സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി അമേരിക്കൻ പ്രതിനിധിസഭയിൽ ആദ്യമായി ഒരു സ്ത്രീസ്വരമുയർന്നത് 1884 മാർച്ച് എട്ടിനായിരുന്നു. അന്ന് സൂസൻ ബി അന്തോണി അമേരിക്കൻ പ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു: ലിംഗവ്യത്യാസത്തിന്റെ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് പ്രതിനിധിസഭയിൽ അറിയിച്ച് പതിനാറാം നിയമഭേദഗതി ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെടാനാണ് ഞാൻ നിങ്ങൾക്കു മുൻപിൽ നിൽക്കുന്നത്. എല്ലാ സ്ത്രീകൾക്കും വോട്ടവകാശം വേണമെന്ന ആവശ്യം സൂസൻ ഉന്നയിച്ചെങ്കിലും അതിനുശേഷം 16 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു സ്ത്രീകൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ.
1917 മാർച്ച് എട്ടിനാണ് റഷ്യയിൽ ഫെബ്രുവരി വിപ്ലവം ആരംഭിക്കുന്നത്. സാർ ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചിരുന്ന തൊഴിലാളികൾ ആരംഭിച്ച സമരത്തോട് അന്തർദേശീയ വനിതാദിനം ആഘോഷിക്കുന്ന സ്ത്രീകൾകൂടി ചേർന്നപ്പോഴാണ് വിപ്ലവം ശക്തിപ്പെട്ടത്. ഒരുലക്ഷത്തിലധികം ആളുകളാണ് സെന്റ് പീറ്റേഴ്സ് ബർഗിൽ ഒത്തുകൂടിയത്. ദിവസങ്ങൾ കഴിയുന്തോറും സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടിവന്നു. സമരത്തെ ഒരുതരത്തിലും തടുക്കാൻ കഴിയാതിരുന്ന സാർ, അധികാരമൊഴിയുകയും തത്ഫലമായി ഒരു താത്ക്കാലിക ഭരണസംവിധാനം നിലവിൽവരികയും ചെയ്തു.
കേരള അഗ്നിശമനസേന പതാകദിനമായി ആചരിക്കുന്നത് മാർച്ച് എട്ടാം തീയതിയാണ്. സേനയുടെ നേതൃത്വത്തിൽ നടത്തിയ അതിനിർണ്ണായകമായ ഒരു ദൗത്യവിജയത്തിന്റെ സ്മരണാർഥമാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. 1984 മാർച്ച് എട്ടിന് അമ്പലമുകളിലുള്ള കൊച്ചി എണ്ണശുദ്ധീകരണശാലയിലുണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് റിഫൈനറിയിലെ നാഫ്ത ടാങ്ക് പൊട്ടിത്തെറിച്ചു. കൊച്ചി നഗരത്തെ മുഴുവൻ വിഴുങ്ങാൻപോന്ന അഗ്നിഗോളത്തെ അഗ്നിശമനസേനയിലെ ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വരുതിയിലാക്കി. ഒരു പ്രദേശത്തെ മുഴുവൻ ചുടലക്കാടാക്കി മാറ്റുമായിരുന്ന തീപിടുത്തത്തെ നിയന്ത്രണത്തിലാക്കിയ സേനാംഗംങ്ങളുടെ ധീരതയെ ഓർമ്മിക്കുന്നതിനാണ് എല്ലാ വർഷവും മാർച്ച് 8 ഫയർ സർവീസ് പതാകദിനമായി ആചരിക്കുന്നത്.
ക്വാലലംപൂരിൽനിന്ന് ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എം എച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്ന് വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്ന സംവിധാനവും തകരാറിലായി. വിമാനം കടലിൽ തകർന്നുവീണതാണെന്നും ഹൈജാക്ക് ചെയ്തതാണെന്നുമുള്ള റിപ്പോർട്ടുകൾ അതിനിടെ പുറത്തെത്തി. സർക്കാർതലത്തിലും ചൈനയുടെയും ഒാസ്ട്രേലിയയിലൂടെയും സഹായത്തോടെയും മൂന്നുവർഷത്തോളം തിരച്ചിൽ നടത്തി. പലയിടത്തുനിന്നും എം എച്ച് 370 ന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. എന്നാൽ കൂടുതൽ തെളിവുകൾ ഇല്ലാതായതോടെ തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു.

