Tuesday, December 3, 2024

ചരിത്രത്തിൽ ഈ ദിനം: നവംബർ 12

1930 നവംബർ 12 നായിരുന്നു ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചത്. ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടനിൽ പുതുതായി അധികാരത്തിൽവന്ന ലേബർ പാർട്ടി, ഇന്ത്യയ്ക്ക് പുതിയൊരു ഭരണഘടന നിർമിക്കുമെന്നു പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം അറിയാനായാണ് ലണ്ടനിൽ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഇതിന്റെ അധ്യക്ഷൻ. ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയനേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു. എന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ നേതാക്കളിൽ നിരവധിപേരും ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല.

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 നായിരുന്നു. ദളിതരായവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച്, തിരുവിതാംകൂർ മഹാരാജാവാണ് ഈ വിളംബരത്തിൽ ഒപ്പുവച്ചത്. രണ്ടു പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ടി. കെ. മാധവൻ, കുഞ്ചുപ്പണിക്കർ തുടങ്ങിയവരാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. 1936 മെയ് ഒൻപതിന് തിരുവനന്തപുരത്തുവച്ച് ക്ഷേത്രപ്രവേശന കോൺഫറൻസ് സംഘടിപ്പിച്ചു. കോൺഫറൻസ് നടന്ന് അഞ്ചു മാസങ്ങൾക്കുശേഷം അസാധാരണമായ ഒരു ഗസറ്റിലൂടെ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു.

ജർമൻ സമ്പദ് വ്യവസ്ഥയിൽനിന്ന് യഹൂദരെ വിലക്കിക്കൊണ്ട് നാസി ജർമനി ഉത്തരവ് പുറപ്പെടുവിച്ചത് 1938 നവംബർ 12 നായിരുന്നു. നാല് ആർട്ടിക്കിളുകൾ ഉള്ളതായിരുന്നു ഉത്തരവ്. ഇതുപ്രകാരം ചെറുകിടവ്യാപാരങ്ങൾ നടത്തുന്നതിനും കരകൗശലസാധനങ്ങൾ നിർമിക്കുന്നതിനും യഹൂദർക്ക് കഴിയാതായി. മാർക്കറ്റിലോ, പ്രദർശനങ്ങളിലോ, മേളകളിലോ, യഹൂദർ തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയോ, വിൽക്കുകയോ, അവയുടെ പരസ്യം നൽകുകയോ ചെയ്യരുതെന്നും നിയമം നിഷ്കർഷിച്ചു. ജൂതന്മാർ ഏതെങ്കിലും കമ്പനികളിൽ മാനേജർ പദത്തിലിരിക്കുന്നതും സഹകരണസ്ഥാപനങ്ങളിൽ അംഗങ്ങളാകുന്നതും നിയമം വിലക്കി.

മഹാത്മാഗാന്ധി ആദ്യമായി ആകാശവാണിയിൽ (AIR) തത്സമയ സംപ്രേക്ഷണം നടത്തിയത് 1947 നവംബർ 12 നായിരുന്നു. പാക്കിസ്ഥാനിൽനിന്ന് പലായനം ചെയ്ത് കുരുക്ഷേത്രയിൽ ക്യാമ്പ് ചെയ്യുന്ന അഭയാർഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായി, നവംബർ 12 ന് ഇന്ത്യ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിംഗ് ദിനം ആഘോഷിക്കുന്നു. എ. ഐ. ആർ. ആർക്കൈവ്സ് ലൈബ്രറിയിൽ ഗാന്ധിജിയുടെ ആദ്യത്തെയും അവസാനത്തെയും പ്രാർഥനാപ്രസംഗങ്ങൾ ഉൾപ്പെടെയുള്ള ഒരു ശേഖരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News