മെയ് ഫ്ളവർ കോംപാക്ട് എന്നറിയപ്പെടുന്ന രേഖ ഒപ്പുവച്ചത് 1620 നവംബർ 21 നായിരുന്നു. അമേരിക്കയിൽ കോളനികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടൻ നടത്തിയ കപ്പൽയാത്രയ്ക്കിടെയാണ് ഈ രേഖ ഒപ്പുവച്ചത്. ബ്രിട്ടൻ സ്ഥാപിച്ച വിർജീനിയ കോളനിയിലേക്ക് കൂടുതൽ താമസക്കാരെ എത്തിക്കുന്നതിനായി മെയ് ഫ്ളവർ എന്ന കപ്പലിൽ 102 സഞ്ചാരികൾ യാത്ര തിരിച്ചു. കാൽവിനിസ്റ്റ് വിഭാഗമായ പ്യൂരിറ്റൻ തീർഥാടകരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കാറ്റ് അനുകൂലമല്ലാതിരുന്നതുകൊണ്ടും കടൽ പ്രക്ഷുബ്ധമായതുകൊണ്ടും കപ്പലിന് ലക്ഷ്യം വച്ച തീരത്ത് അടുക്കാനായില്ല. അത് യാത്രക്കാർക്കിടയിൽ അസ്വസ്ഥതകളുണ്ടാക്കി. അത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്കിടെ മെയ്ഫ്ളവർ കോംപാക്ട് എന്നറിയപ്പെടുന്ന രേഖ ഒപ്പുവച്ചത്. ചെന്നിറങ്ങുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന ഭരണക്രമത്തോട് യാത്രക്കാരെല്ലാവരും തങ്ങളുടെ അനുഭാവം പ്രഖ്യാപിക്കുന്നതായിരുന്നു ഈ രേഖ. യാത്രികരായുണ്ടായിരുന്ന പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും രേഖയിൽ ഒപ്പുവച്ചു.
1947 നവംബർ 21 നായിരുന്നു സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത്. പാറിപ്പറക്കുന്ന ദേശീയപതാക ആലേഖനം ചെയ്തതായിരുന്നു സ്റ്റാമ്പ്. മുകളിൽ വലത്തേ അറ്റത്തായി ജയ് ഹിന്ദ് എന്നും മുദ്രണം ചെയ്തിരുന്നു. മൂന്നര അണയായിരുന്നു സ്റ്റാമ്പിന്റെ വില. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇന്ത്യയിൽ ആദ്യ സ്റ്റാമ്പ് ഇറങ്ങിയത്. 1852 ജൂലൈ ഒന്നിനായിരുന്നു അത്. വൃത്താകൃതിയിലായിരുന്ന സ്റ്റാമ്പിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു അന്ന് മുദ്രണം ചെയ്തിരുന്നത്. ബി. സി. ഇരുനൂറുകളുടെ അവസാനത്തിലും മുന്നൂറുകളുടെ ആദ്യത്തിലുമായി ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്താണ് ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽവന്നത് എന്നാണ് കരുതപ്പെടുന്നത്.
1962 ലെ ഇന്ത്യ – ചൈന യുദ്ധം അവസാനിച്ചത് നവംബർ 21 നാണ്. ഒരുമാസം നീണ്ട യുദ്ധം ആരംഭിച്ചത് ഒക്ടോബർ 20 നായിരുന്നു. അപ്രതീക്ഷിതമായാണ് അന്ന് ചൈന ഇന്ത്യയെ ആക്രമിച്ചത്. അരുണാചൽപ്രദേശിലും ലഡാക്കിലും കിലോമീറ്ററുകളോളം ചൈനീസ് സൈന്യം കടന്നുകയറി. നവംബർ 21 ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. ചൈന അരുണാചൽപ്രദേശിൽനിന്നു പിൻവാങ്ങിയെങ്കിലും ഇന്ത്യയുടെ ഭാഗമായിരുന്ന ജനവാസമില്ലാത്ത അക്സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റർ ഇന്നും ചൈനയുടെ അധീനതയിലാണ്.