ഒന്നാം ലോക മഹായുദ്ധസമയത്ത് ഈജിപ്തിൽ ബ്രിട്ടീഷ് സൈനികരുടെ ചാപ്ലെയ്ൻ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഓസ്വാൾഡ് ചേമ്പേഴ്‌സ് മരിക്കുന്നത്. 1917 നവംബർ 15 നായിരുന്നു അത്. അദ്ദേഹത്തിന്റെ വിധവയായ ജെട്രൂഡ് പിന്നീടുള്ള അവരുടെ ജീവിതകാലം ചിലഴിച്ചത് അദ്ദേഹത്തിന്റെ കുറിപ്പുകളും പ്രഭാഷണങ്ങളും കൂട്ടിച്ചേർത്ത് പുസ്തകങ്ങളാക്കാനാണ്. അതിൽ ‘മൈ അറ്റ്മോസ്റ് ഫോർ ഹിസ് ഹയസ്റ്റ്’ (My Utmost for His Highest) ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചു.
ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയായ ലീഗ് ഓഫ് നേഷൻസിന്റെ ആദ്യസമ്മേളനം നടന്നത് 1920 നവംബർ 15 നാണ്. 1919 ൽ പാരീസിൽ നടന്ന സമാധാന സമ്മേളനത്തിലാണ് ഇത്തരമൊരു സമാധാന സഖ്യത്തിന് രൂപരേഖയായത്. 41 അംഗരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ആദ്യസമ്മേളനത്തിനായി ജനീവയിൽ ഒത്തുചേർന്നത്. അന്നത്തെ ലോകജനസംഖ്യയുടെ 70 ശതമാനത്തോളം ആളുകളെ ഉൾക്കൊള്ളുന്നതായിരുന്നു ആ രാജ്യങ്ങൾ. സ്വയംഭരണാധികാരവും പൂർണ്ണസ്വാതന്ത്ര്യവുമുള്ള രാജ്യങ്ങൾക്കായിരുന്നു ലീഗ് ഓഫ് നേഷൻസിൽ അംഗങ്ങളാകാൻ കഴിഞ്ഞിരുന്നത്. പലപ്പോഴായി 63 രാജ്യങ്ങൾ ഇതിൽ അംഗങ്ങളായി. നിരവധി അന്താരാഷ്ട്ര വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിട്ടുണ്ടെങ്കിലും 1939 ൽ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധം ഈ സംഘടനയുടെ അന്ത്യം കുറിച്ചു.
1949 നവംബർ 15 നാണ് ഗാന്ധിജിയുടെ ഘാതകരായ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ തൂക്കിലേറ്റിയത്. 1948 ജനുവരി 30 ന് ഗാന്ധിജിക്കുനേരെ വെടിയുതിർത്ത ഗോഡ്സെയുടെയും അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്ന ആപ്തെയുടെയും വധശിക്ഷ അംബാല ജയിയിലാണ് നടപ്പിലാക്കിയത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കുശേഷം നവംബർ എട്ടിനാണ് ഗോഡ്സെയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.
ഇന്ത്യയിലെ 28-ാമത്തെ സംസ്ഥാനമായി ജാർഖണ്ഡ് നിലവിൽ വന്നത് 2000 നവംബർ 15 നായിരുന്നു. ബീഹാർ റീഓർഗനൈസേഷൻ നിയമം വഴിയാണ് പുതിയ സംസ്ഥാനം രൂപീകരിച്ചത്. പ്രമുഖ ആദിവാസിനേതാവായിരുന്ന ബിർസ മുണ്ടയുടെ ജന്മവാർഷികദിനത്തിലാണ് സംസ്ഥാനം രൂപപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം ബീഹാറിന്റെ ഭാഗമായി മാറിയെങ്കിലും, സ്വന്തമായ സംസ്ഥാനപദവിക്കുവേണ്ടി അന്നുമുതൽ ജാർഖണ്ഡിൽ ആവശ്യം ശക്തമായിരുന്നു. 50 വർഷത്തിലധികം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പ്രദേശത്തിന് സംസ്ഥാനപദവി കൈവന്നത്. ധാതുനിക്ഷേപങ്ങളാൽ സമ്പന്നവും 29 ശതമാനത്തോളം വനഭൂമിയുള്ളതുമായ പ്രദേശമാണ് ജാർഖണ്ഡ്.