Wednesday, April 2, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 31

1870 മാർച്ച് 31 ആഫ്രിക്കൻ-അമേരിക്കക്കാർക്ക് സവിശേഷമായ ദിനമാണ്. അന്നാണ് ആദ്യമായി ഒരു കറുത്ത വർഗക്കാരൻ അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തുന്നത്. 1870 ഫെബ്രുവരി മൂന്നിനു നടപ്പിൽവരുത്തിയ പതിനഞ്ചാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആഫ്രിക്കൻ അമേരിക്കക്കാർക്ക് വോട്ട് ചെയ്യാനുള്ള അനുവാദം ലഭിച്ചത്. കേവലം രണ്ടു മാസങ്ങൾക്കുള്ളിൽതന്നെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരൻ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തോമസ് പീറ്റേഴ്സൺ എന്നയാൾക്കാണ് ആ ചരിത്രനിയോഗം കൈവന്നത്. ന്യൂജേഴ്സിയിലെ പെർത്ത് ആംബോയ് ടൗൺ ചാർട്ടറിലേക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പിലാണ് പീറ്റേഴ്സൺ തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ഈഫൽ ടവർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 1889 മാർച്ച് 31 നായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ പ്രദർശനത്തിലാണ് ഈഫൽ ടവർ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശുദ്ധമായ ഇരുമ്പുകൊണ്ട് 18,038 ഭാഗങ്ങൾ നിർമ്മിച്ച്, പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ലോകത്തിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ സന്ദർശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫൽ ടവർ. 1889 ൽ ഉദ്ഘാടനം ചെയ്യുമ്പോൾ 1,024 അടിയായിരുന്നു ഈഫൽ ടവറിന്റെ ഉയരം. എന്നാൽ 2022ൽ പുതിയ കമ്മ്യൂണിക്കേഷൻ ആന്റിന സ്ഥാപിച്ചതോടെ ടവറിന്റെ ഉയരം 1,063 അടിയായി വർധിച്ചു.

രാജ്യാന്തര ഏകദിനത്തിൽ ഒരു താരം ആദ്യമായി 10,000 റൺസ് എന്ന നേട്ടം കൈവരിച്ചത് ഒരു മാർച്ച് 31 നായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലാണ് ആ റെക്കോർഡ്. 2001 മാർച്ച് 31 ന് ഇൻഡോറിൽവച്ചു നടന്ന ഏകദിന മാച്ചിലായിരുന്നു സച്ചിൻ തന്റെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു അത്. മത്സരത്തിൽ 125 പന്തിൽനിന്ന് സച്ചിൻ നേടിയ 139 റൺസ് അദ്ദേഹത്തിന് മാൻ ഓഫ് ദ് മാച്ച് ബഹുമതിയും നേടിക്കൊടുത്തു. സച്ചിന്റെ മികവിൽ ഇന്ത്യ 118 റൺസിന് വിജയിക്കുകയും ചെയ്തു. ഷെയ്ൻ വോണിന്റെ പന്ത് ലോങ് ഓഫിലേക്ക് തട്ടിയിട്ടാണ് സച്ചിൻ നാഴികക്കല്ലു പിന്നിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News