ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പരക്കെ അറിയപ്പെടുന്ന 1857 ലെ ഇന്ത്യൻ ലഹള പൊട്ടിപ്പുറപ്പെടാനുണ്ടായ ഏറ്റവുമടുത്ത കാരണമായി കണക്കാക്കപ്പെടുന്ന സംഭവം നടന്നത് മാർച്ച് 29 നാണ്. അന്നാണ് മംഗൽ പാണ്ഡേ തന്റെ മേലധികാരിക്കുനേരെ നിറയൊഴിച്ചത്. കൽക്കട്ടയ്ക്കടുത്തുള്ള ബാരഖ്പൂർ സൈനികതാവളത്തിൽ വച്ചായിരുന്നു അത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 34-ാം റെജിമെന്റിൽ ഉൾപെട്ട ശിപായിയായിരുന്നു മംഗൽ പാണ്ഡേ. തന്റെ മേധാവിയും 34-ാം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരെയാണ് പാണ്ഡേ വെടിയുതിർത്തത്. എന്നാൽ മംഗൽ പാണ്ഡേയ്ക്ക് ലക്ഷ്യം നേടാനായില്ല; തിരികെ വെടിവച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരയ്ക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ, തന്റെ വാളുകൊണ്ട് പരുക്കേൽപിക്കാൻ ശ്രമിച്ചു. തുടർന്ന് മംഗൽ പാണ്ഡെയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. 1857 ൽ നടന്ന കലാപത്തിലെ ആദ്യ രക്തസാക്ഷിയും മംഗൽപാണ്ഡെ തന്നെയാണ്.
ടെറാകോട്ട സൈന്യം എന്നറിയപ്പെടുന്ന കളിമൺ യോദ്ധാക്കളെ കണ്ടെത്തിയത് 1974 മാർച്ച് 29 നായിരുന്നു. ചൈനയിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് മണ്ണിനടയിൽ കുഴിച്ചിട്ട നിലയിൽ എണ്ണായിരത്തോളം സൈനികരെയും അഞ്ഞൂറിലേറെ കുതിരകളെയും കണ്ടെത്തിയത്. അവയെല്ലം കളിമണ്ണു കൊണ്ടുണ്ടാക്കിയ പ്രതിമകളായിരുന്നു. ‘ടെറാകോട്ട’ ആർമി എന്നറിയപ്പെടുന്ന ആ സൈന്യത്തിൽ സൈനികരും കുതിരകളും രഥങ്ങളും പലതരം മൃഗങ്ങളും പക്ഷികളുമൊക്കെ ഉണ്ടായിരുന്നു. ചതുരാകൃതിയിലുള്ള അറയിലായിരുന്നു പ്രതിമകളെല്ലാം. ഏകദേശം മുന്നൂറോളം പടയാളികളുടെ പ്രതിമകൾ കൂടാതെ ശത്രുക്കളെ ദൂരെനിന്നു നിരീക്ഷിക്കാനുള്ള ‘വാച്ച് ടവറുകളുടെ’ ചെറുപതിപ്പുകളും ഉണ്ടായിരുന്നു. ഓരോ കളിമൺ ഗോപുരത്തിനും 140 സെ മീ വീതമായിരുന്നു ഉയരം. ചൈനയിലെ ഷിയാൻ എന്ന സ്ഥലത്ത് കിണർ കുഴിക്കുകയായിരുന്ന തൊഴിലാളികളാണ് ആദ്യം ഈ കളിമൺസൈന്യത്തെ കണ്ടെത്തിയത്.
എൻ ടി ആർ എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ നടനും സംവിധായകനുമായിരുന്ന നന്ദമുരി തരക രാമറാവു തെലുഗുദേശം പാർട്ടി രൂപീകരിച്ചത് 1982 മാർച്ച് 29 നാണ്. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഒരു പ്രാദേശിക പാർട്ടിയാണ് ടി ഡി പി. തെലുങ്ക് സംസാരിക്കുന്നവരുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അടിത്തറകൾ സംരക്ഷിക്കാനും നിലനിർത്താനും വേണ്ടിയാണ് പാർട്ടി രൂപീകൃതമായത്. രൂപീകരിക്കപ്പെട്ട സമയത്ത് പാർട്ടിയുടെ പ്രഖ്യാപിതവും പ്രധാനവുമായ ലക്ഷ്യം കോൺഗ്രസ് പാർട്ടിയെ സംസ്ഥാനത്തിന്റെ ഭരണത്തിൽനിന്നു പുറത്താക്കുക എന്നതായിരുന്നു. 1956 ൽ ആന്ധ്രാപ്രദേശ് നിലവിൽവന്ന സമയം മുതൽ കോൺഗ്രസ് പാർട്ടിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്.