ്ങളെടുക്കുന്നതിൽ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. ജീവഹാനികളൊന്നും ഉണ്ടായില്ലെങ്കിലും ആണവനിലയങ്ങളുടെ സുരക്ഷയെയും അവയുടെ അപകടസാധ്യതകളെയും കുറിച്ചുള്ള ആശങ്കകൾ വർധിക്കാൻ ഈ സംഭവം കാരണമായി. ഈ സംഭവത്തെത്തുടർന്ന് ഏഴ് റിയാക്ടറുകളുടെ പ്രവർത്തനം അമേരിക്ക ഉടനടി നിർത്തി. പുതിയ പ്ലാന്റുകൾക്ക് അനുവാദം കൊടുക്കുന്നത് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News