നൈജീരിയയിലെ വാരി രാജാവ്, തന്റെ രാജ്യത്തേക്ക് മിഷനറിമാരെ അയയ്ക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ സമയത്തെ മാർപാപ്പയായ ഇന്നസെന്റ് പത്താമാന് കത്തെഴുതിയത് 1652 നവംബർ 20 നായിരുന്നു. രാജാവിന്റെ കത്തിനു മറുപടിയായി, നാലു വർഷത്തേക്ക് കപ്പൂച്ചിൻ സന്യാസിമാരെ മാർപാപ്പ അയച്ചു.
1917 നവംബർ 20 നാണ് ആദ്യമായി ഒരു യുദ്ധത്തിൽ ടാങ്കറുകൾ ഉപയോഗിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമനിയും ഇംഗ്ലണ്ടും തമ്മിൽ നടന്ന കാംബ്രായ് യുദ്ധത്തിലായിരുന്നു 476 ടാങ്കറുകൾ യുദ്ധത്തിൽ പങ്കെടുത്തത്. അതിൽ 378 എണ്ണം ഫൈറ്റിംഗ് ടാങ്കറുകളും ബാക്കിയുള്ളവ യുദ്ധസാമഗ്രികൾ വിതരണം ചെയ്യാനുള്ള സർവീസ് ടാങ്കറുകളുമായിരുന്നു. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടീഷ് സൈന്യം മുന്നേറ്റം നേടിയെങ്കിലും നവംബർ 30 ന് ജർമനി നടത്തിയ തിരിച്ചടിയിൽ അവർക്ക് പിൻവാങ്ങേണ്ടിവന്നു.
1967 നവംബർ 20 നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്. രോഹിണി സീരീസിൽപെട്ട ആർ. എച്ച്. 75 എന്ന റോക്കറ്റാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ റോക്കറ്റ്. രോഹിണി സീരീസിൽപെട്ട രണ്ട് റോക്കറ്റുകൾ അതിനുമുമ്പ് വിക്ഷേപിച്ചിരുന്നെങ്കിലും അവ റഷ്യയിൽനിന്നും, ഫ്രാൻസിൽനിന്നും ഇറക്കുമതി ചെയ്തവയായിരുന്നു. മൂന്നാമത്തേതായിരുന്നു ഐ. എസ്. ആർ. ഒ. യുടെ നേതൃത്വത്തിൽ നിർമിച്ച ആർ. എച്ച്. 75. കേരളത്തിലുള്ള തുമ്പയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. 75 മില്ലീമീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവും 32 കിലോഗ്രാം ഭാരവുമുള്ളതായിരുന്നു റോക്കറ്റ്.