1912 മെയ് 18 നാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമയായ ശ്രീ പുണ്ഡലിക് തിയേറ്ററുകളിലെത്തുന്നത്. രാമചന്ദ്ര ഗോപാൽ എന്നുകൂടി അറിയപ്പെടുന്ന ദാദാസാഹെബ് തോർണെ ആണ് ഈ നിശ്ശബ്ദചിത്രം സംവിധാനം ചെയ്തത്. തോർണെയും സഹപ്രവർത്തകരും ചേർന്നാണ് തിരക്കഥ രചിച്ചത്. ഇന്ത്യയിലാണ് ചിത്രീകരിച്ചതെങ്കിലും തുടർന്നുള്ള പ്രോസസിംഗ് നടത്തിയത് ലണ്ടനിൽ വച്ചാണ്. 22 മിനിറ്റായിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ഒരു മറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായതിനാലും ക്യാമറാമാനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്തവരും വിദേശികളായതിനാലും ഇതിനെ ആദ്യ ഇന്ത്യൻ സിനിമയായി കണക്കാക്കുന്നില്ല.
1974 മേയ് 18 ന് രാവിലെ 8.05 നായിരുന്നു ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം. രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം നടന്നത് ബുദ്ധപൂർണ്ണിമ ദിനത്തിലായതിനാൽ സ്മൈലിംഗ് ബുദ്ധ എന്നായിരുന്നു പരീക്ഷണത്തിന് പേരിട്ടിരുന്നത്. ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണം കൂടിയായിരുന്നു പൊഖ്റാനിലെ പരീക്ഷണം. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിര അംഗമല്ലാത്ത ഒരു രാജ്യം നടത്തിയ ആദ്യത്തെ ആണവപരീക്ഷണം എന്ന പ്രത്യേകതയും ഈ പരീക്ഷണത്തിനുണ്ട്. പരീക്ഷിച്ച ബോംബിന്റെ പ്രഹരശേഷി 8 മുതൽ 12 കിലോടൺ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കയും മറ്റു രഹസ്യാന്വേഷണ ഏജൻസികളും കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നതാണ് ഈ പരീക്ഷണത്തിന്റെ മറ്റൊരു പ്രത്യേകത. 1968 ൽ ന്യൂക്ലിയർ നോൺപ്രൊലിഫറേഷൻ ഉടമ്പടി അവസാനിപ്പിച്ച് ആറുവർഷത്തിന്നു ശേഷമായിരുന്നു ഇന്ത്യയുടെ പരീക്ഷണം.
1980 മെയ് 18 നാണ് അമേരിക്കയിലെ വാഷിംഗ്ടണിനടുത്തുള്ള മൗണ്ട് സെന്റ് ഹെലൻ അഗ്നിപർവതത്തിൽ സ്ഫോടനമുണ്ടായത്. വടക്കേ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമായിരുന്നു ഇത്. റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തോടെ ഉണ്ടായ സ്ഫോടനത്തിൽ 25 കിലോമീറ്ററോളം ദൂരത്തിൽ കല്ലും ചാരവും ചിതറിത്തെറിച്ചു.